തൊഴിലുറപ്പ് പദ്ധതിയിൽ മുള കൃഷി
1450533
Wednesday, September 4, 2024 7:19 AM IST
പനത്തടി: തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മുളന്തോട്ടം കൃഷി പ്രവർത്തിക്ക് തുടക്കമിട്ട് പനത്തടി പഞ്ചായത്ത്. ചാമുണ്ഡിക്കുന്നിലെ തുമ്പോടി ടി. കൃഷ്ണ നായ്ക്കിന്റെ ഒരേക്കർ പതിനഞ്ച് സെന്റ് സ്ഥലത്താണ് മുളകൾ വച്ചു പിടിപ്പിച്ചത്.
തൈകൾ വച്ചുപിടിപ്പിച്ച് നാലരവർഷം മുതൽ മുളകൾ വാണിജ്യാടിസ്ഥാനത്തിൽ വില്പന നടത്താൻ സാധിക്കുമെന്നും ഒരേക്കർ സ്ഥലത്തെ കൃഷിയിടത്തിൽ നിന്നും മൂന്നുലക്ഷം രൂപ മുതൽ വരുമാനം ലഭിക്കുമെന്നും പറയുന്നു.
കോഴിക്കോട് കല്ലായിയിൽ പ്രവർത്തിക്കുന്ന അർബൻ കിസാൻ മൾട്ടി ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആണ് ഇവിടെ മുളന്തൈകൾ നൽകിയത്. ഒരു മുള ന്തൈക്ക് സബ്സിഡി തുക കഴിച്ച് 150 രൂപയാണ് വില. പ്രവർത്തിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിർവഹിച്ചു. വാർഡ് മെംബർ കെ.എസ്. പ്രീതി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം. ചാക്കോ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തംഗങ്ങളായ കെ.കെ വേണുഗോപാൽ, എൻ. വിൻസന്റ്, പഞ്ചായത്ത് അസി. സെക്രട്ടറി എം. വിജയകുമാർ എന്നിവർ പ്രസംഗിച്ചു. തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എൻജിനിയർ വി. ആതിര സ്വാഗതവും വി.ആർ. മഞ്ജുഷ നന്ദിയും പറഞ്ഞു.