ബേക്കല്‍ ഫെസ്റ്റില്‍ വിറ്റത് നാലരലക്ഷത്തോളം വ്യാജടിക്കറ്റുകളെന്ന് കോണ്‍ഗ്രസ് നേതാക്കൾ
1436082
Sunday, July 14, 2024 7:38 AM IST
കാഞ്ഞങ്ങാട്: ബേക്കല്‍ ബീച്ച് ഫെസ്റ്റിന്റെ ഒന്നും രണ്ടും സീസണുകളില്‍ വിറ്റഴിക്കപ്പെട്ട ടിക്കറ്റുകളില്‍ ഭൂരിഭാഗവും വ്യാജടിക്കറ്റുകളാണെന്നും രണ്ടാം സീസണിലെ നഷ്ടം നികത്താനെന്ന പേരിൽ ബിആര്‍ഡിസിയുടെ തനതുഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ചത് വന്‍ അഴിമതിയാണെന്നും ഡിസിസി വൈസ് പ്രസിഡന്റ് ബി.പി.പ്രദീപ്കുമാര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ടൂറിസം മന്ത്രി മുഹമ്മദ് റിയാസും സംഘാടകസമിതി ചെയര്മാന് സി.എച്ച്.കുഞ്ഞമ്പു എംഎല്‍എയുമാണ് അഴിമതിക്ക് നേതൃത്വം നല്‍കുന്നതെന്നും പ്രദീപ് ആരോപിച്ചു.
ഒറിജിനലിനേക്കാള്‍ കൂടുതൽ വ്യാജ ടിക്കറ്റുകളാണ് ഇത്തവണ വില്പന നടത്തിയത്. നാലരലക്ഷത്തോളം ടിക്കറ്റുകള്‍ ഇത്തരത്തില്‍ വില്പന നടത്തിയിട്ടുണ്ട്. വ്യാജ ടിക്കറ്റുകളില്‍ ബാങ്ക് ഓഫ് ബറോഡയുടെ പരസ്യവുമുണ്ട്. പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നും ഇത്തരത്തില്‍ ലക്ഷങ്ങളുടെ പരസ്യം സ്വീകരിച്ചിട്ടുണ്ടെന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്.
എന്നാല്‍ സംഘാടകസമിതിയുടെ വരവില്‍ എവിടെയും ഈ തുക കാണിച്ചിട്ടില്ല. കെ.എസ്.ചിത്ര, പ്രസീത ചാലക്കുടി, ശാലു മേനോന് തുടങ്ങിയ സെലിബ്രിറ്റികള്‍ മറ്റു സ്ഥലങ്ങളില്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ തുക ഇവിടെ വാങ്ങിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. മാത്രമല്ല, ഇവരുടെ പ്രതിഫലം ചെക്ക് ആയി നല്‍കാതെ ക്യാഷ് ആയി നല്കിയെന്നു പറയുന്നതും സംശയം ജനിപ്പിക്കുന്നതാണ്. സാമ്പത്തിക ഇടപാടുകളിലെ സുതാര്യതയില്ലായ്മയാണ് ഇത് സൂചിപ്പിക്കുന്നത്.
ബേക്കല്‍ ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു വാഹന പാര്‍ക്കിംഗുമായി ബന്ധപ്പെട്ട കരാര്‍ ലഭിച്ചത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠനും ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ശിവപ്രസാദും നേതൃത്വം നല്കുന്ന ഈ സൊസൈറ്റി സര്‍ക്കാര്‍ കരാറുകള്‍ തട്ടിയെടുക്കാനുള്ള ഒരു കടലാസ് സൊസൈറ്റി മാത്രമാണെന്നും പ്രദീപ് ആരോപിച്ചു. കൂടുതല്‍ തുകയ്ക്കുള്ള ക്വട്ടേഷന്‍ വേറെ വന്നിരുന്നെങ്കിലും ഇവര്‍ക്കാണ് കരാര്‍ നല്‍കിയത്.
സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് താന്‍ നല്കിയ പരാതി സര്‍ക്കാര്‍ പൂഴ്ത്തിവെച്ചിരിക്കുകയാണെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായും പ്രദീപ് പറഞ്ഞു. പത്രസമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആര്.കാര്ത്തികേയന്, ജനറല്‍ സെക്രട്ടറി രതീഷ് കാട്ടുമാടം, ഷിബിന്‍ ഉപ്പിലിക്കൈ, എച്ച്.ആര്.വിനീത് എന്നിവരും സംബന്ധിച്ചു.