ആനയ്ക്കു പിന്നാലെ പുലിയും; പൊറുതിമുട്ടി മലയോരം
1435594
Saturday, July 13, 2024 1:39 AM IST
പനത്തടി: കാട്ടാനശല്യം മൂലം പൊറുതിമുട്ടി നില്ക്കുന്നതിനിടെ ഒന്നിലേറെ ഇടങ്ങളിൽ പുലിയുടെ സാന്നിധ്യം കൂടി സ്ഥിരീകരിച്ചതോടെ മലയോരം ആശങ്കയിൽ. പെരുതടിയിലെ ദിലീപിന്റെ വീട്ടിലെ വളർത്തുനായയെ പിടിച്ചത് പുലി തന്നെയാണെന്ന് സ്ഥലത്ത് പതിഞ്ഞ കാല്പാടുകളിൽ നിന്നും വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥലത്ത് നിരീക്ഷണ കാമറയും സ്ഥാപിച്ചു. വ്യാഴാഴ്ച രാത്രിയാണ് കാമറ സ്ഥാപിച്ചത്. ഇന്നലെ രാവിലെ വരെ ഇതിൽ പുലിയുടെ ചിത്രങ്ങളൊന്നും പതിഞ്ഞിട്ടില്ല.
പശുവിനെ പോലുള്ള വലിയ മൃഗങ്ങളെ പിടികൂടിയാൽ ബാക്കിഭാഗം ഭക്ഷിക്കുന്നതിനായി പുലി അടുത്ത ദിവസം രാത്രി വീണ്ടും വരാറുണ്ട്. എന്നാൽ നായയുടെ കാര്യത്തിൽ ഇങ്ങനെ വീണ്ടും വരാൻ സാധ്യതയില്ലെന്ന് ആദിവാസികളും മറ്റും പറയുന്നു. റാണിപുരത്തുനിന്ന് നാലു കിലോമീറ്ററും പനത്തടി ടൗണിൽ നിന്ന് അഞ്ചര കിലോമീറ്ററും മാത്രം അകലെയാണ് ഈ സ്ഥലം. ആനയെയും പുലിയെയും സംബന്ധിച്ച് ഈ ദൂരപരിധി തീരെ ചെറുതാണെന്നത് ആശങ്ക വർധിപ്പിക്കുന്നു. തൊട്ടടുത്ത ചെമ്പംവയൽ പ്രദേശത്തും കഴിഞ്ഞദിവസം പുലിയുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. കോടമഞ്ഞിലും മഴയിലും പുലിയുടെ സാന്നിധ്യം തിരിച്ചറിയാൻ പ്രയാസമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
പ്രദേശത്ത് ചെറിയ കുട്ടികളെ ഒറ്റയ്ക്ക് വിടരുതെന്നും വളർത്തുമൃഗങ്ങളെ പരമാവധി സുരക്ഷിതമായ രീതിയിൽ പാർപ്പിക്കണമെന്നും വനംവകുപ്പ് നാട്ടുകാർക്ക് നിർദേശം നല്കിയിട്ടുണ്ട്.
കാസർഗോഡ് താലൂക്കിൽ കാട്ടാനശല്യം രൂക്ഷമായ മുളിയാർ, കാറഡുക്ക, ദേലംപാടി പഞ്ചായത്തുകളിലും കഴിഞ്ഞ ദിവസം പുലിയുടെ കാല്പാടുകൾ സ്ഥിരീകരിച്ചിരുന്നു.
രാത്രികാലങ്ങളിൽ വാഹനയാത്ര നടത്തിയ പലരും റോഡിൽ പുലിയെ നേരിട്ടു കാണുകയും ചെയ്തു. ദിവസങ്ങൾക്കു മുമ്പ് കൊട്ടംകുഴിയിൽ രാവിലെ കുട്ടിയെ സ്കൂളിൽ വിട്ട് തിരികെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന യുവതിയുടെ കൺമുന്നിലൂടെ പുലി ചാടിമറഞ്ഞ സംഭവവും ഉണ്ടായിരുന്നു. നിരവധി വീടുകളിൽ നിന്ന് നായ്ക്കളെയും നഷ്ടമായി. ഈ പ്രദേശത്തും വനംവകുപ്പ് കാമറ സ്ഥാപിച്ചെങ്കിലും ഇതുവരെ പുലിയുടെ നേരിട്ടുള്ള ചിത്രങ്ങൾ പതിഞ്ഞിട്ടില്ല.
ഏറ്റവുമൊടുവിൽ മുളിയാർ പാലത്തിനു സമീപമുള്ള വീട്ടിൽ കെട്ടിയിട്ട പശുവിനെ അജ്ഞാതജീവി ആക്രമിച്ച് കൊന്നിരുന്നു. കെട്ടിയിട്ട നിലയിലായതിനാൽ വലിച്ചുകൊണ്ടുപോകാൻ പറ്റാതെ പുലി ഉപേക്ഷിച്ചതാകാമെന്നാണ് സംശയം.