മലബാറിലെ കായൽ ടൂറിസം കടലാസിൽ
1429841
Monday, June 17, 2024 12:58 AM IST
പീറ്റർ ഏഴിമല
പയ്യന്നൂർ: കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ കായല്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകളിലേക്ക് വാതിലുകൾ തുറന്നിട്ട മലനാട്-മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി കടലാസിൽ ഉറങ്ങുന്നു. ആലപ്പുഴയില്‍ മാത്രമായി ഒതുങ്ങിനില്ക്കുന്ന കായല്‍ ടൂറിസത്തിന് പകരം വയ്ക്കാന്‍ കഴിയുന്ന ഉത്തരമലബാറിലെ അനന്ത സാധ്യതകളിൽ ഒന്നായിരുന്നു വളപട്ടണം മുതല്‍ കവ്വായി വരെയുള്ള പ്രദേശങ്ങളെ കോര്‍ത്തിണക്കി നടപ്പാക്കാനുദ്ദേശിച്ച പദ്ധതി.
പദ്ധതികള്‍ക്ക് കോടികള്‍
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തോടെ ഉത്തരമലബാറിലെ കായല്‍ ടൂറിസത്തിന് വഴി തുറക്കുമെന്നായിരുന്നു പ്രതീക്ഷ. ഈ സാധ്യതകളുടെ പശ്ചാത്തലത്തിലായിരുന്നു മലനാട്-മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി ആസൂത്രണം ചെയ്തത്. ഇതോടനുബന്ധിച്ചുള്ള കേന്ദ്ര പദ്ധതിയായ സ്വദേശ് ദര്ശന് സ്കീമിലുള്‍പ്പെടുത്തി വളപട്ടണത്ത് നിന്നാരംഭിച്ച് പറശിനിക്കടവിലൂടെ മലപ്പട്ടം മുനമ്പ് കടവ് വരെയുള്ള മുത്തപ്പന് ആന്‍ഡ് മലബാറി ക്യുസീന് ക്രൂയിസ്, വളപട്ടണത്ത് നിന്ന് തെക്കുമ്പാട് വഴി പഴയങ്ങാടി വരെയുള്ള തെയ്യം ക്രൂയിസ്, പഴയങ്ങാടി മുതല്‍ കുപ്പം വരെയുള്ള കണ്ടല്‍ ക്രൂയിസ് എന്നിവയ്ക്ക് 80.37 കോടി രൂപ കേന്ദ്ര വിനോദസഞ്ചാര വകുപ്പ് അനുവദിച്ചിരുന്നു.
ഇരുവശത്തും കണ്ടല്‍ സമൃദ്ധമായ കുപ്പം നദിയില്‍ കൂടിയുള്ള പ്രകൃതിരമണീയമായ കണ്ടല്‍ ക്രൂയിസ് പഴയങ്ങാടിയില്‍ നിന്നാരംഭിച്ച് കുപ്പത്ത് അവസാനിക്കുന്ന രീതിയിലായിരുന്നു രൂപകല്പന ചെയ്തത്. വളപട്ടണം, കുപ്പം, മാഹി, അഞ്ചരക്കണ്ടി, പെരുമ്പ, കവ്വായി പുഴകളിലെ ക്രൂയിസുകളിലുള്‍പ്പെടെ ബോട്ട് ടെര്‍മിനല്‍, ബോട്ടുജെട്ടി എന്നിവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 53.07 കോടി രൂപയുടെ 17 പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ തേജസ്വിനി, ചന്ദ്രഗിരി നദികളും വലിയപറമ്പ് കായലും അവയുടെ തീരപ്രദേശങ്ങളും കലാരൂപങ്ങളും വൈവിധ്യത നിറഞ്ഞ പ്രകൃതി വിഭവങ്ങളും കാര്‍ഷിക ഭൂപ്രകൃതിയും കൂടി ചേരുന്ന ബൃഹത് ടൂറിസം പദ്ധതിയായിരുന്നു വിഭാവനം ചെയ്തത്.
കുട്ടനാട് മോഡലും
പഠനത്തിലൊതുങ്ങി
അതിനിടയില്‍ "വേഗ സീ' എന്ന പേരിലുള്ള കുട്ടനാട് മോഡല്‍ ടൂറിസം ബോട്ടുകള്‍ ആരംഭിക്കുന്നതിനായുള്ള റൂട്ട് സര്‍വേയും മന്ത്രിയുടെ നിര്‍ദേശപ്രകാരം ഒന്നരവര്‍ഷം മുമ്പ് നടന്നു. 50, 75, 100 പേര്‍ക്ക് വീതം സഞ്ചരിക്കാവുന്ന ബോട്ടുകളായിരുന്നു ഇവരുടെ പരിഗണനയിലുണ്ടായിരുന്നത്. ലഘുഭക്ഷണമുള്‍പ്പെടെയുള്ള സവാരിക്കായി നിരക്കുകളും നിശ്ചയിച്ചു.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പത്തിലധികം തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ വ്യാപിച്ചുകിടക്കുന്ന ഏറെ ശ്രദ്ധേയമായ ജലജൈവിക സമ്പന്നതയാണ് വടക്ക് നീലേശ്വരം മുതല്‍ തെക്ക് ചെമ്പല്ലിക്കുണ്ട് വരെയുള്ള 40 കിലോമീറ്റര്‍ നീളത്തിലുള്ള കായലിന്റെ കരകളിലുള്ളതെന്ന് സംഘം വിലയിരുത്തുകയുമുണ്ടായി. ഇവിടം പാസഞ്ചര്‍ കം ടൂറിസ്റ്റ് ബോട്ട് സര്‍വീസിന് അനുയോജ്യമാണെന്നായിരുന്നു സംഘത്തിന്റെ വിലയിരുത്തല്‍. തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് ഈ പ്രദേശങ്ങള്‍ മാലിന്യങ്ങള്ക്കതീതമായതിനാല് ഇതിന്റെ ശുദ്ധത നിലനിര്‍ത്താന്‍ സോളാര്‍ വൈദ്യുതി ഉപയോഗിച്ചുള്ള ബോട്ടുകളാണ് അഭികാമ്യമെന്നും ഉന്നതതല ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. എന്നാല്‍, നായനാര്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ 1990കളില്‍ തുടങ്ങിയ ഒരു ബോട്ട് സര്‍വീസ് മാത്രമാണ് ഇപ്പോഴുമുള്ളത്.
ബോട്ടു ടെര്‍മിനലും
നോക്കുകുത്തി
വളപട്ടണം നദിയിലെ ഭഗത് സിംഗ്, കൊളച്ചേരി, സിഎച്ച്, പാമ്പുരുത്തി, എകെജി ദ്വീപുകളിലും മലപ്പട്ടം മുനമ്പ് കടവിലും സഞ്ചാരികള്‍ക്ക് എത്തിച്ചേരാനും പ്രകൃതി ഭംഗി ആസ്വദിക്കുവാനും വേണ്ടി 40.95 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അനുമതിയും ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി കവ്വായിയില്‍ അഞ്ചുകോടി രണ്ടുലക്ഷം രൂപ ചെലവില്‍ ബോട്ട് ജെട്ടി ടെര്‍മിനലും പുന്നാക്കടവ്, പഴയങ്ങാടി, ഏഴോം എന്നിവിടങ്ങളില്‍ ബോട്ട് ജെട്ടിയും നിര്‍മിച്ചിട്ട് വര്‍ഷങ്ങളായി. ഒരുബോട്ടുപോലും ഇതുവരെ ഇതുവഴി വന്നില്ല. കവ്വായി ബോട്ട് ടെര്‍മിനലില്‍ ബോട്ടുകളടുക്കുന്നതിന് ആവശ്യമായ വെള്ളമില്ലെന്നും ആഴംകൂട്ടണമെന്നുമുള്ള ആവശ്യവും ആരും പരിഗണിച്ചില്ല. ഇവിടെ ശുചിമുറികള്‍ ഒരുക്കിയതുമില്ല.
കവ്വായി കായല്‍ കേന്ദ്രീകരിച്ച് ചില സ്വകാര്യ വ്യക്തികളും കൂട്ടായ്മകളും സ്പീഡ് ബോട്ട് സര്വീസുള്ളവ ഒരുക്കിയതിലൂടെ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് സൃഷ്ടിച്ചതും കാണാനാരുമുണ്ടായില്ല. പഴയങ്ങാടിയിലെ വയലപ്ര പാര്‍ക്ക്, ചൂട്ടാട് പാര്‍ക്ക്, എട്ടിക്കുളം ബീച്ച്, ഏഴിമല ടോപ് എന്നിവകൂടി കോര്‍ത്തിണക്കിയുള്ള ടൂറിസം പദ്ധതികള്‍ക്ക് അനന്ത സാധ്യതകളുമുണ്ട്. വിനോദ സഞ്ചാരികളുടെ പറുദീസയായി കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകള്‍ മാറാനുള്ള സാധ്യതകള്‍ ഏറെയാണ്. പക്ഷേ, ഇതിലേക്കുള്ള വഴിതുറന്നുകിട്ടണമെന്നുമാത്രം.