വാര്‍ത്താവിനിമയരംഗത്ത് അതിനൂതന ഗവേഷണങ്ങളുമായി പരപ്പ സ്വദേശി
1441945
Sunday, August 4, 2024 7:29 AM IST
പരപ്പ: ഇല്ലായ്മകളുടെ ഇരുട്ടിനെ അറിവിന്റെ കൈത്തിരി കത്തിച്ച് മറികടന്ന പരപ്പ കാരാട്ട് സ്വദേശി ഡോ.എം.കെ.അസ്കറിന് ഗവേഷണം ഒരു പാഷനാണ്.
ദുബായ് യൂണിവേഴ്സിറ്റിയുടെ 1,58,43,410 രൂപയുടെ സ്കോളര്‍ഷിപ്പുമായി വാര്‍ത്താവിനിമയരംഗത്തെ ഏറ്റവും നൂതനമായ ഗവേഷണത്തിനൊരുങ്ങുകയാണ് ഈ ചെറുപ്പക്കാരന്. പരപ്പ ജിഎച്ച്എസ്എസില്‍ നിന്നും പത്താംക്ലാസും ചായ്യോത്ത് ജിഎച്ച്എസ്എസില്‍ നിന്നും പ്ലസ്ടുവും പൂര്‍ത്തിയാക്കിയ അസ്കറിന്റെ സ്വപ്നം എന്ജിനിയറാവുക എന്നതായിരുന്നു.
കാഞ്ഞങ്ങാട് എസ്പീസ് പ്രഫഷണല്‍ എഡ്യുക്കേഷനില്‍ കോച്ചിംഗ് നേടിയ ശേഷം എന്‍ട്രന്‍സ് പരീക്ഷയെഴുതി. കോഴിക്കോട് എന്‍ഐടിയില്‍ പ്രവേശനം നേടിയെങ്കിലും തനിക്ക് പ്രിയപ്പെട്ട ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ബ്രാഞ്ച് ലഭിക്കാത്തതിനാല്‍ കണ്ണൂര്‍ ഗവ.എന്‍ജിനിയറിംഗ് കോളജില്‍ ചേര്‍ന്നു. ഇതിനുശേഷം പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള പൂനെയിലെ ഡിആര്‍ഡിഒയില്‍ (ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന്) ആയിരുന്നു എംടെക് പഠനം.
ഡിആര്‍ഡിഒയിലെ പഠനകാലത്താണ് ഗവേഷണമേഖലയോട് താല്പര്യം തോന്നുന്നത്. എംടെക് പഠനത്തിനുശേഷം ഐഐടി ഭിലായിയില്‍ ഗവേഷണം നടത്താന്‍ അവസരം ലഭിച്ചു. 6ജി മൊബൈല്‍ കമ്യൂണിക്കേഷനില്‍ വിജയകരമായി ഗവേഷണം പൂര്‍ത്തിയാക്കി. ഈ മേഖലയിലെ ഗവേഷണം അസ്കറിനു മുന്നില്‍ നിരവധി അവസരങ്ങള്‍ തുറന്നുകൊടുത്തു. 6ജി മൊബൈല്‍ കമ്യൂണിക്കേഷനില്‍ ആറ് അന്താരാഷ്ട്ര പ്രബന്ധങ്ങള്‍ ഇതുവരെ അവതരിപ്പിച്ചു.
മൂന്നു ജേര്‍ണല്‍ പ്രബന്ധങ്ങളും ഉക്രെയ്ന്, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ രണ്ട് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് പ്രബന്ധങ്ങളും ഒരു ബുക്ക് ചാപ്റ്ററും അവതരിപ്പിച്ചു. ഡല്‍ഹിയില്‍ നടന്ന ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസില്‍ പ്രഭാഷണത്തിന് ക്ഷണിതാവായി. ഐഐടി മാണ്ഡിയുടെ മികച്ച പോസ്റ്റര്‍ പ്രസന്റേഷനുള്ള അവാര്‍ഡും നേടി.
അടുത്തതായി ദുബായ് യൂണിവേഴ്സിറ്റിയുടെ കീഴിൽ പോസ്റ്റ് ഡോക്ടറല്‍ റിസര്ച്ചിനൊരുങ്ങുകയാണ് അസ്കര്‍. കൃത്രിമ ഉപഗ്രഹങ്ങള്‍ക്കിടയില്‍ ലേസര്‍ ഉപയോഗിച്ചു കൊണ്ടുള്ള വാര്‍ത്താവിനിമയം എന്നതാണ് വിഷയം.
മൂന്നുവര്‍ഷം നീളുന്ന ഗവേഷണം ദുബായ്, ഗ്ലാസ്ഗോ (സ്കോട്ട്ലന്‍ഡ്), കേംബ്രിഡ്ജ് (ഇംഗ്ലണ്ട്) എന്നിവിടങ്ങളിലായാണ് നടത്തുക. സുബൈദയുടെയും മുഹമ്മദലിയുടെയും മകനാണ്. ചേച്ചി തഫ്സീറ അധ്യാപികയും അനുജത്തി തന്‍സീറ സോഫ്റ്റ്വേര്‍ എന്‍ജിനിയറും (സൈബര്‍ പാര്‍ക്ക്, കോഴിക്കോട്) ആണെങ്കില്‍ അനുജന് അന്‍വര്‍ ജ്യേഷ്ഠന്റെ പാത പിന്തുടര്ന്ന് ഗവേഷണമേഖലയിലുണ്ട്.
റാഞ്ചിയിലെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നാനോ ടെക്നോളജിയില്‍ പ്രീഡോക്ടറല്‍ റിസര്‍ച്ച് ചെയ്യുകയാണ് അന്‍വര്‍.