കനാല്‍ തകര്‍ന്ന് വന്‍ കൃഷിനാശം
1441506
Saturday, August 3, 2024 1:06 AM IST
മഞ്ചേശ്വരം: കനാല്‍ തകര്‍ന്ന് പുത്തിഗെയില്‍ വന്‍കൃഷിനാശം. കന്തലായത്തെ മുഹമ്മദ്കുഞ്ഞി, ആദം എന്നിവരുടെ കൃഷിയിടമാണ് നശിച്ചത്. കനാല്‍ തകര്‍ന്ന് ഇരുവരുടെയും കമുകിന്‍തോട്ടത്തിലൂടെ വെള്ളം കുത്തിയൊഴുകി 80 ഓളം കമുകുകളും നിരവധി വാഴകളും തെങ്ങുകളും കടപുഴകിവീണു.
കൃഷിയിടത്തില്‍ നിന്നും വലിയ തോതില്‍ മണ്ണൊലിച്ചുപോയി ആഴത്തിലുള്ള ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. ഷിറിയ അണക്കെട്ടില്‍ നിന്ന് അംഗടിമുഗര്‍ വരെ കൃഷി ആവശ്യത്തിനായി നിര്‍മിച്ച കനാല്‍ കന്തല്‍ ഗുര്മിനടുക്കയിലാണ് തകര്‍ന്നത്. കന്തല്‍ എഎല്‍പി സ്കൂള്‍, ജുമാ മസ്ജിദ്, മദ്രസകളിലേക്കും കോടി, മദക്കമൂല ഭാഗങ്ങളിലേക്കും മണ്ണൊലിപ്പുണ്ടായി നടപ്പാതകളടക്കം ഒലിച്ചുപോയി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും സംഭവസ്ഥലത്തെത്തി.
കനാല്‍ പുനര്‍നിര്‍മിക്കാനും തോട്ടം ഉടമകള്‍ക്ക് കൃഷിയിടം പൂര്‍വസ്ഥിതിയില്‍ തിരിച്ചുകൊണ്ടു വരാനുമുള്ള സാമ്പത്തികസഹായം ലഭ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.