കെ.എം.മാണി സ്മാരക കാരുണ്യ ഐഎഎസ് അക്കാദമി രണ്ടാംവർഷത്തിലേക്ക്
1440163
Monday, July 29, 2024 2:15 AM IST
തൃക്കരിപ്പൂർ: എം.പി.ജോസഫ്സ് ജ്ഞാനകേന്ദ്രയുടെ നേതൃത്വത്തിലുള്ള കെ.എം.മാണി സ്മാരക കാരുണ്യ ഐഎഎസ് അക്കാദമി തൃക്കരിപ്പൂരിൽ നിന്ന് ഒരു ജില്ലാ കളക്ടർ എന്ന ലക്ഷ്യം മുൻ നിർത്തി നടത്തി വരുന്ന സൗജന്യ ജൂണിയർ ഫൗണ്ടേഷൻ കോഴ്സിലേക്കുള്ള വിദ്യാർഥികളുടെ പ്രവേശന പരീക്ഷ നടത്തി. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി എം.പി.ജോസഫ് നേതൃത്വം വഹിക്കുന്ന അക്കാദമി നടത്തി വരുന്ന പരിശീലനം രണ്ടാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ 60 സ്കൂളുകളിൽ നിന്നായി ഏഴാം ക്ലാസിൽ പഠിക്കുന്ന 380 ഓളം വരുന്ന വിദ്യാർഥികൾക്കായി പരീക്ഷ നടത്തിയത്.
ഓഗസ്റ്റ് ഒന്നിന് ഫലമറിയാം. തെരഞ്ഞെടുക്കപ്പെടുന്ന 100 വിദ്യാർഥി-വിദ്യാർഥിനികൾക്കായി ഓഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ കൂടിക്കാഴ്ച നടത്തും. ഉന്നത സ്ഥാനം ലഭിക്കുന്ന 60 പേർക്കാണ് ഈ വർഷത്തെ സൗജന്യ ജൂണിയർ ഫൗണ്ടേഷൻ കോഴ്സിൽ പ്രവേശനം. ക്ലാസുകൾ ഓഗസ്റ്റ് 11ന് തുടങ്ങും. തൃക്കരിപ്പൂർ ജിവിഎച്ച്എസ്എസിൽ നടന്ന പരിപാടി സിനിമാ താരം പി.പി.കുഞ്ഞികൃഷ്ണൻഉദ്ഘാടനം ചെയ്തു.
അക്കാദമി ചെയർമാൻ എം.പി.ജോസഫ് അധ്യക്ഷതവഹിച്ചു. ഫെയ്സ് കാമ്പസ് ഡയറക്ടർ ഇ.മുഹമ്മദ് തസ്നീം, മുഹമ്മദ് മുർഷിദ്, കെ.വി.രാഘവൻ, കെ.ശ്രീധരൻ,എം.ടി.പി.കരീം, എം.ടി.പി.മുഹമ്മദ് കുഞ്ഞി, ഡോ.കെ.സുധാകരൻ, പി.ശശിധരൻ, ഇ.വി.ദാമോദരൻ, ഇ.എം.സോജു എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ അധ്യയന വർഷം ജൂണിയർ ഫൗണ്ടേഷൻ കോഴ്സ് പൂർത്തിയാക്കിയ 60 വിദ്യാർഥി-വിദ്യാർഥിനികൾക്ക് ഈ വർഷം സൗജന്യ മിഡ് ലെവൽ ഫൗണ്ടേഷൻ കോഴ്സ് തുടരുന്നുണ്ട്.