കാണിയൂർ പാതയിലും കാസർഗോഡിനെ കൈവിട്ട് സംസ്ഥാന സർക്കാർ
1436607
Wednesday, July 17, 2024 12:30 AM IST
കാസർഗോഡ്: എയിംസിനു പിന്നാലെ കാഞ്ഞങ്ങാട്-കാണിയൂർ റെയിൽപാതയുടെ കാര്യത്തിലും സംസ്ഥാന സർക്കാർ കാസർഗോഡിനെ കൈവിടുന്നതായി ആക്ഷേപം. സംസ്ഥാനത്തിന്റെ വികസന ആവശ്യങ്ങൾ കേന്ദ്രത്തിനു മുന്നിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സർക്കാർ വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിൽ രണ്ട് ആവശ്യങ്ങൾക്കുവേണ്ടിയും ഒറ്റയ്ക്ക് വാദിക്കേണ്ട അവസ്ഥയിലായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ എംപി.
എയിംസിന്റെ കാര്യത്തിൽ കാസർഗോഡിനെ പരിഗണിക്കാനാവില്ലെന്നും കോഴിക്കോട് ജില്ലയിലെ കിനാലൂരല്ലാതെ മറ്റൊരു സ്ഥലവും സംസ്ഥാന സർക്കാരിന്റെ പരിഗണനയിലില്ലെന്നും മുഖ്യമന്ത്രി ഒരിക്കൽകൂടി വ്യക്തമാക്കിയതോടെ കാസർഗോഡിന്റെ സാധ്യതകൾ ഏറെക്കു പൂർണമായും അടഞ്ഞു. ഇനി കേന്ദ്രസർക്കാർ നേരിട്ട് താത്പര്യമെടുത്ത് കേന്ദ്ര സർവകലാശാലയ്ക്കു കീഴിൽ ഒരു മെഡിക്കൽ കോളജ് അനുവദിച്ചേക്കാമെന്ന പ്രതീക്ഷ മാത്രമാണ് ബാക്കിയുള്ളത്.
കർണാടക സർക്കാരിന്റെ ഭാഗത്തുനിന്നുള്ള താത്പര്യക്കുറവാണ് കാണിയൂർ പാത നടപ്പാകാത്തതിന് കാരണമെന്നായിരുന്നു ഇതുവരെയുള്ള പ്രചാരണം. എന്നാൽ, കേരള സർക്കാരും ഇതുവരെ പാതയ്ക്ക് എൻഒസി നല്കിയിട്ടില്ലെന്ന കാര്യം ഉണ്ണിത്താൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഏറെപ്പേരും അറിഞ്ഞത്. കാണിയൂർ പാതയുടെ സർവേ നടന്നതും എസ്റ്റിമേറ്റ് തയാറാക്കിയതും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ്. ഒന്നാം പിണറായി സർക്കാർ വന്നതോടെ തലശേരി-മൈസൂരു പാതയെന്ന ആശയം വീണ്ടും പൊടിതട്ടിയെടുക്കുകയും അതോടെ കാണിയൂർ പാത മുൻഗണനാ പട്ടികയിൽ താഴേക്കു പോവുകയുമായിരുന്നു. ഇന്നലെ നടന്ന ചർച്ചയിലും തലശേരി-മൈസൂരു, നിലമ്പൂർ-നഞ്ചൻകോട് പാതകൾക്കൊപ്പം കാണിയൂർ പാതയുടെ കാര്യവും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ പെടുത്താമെന്ന ഉറപ്പ് മാത്രമാണ് സംസ്ഥാന സർക്കാരിൽ നിന്ന് ലഭിച്ചത്.
കേരളത്തിൽ ജനവാസമേഖലകളിലൂടെയും കർണാടകയിൽ കൂടുതലും വനമേഖലകളിലൂടെയും കടന്നുപോകുന്ന തലശേരി-മൈസൂരു പാതയ്ക്കു വേണ്ടി ഭൂമി ഏറ്റെടുക്കാൻ പ്രയാസമായിരിക്കുമെന്ന് നേരത്തേ പലവട്ടം തെളിഞ്ഞതാണ്. എന്നിട്ടും ഈ പാതയ്ക്കുവേണ്ടി നിർബന്ധം പിടിക്കുന്നത് തലശേരിയോടുള്ള മുഖ്യമന്ത്രിയുടെ പ്രത്യേക താത്പര്യം കൊണ്ടാണെന്ന ആക്ഷേപം സിപിഎമ്മിനുള്ളിൽ തന്നെയുണ്ട്. സംസ്ഥാനം തലശേരി-മൈസൂരു പാതയ്ക്ക് പ്രഥമ പരിഗണന നല്കുമ്പോൾ അതിനെ മറികടന്ന് കേന്ദ്രം കാണിയൂർ പാത തെരഞ്ഞെടുക്കാൻ സാധ്യത കുറവാണെന്നും ചൂണ്ടികാണിക്കപ്പെടുന്നു.
പി. കരുണാകരൻ എംപിയായിരുന്ന കാലത്താണ് ജില്ലയുടെ മലയോര മേഖലയെ റെയിൽവേ ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന കാണിയൂർ പാതയ്ക്കു വേണ്ടിയുള്ള പ്രാഥമിക പ്രവർത്തനങ്ങളും സർവേയും നടന്നത്. നിർദിഷ്ട പാത കടന്നുപോകുന്ന കാഞ്ഞങ്ങാട് മണ്ഡലത്തിലെ എംഎൽഎയായ ഇ. ചന്ദ്രശേഖരനും തുടക്കംമുതൽ തന്നെ പാതയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. എന്നിട്ടും എയിംസിന്റെ കാര്യത്തിലെന്നപോലെ സംസ്ഥാന സർക്കാരിന്റെ എതിർപ്പുമൂലം പദ്ധതി മാറ്റിവയ്ക്കപ്പെടുന്നതിൽ ജില്ലയിലെ എൽഡിഎഫ് നേതാക്കളും അണികളും നിരാശയിലാണ്.