റാണിപുരത്തു നിന്നും മടങ്ങിയ ബംഗളൂരു സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു
1440454
Tuesday, July 30, 2024 2:02 AM IST
റാണിപുരം: റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തിൽ നിന്നു മടങ്ങുകയായിരുന്ന ബംഗളൂരു സ്വദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ പെരുതടി അങ്കണവാടിക്കു സമീപത്തെ വളവിലാണ് അപകടമുണ്ടായത്.
ഇവർ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് റോഡിന് താഴെയുള്ള കുഴിയിലേക്ക് ചെരിയുകയായിരുന്നു. റോഡിന് താഴെയായി ഉണ്ടായിരുന്ന കമുകിൽ തട്ടി കാർ നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.
കാലങ്ങളായി സ്ഥിരം അപകടം സംഭവിക്കുന്ന ഇവിടെ മതിയായ സൂചന ബോർഡുകളോ മറ്റു സംവിധാനങ്ങളോ ഒരുക്കാൻ അധികൃതർ തയാറായിട്ടില്ല എന്ന ആക്ഷേപമുണ്ട്.
മുമ്പ് ബസ് അപകടം അടക്കം നിരവധി അപകടം സംഭവിച്ച സ്ഥലമാണ് ഇത്. കുത്തനെ ഇറക്കവും നിരവധി കൊടും വളവുകളും ഉള്ള ഈ റോഡിൽ മറ്റു പല സ്ഥലങ്ങളിലും അപകട സാധ്യത ബോർഡുകൾ സ്ഥാപിക്കാനുണ്ട്.
ഇന്നലെ അപകടം നടന്ന സ്ഥലത്ത് നേരത്തേ ഉണ്ടായിരുന്ന ഒരു ബോർഡ് മുമ്പ് അപകടത്തിൽപ്പെട്ട വാഹനം തട്ടി മറിഞ്ഞ് വീണ നിലയിലാണ്.
അധികൃതർ ഇടപെട്ട് ഇവിടെ എത്രയും വേഗം ആവശ്യത്തിന് സൂചനാ ബോർഡുകളും വേഗത കുറക്കുന്നതിന് ഡിവൈഡറുകളും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.