പരിസരപഠനം നേരിൽ പഠിപ്പിക്കാൻ തേൻകുരുവികൾ ക്ലാസിലെത്തി
1450966
Friday, September 6, 2024 1:46 AM IST
കാഞ്ഞങ്ങാട്: ഒരു മഴക്കാലം കഴിയുമ്പോൾ പരിസരങ്ങളിലുണ്ടായ മാറ്റങ്ങൾ നേരിൽ കണ്ടുപഠിക്കാൻ കുട്ടികൾ ക്ലാസ് മുറികളിൽ നിന്ന് പുറത്തിറങ്ങേണ്ട കാലമാണ്. പക്ഷേ കാഞ്ഞങ്ങാട് ബല്ല കടപ്പുറം എംസിബിഎം യുപി സ്കൂളിലെ കുട്ടികൾക്ക് ക്ലാസിലിരുന്നുതന്നെ പരിസ്ഥിതിയുടെയും ജീവിതത്തിന്റെയും വിലപ്പെട്ട പാഠങ്ങൾ കണ്ടുപഠിക്കാൻ അവസരം കിട്ടി. രണ്ടു തേൻകുരുവികൾ വന്ന് കൂടൊരുക്കുന്നതും മുട്ടയിട്ട് അടയിരിക്കുന്നതും കുഞ്ഞ് പുറത്തുവന്ന് ജീവിതത്തിലേക്ക് പറന്നുയരുന്നതുമെല്ലാം അവർ ക്ലാസ് മുറിയിലിരുന്നുതന്നെ നേരിട്ട് നോക്കിക്കണ്ടു.
അധ്യാപകരോ വിദ്യാർഥികളോ പിടിച്ചുകൊണ്ടുവന്നതൊന്നുമല്ല. താനേ വന്ന് ക്ലാസ് മുറിയിലെത്തി കൂടുകൂട്ടിയതാണ്. രണ്ട് ബി ക്ലാസ് മുറിയിൽ ചാർട്ട് പേപ്പറുകൾ തൂക്കിയിട്ടിരുന്ന കയറിലാണ് കുരുവികൾ കൂടുകൂട്ടിയത്.
കഴിഞ്ഞ കുറേ നാളുകളായി ഇടയ്ക്കിടെ തേൻകുരുവികൾ സ്കൂളിലെ ക്ലാസ് മുറികളിൽ എത്താറുണ്ടായിരുന്നു. ഒരു അവധിദിനം കഴിഞ്ഞ് ക്ലാസിലെത്തിയപ്പോഴാണ് രണ്ട് ബി ക്ലാസിലെ കയറിൽ തൂങ്ങിയാടുന്ന ചെറിയ കൂട് കുട്ടികളുടെ ശ്രദ്ധയിൽ പെട്ടത്. കുറച്ചുനേരം കഴിഞ്ഞപ്പോൾ കുരുവികളും എത്തി. ആരും ഒച്ചയും ബഹളവുമുണ്ടാക്കി പക്ഷികളെ ഭയപ്പെടുത്തി ഓടിക്കരുതെന്ന് അധ്യാപകർ കുട്ടികൾക്ക് പറഞ്ഞുനല്കി. ഉപദ്രവമൊന്നും ഉണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞതോടെ കുരുവികൾ വീണ്ടും പലതരം നാരുകൾ കൊണ്ടുവന്ന് കുട്ടികളുടെ മുന്നിൽവച്ചുതന്നെ കൂടിന്റെ പണി തുടർന്നു.
അങ്ങനെ മൂന്നുദിവസം കഴിഞ്ഞപ്പോഴേക്കും കൂട് ഏതാണ്ട് പൂർത്തിയായി. അതിനുള്ളിൽ കുഞ്ഞു മുട്ടകളുണ്ടെന്നും അധ്യാപകരും കുട്ടികളും ദൂരെനിന്ന് നോക്കിക്കണ്ടു. പിന്നെ മുട്ടവിരിഞ്ഞ് കുഞ്ഞിക്കുരുവികൾ വരുന്നതിനായുള്ള കാത്തിരിപ്പായി. കഴിഞ്ഞ ദിവസങ്ങളിൽ കൂട്ടിനുള്ളിൽനിന്ന് കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടുതുടങ്ങി. തള്ളപ്പക്ഷി തന്നെ കുഞ്ഞുങ്ങളെ പുറത്തുകൊണ്ടുവരുന്നതുവരെ വിദ്യാർഥികളും അധ്യാപകരും കാത്തിരുന്നു. ഒടുവിൽ കുഞ്ഞ് പുറത്തുവന്നു. ഒരു കുഞ്ഞ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കൂടിനു പുറത്തേക്ക് ചിറകടിച്ചു പറന്ന കുഞ്ഞിക്കിളി ആദ്യം പലതവണ വീണുപോയെങ്കിലും പിന്നെ വീണ്ടും പറന്നുയർന്നു. ഒടുവിൽ തള്ളപ്പക്ഷിക്കൊപ്പം ക്ലാസ് മുറിയുടെ പുറത്തേക്ക് പറന്നകന്നു. ഇടറിയും വീണും ഏറെനേരംകൊണ്ട് കുഞ്ഞിക്കിളി പറക്കാൻ പഠിക്കുന്നത് കുട്ടികൾ ശ്വാസമടക്കിപ്പിടിച്ച് നോക്കിക്കണ്ടു. വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് ജീവിതവഴികളിലേക്ക് പറന്നുയരാനുള്ള ആദ്യപാഠമായി അത് അവരുടെ മനസ്സിലും നിറഞ്ഞിട്ടുണ്ടാകണം.
ഇനി തള്ളപ്പക്ഷിയും കുഞ്ഞും ക്ലാസ് മുറിയിലെ കൂട്ടിലേക്ക് തിരികെ വരുമോ എന്നറിയില്ല. എന്നാലും അവരെ കാത്ത് കൂട് ഇവിടെത്തന്നെ നിലനിർത്താനാണ് കുട്ടികളുടെ തീരുമാനം.
ഇത്രയും കുട്ടികൾ നിറഞ്ഞ ക്ലാസ് മുറിയിൽ കൂടൊരുക്കാൻ പക്ഷികൾ കാണിച്ച ധൈര്യമാണ് അധ്യാപകർക്കും അത്ഭുതമാകുന്നത്. എത്ര നിയന്ത്രിച്ചാലും കുട്ടികൾക്കായാലും അധ്യാപകർക്കായാലും കുറച്ചെങ്കിലും ശബ്ദമുണ്ടാക്കാതെ തരമില്ലല്ലോ. പക്ഷേ അതൊന്നും അവയ്ക്ക് പ്രശ്നമായിരുന്നില്ല. ഒരുപക്ഷേ നഗരത്തിലെ ഒച്ചയും ബഹളവുമായി പൊരുത്തപ്പെട്ടതുകൊണ്ടാവണം. അധ്യാപിക ക്ലാസെടുക്കുന്നതിനിടയിലാണ് കുഞ്ഞിക്കിളി കൂട്ടിൽനിന്ന് പുറത്തുവന്ന് പറക്കാൻ പഠിച്ചുതുടങ്ങിയത്. പാഠപുസ്തകങ്ങളിൽനിന്നു മാത്രമായി കിട്ടാത്ത ജീവിതത്തിന്റെ വലിയ പാഠങ്ങളാണ് ഈ പക്ഷികൾ കുട്ടികളെ പഠിപ്പിച്ചതെന്ന് മുഖ്യാധ്യാപകൻ നാസർ കല്ലൂരാവി പറയുന്നു.