തീരദേശ ഹൈവേ അലൈൻമെന്റ്: സംയുക്ത സ്ഥലപരിശോധന നടത്താൻ തീരുമാനം
1442091
Monday, August 5, 2024 1:57 AM IST
തൃക്കരിപ്പൂർ: വലിയപറമ്പ് പഞ്ചായത്തിൽ നിർദിഷ്ട തീരദേശ ഹൈവേയുടെ അലൈൻമെന്റിൽ മാറ്റം വരുത്തിയെന്ന ആരോപണത്തെ തുടർന്ന് സംയുക്ത സ്ഥല പരിശോധന നടത്താൻ ഇന്നലെ എം.രാജഗോപാലൻ എംഎൽഎയുടെ നേത്യത്വത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ ധാരണ.
പഞ്ചായത്തിന്റെ തെക്കുഭാഗത്ത് അഞ്ചാം വാർഡിൽ നിന്നുള്ള കുടുംബങ്ങളാണ് പരാതിയുമായി എത്തിയത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും, അലൈൻമെന്റ് രൂപപ്പെടുത്തിയ ഐഡെക്ക് അധികൃതരും ചേർന്നാണ് സ്ഥല പരിശോധന നടത്തുക. ദ്വീപ് പഞ്ചായത്തായ വലിയപറമ്പിലൂടെ 15 കിലോമീറ്റർ നീളത്തിലാണ് തിരദേശ ഹൈവേ കടന്നു പോകുന്നത്.
ഇതിൽ അഞ്ചാം വാർഡിൽ ഉൾപ്പെടുന്ന 4.6 കിലോമീറ്റർ ഭാഗത്താണ് സംയുക്ത പരിശോധന നടത്തുക.
രണ്ടുവർഷം മുമ്പ് നാട്ടുകാരുടെ മുമ്പാകെ വീഡിയോദൃശ്യങ്ങളടക്കം ഉൾപ്പെടുത്തി അലൈൻമെന്റ് പ്രദർശിപ്പിച്ചപ്പോൾ അഞ്ചാം വാർഡിൽ നിന്ന് ഒരു വീട് മാത്രമാണ് നഷ്ടപ്പെടുന്നതായി പറഞ്ഞിരുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
എന്നാൽ പിന്നീട് വന്ന അലൈൻമെന്റിൽ ഇരുപത്തെട്ടോളം വീടുകളെ ബാധിക്കുന്ന സ്ഥിതിയായിരുന്നു. ഇതോടെയാണ് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തു വന്നത്. പാതയുടെ കല്ലിടൽ ഉൾപ്പെടെ നാട്ടുകാർ തടഞ്ഞിരുന്നു.
ഇതിനിടയിൽ വാർഡിലെ കുടുംബങ്ങളെ രണ്ടായി വിഭജിച്ചാണ് ഇന്നലെ പഞ്ചായത്ത് ഹാളിൽ വിശദീകരണ യോഗം നടത്തിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ, വൈസ് പ്രസിഡന്റ് പി.ശ്യാമള, സ്ഥിരം സമിതി അധ്യക്ഷരായ ഇ.കെ.മല്ലിക, ഖാദർ പാണ്ഡ്യാല, എം.മനോഹരൻ, പഞ്ചായത്തംഗം സി.ദേവരാജൻ, പൊതുമാരാമത്ത് എക്സി. എൻജിനീയർ കെ.പി.വിനോദ്, അസി. എക്സി. എൻജിനീയർ കെ.ജയദീപ്, റോഡ്സ് ആൻഡ് ബ്രിഡ്ജസ് സൈറ്റ് സൂപ്പർവൈസർ അക്ഷയ് സുനിൽ, കെ.വി.ഗംഗാധരൻ, എ.മുഹമ്മദ് ഷാഫി, കെ.വി. ബാലൻ, കെ.വി.രാമചന്ദ്രൻ, കെ.ബീന, പി.രതീഷ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.