തെരഞ്ഞെടുപ്പ് കഴിഞ്ഞു, ജോലി ചെയ്തവർക്ക് പ്രതിഫലത്തിനായി കാത്തിരിപ്പ്
1429843
Monday, June 17, 2024 12:58 AM IST
കാസർഗോഡ്: തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഓരോ മണ്ഡലത്തിലും തെരഞ്ഞെടുപ്പു ജോലികൾ ചെയ്തവർക്ക് നല്കാനുള്ള പ്രതിഫലത്തുക അതത് റിട്ടേണിംഗ് ഓഫീസർമാർക്ക് കൈമാറി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ മടങ്ങി.
തെരഞ്ഞെടുപ്പു ദിനത്തിൽ പോളിംഗ് ബൂത്തുകളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് ദിനബത്തയും ഭക്ഷണച്ചെലവും മറ്റുമടങ്ങുന്ന പ്രതിഫലം നേരിട്ടുതന്നെ നല്കി. പക്ഷേ ജില്ലയിൽ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വന്നതുമുതൽ പോളിംഗ് കഴിയുന്നതുവരെ വിവിധ അനുബന്ധജോലികൾക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരിലേറെയും ഇപ്പോഴും പ്രതിഫലത്തിനായി കാത്തിരിക്കുകയാണ്.
ഒരു മാസത്തെ ദിനബത്തയും യാത്രാച്ചെലവും ഭക്ഷണച്ചെലവുമൊക്കെയായി മുപ്പതിനായിരത്തോളം രൂപയാണ് ഓരോരുത്തർക്കും കിട്ടാനുള്ളത്. മിക്കവരെയും ജോലിസ്ഥലത്തുനിന്ന് അകലെയുള്ള സ്ഥലങ്ങളിലാണ് നിയോഗിച്ചത്. യാത്രാച്ചെലവും ഭക്ഷണച്ചെലവും താമസച്ചെലവുമെല്ലാം സ്വന്തം കൈയിൽനിന്ന് തന്നെയായിരുന്നു. ഓരോ നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ചെലവ്, പെരുമാറ്റച്ചട്ട ലംഘനം, വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമം തുടങ്ങിയവയെല്ലാം നിരീക്ഷിച്ച് റിപ്പോർട്ട് ചെയ്യുകയായിരുന്നു ഇവരുടെ ചുമതല.
തെരഞ്ഞെടുപ്പ് യോഗങ്ങളുടെ വീഡിയോ ചിത്രീകരണം, പോസ്റ്ററുകളുടെ നിരീക്ഷണം, സാമൂഹ്യമാധ്യമ നിരീക്ഷണം, ചെലവ് കണക്കാക്കൽ തുടങ്ങിയവയെല്ലാം ഇവരുടെ ജോലിയായിരുന്നു. മിക്കപ്പോഴും അവധിദിനങ്ങളിൽ പോലും ജോലിചെയ്യേണ്ടിവന്നു. ജോലിസ്ഥലത്തുനിന്ന് മാറി മറ്റു നിയമസഭാ മണ്ഡലങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവർ ഒരു മാസത്തോളം കാലം അവിടെ തന്നെ താമസിക്കേണ്ടിവന്നു.
പോളിംഗ് തീരുന്നതുവരെയുള്ള ചുമതലകൾ നിർവഹിച്ച് അടുത്ത ദിവസം രാവിലെ മാത്രമാണ് മിക്കവരും വീടുകളിലെത്തിയത്. ഇതെല്ലാം കഴിഞ്ഞ് ഇപ്പോൾ ഒന്നര മാസത്തോളമായിട്ടും പ്രതിഫലം കിട്ടിയില്ലെന്നതാണ് ഇവരുടെ വിഷമം. എല്ലാവർക്കുമുള്ള പ്രതിഫലം ഒരുമിച്ചു തന്നെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. പക്ഷേ പോളിംഗ് ബൂത്തുകളിൽ ജോലി ചെയ്തവർക്കു മാത്രം നേരിട്ട് നല്കുകയും മറ്റുള്ളവരുടേത് പിന്നീട് നല്കുന്നതിനായി മാറ്റിവയ്ക്കുകയുമായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
എല്ലാവരുടേയും പ്രതിഫലം ചേർത്ത് വലിയ തുകയാകുന്നതിനാൽ ട്രഷറിയിൽ നിന്ന് ബില്ല് മാറാൻ തടസമുണ്ടെന്നാണ് ഇപ്പോൾ പറയുന്ന വിശദീകരണം. അതിന് സംസ്ഥാന ഖജനാവിൽ നിന്നുള്ള തുകയല്ലല്ലോ, തെരഞ്ഞെടുപ്പ് കമ്മീഷൻ തന്ന തുകയല്ലേ എന്ന് ഉദ്യോഗസ്ഥരും ചോദിക്കുന്നു.
മറ്റു പല ജില്ലകളിലും തെരഞ്ഞെടുപ്പ് ജോലി ചെയ്ത എല്ലാവർക്കുമുള്ള പ്രതിഫലം ഇതിനകം നല്കിക്കഴിഞ്ഞു. കാസർഗോഡ് ഉൾപ്പെടെ ഏതാനും ജില്ലകളിൽ മാത്രമാണ് സാങ്കേതിക തടസങ്ങൾ പറഞ്ഞ് പ്രതിഫലം പിടിച്ചുവയ്ക്കുന്നത്.ഇനി ചെയ്ത ജോലിക്ക് പ്രതിഫലം കിട്ടണമെങ്കിൽ ബില്ലും വൗച്ചറുമെല്ലാം തയ്യാറാക്കി കൊടുക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ പലരും.