ദേശീയപാതയിൽ യാത്രാദുരിതം രൂക്ഷം
1428737
Wednesday, June 12, 2024 1:14 AM IST
കാസർഗോഡ്: ദേശീയപാതയുടെ പ്രവൃത്തി നടക്കുന്നതിനിടയിൽ താത്കാലികമായി ഗതാഗതം തിരിച്ചുവിട്ട സർവീസ് റോഡുകൾ പലയിടങ്ങളിലും മഴയിൽ തകരുന്നു.
ചെളിനിറഞ്ഞ റോഡുകൾക്കും വെള്ളക്കെട്ടിനുമൊപ്പം സർവീസ് റോഡുകളുടെ തകർച്ച കൂടിയായതോടെ ദേശീയപാതയിൽ യാത്രാദുരിതം രൂക്ഷമാവുകയാണ്.
പലയിടങ്ങളിലും മഴവെള്ളം ഒഴുകിപ്പോകാൻ വഴിയില്ലാതെ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതാണ് സർവീസ് റോഡുകളുടെ തകർച്ചയ്ക്ക് വഴിവെച്ചത്. മൊഗ്രാലിൽ പുഴയിലേക്ക് ഒഴുകിയിരുന്ന വെള്ളത്തിന്റെ ഗതി പോലും മതിൽകെട്ടി തടഞ്ഞ നിലയിലാണെന്ന് നാട്ടുകാർ പറയുന്നു. ഇതോടെയാണ് സർവീസ് റോഡ് ഏറെക്കൂറെ പൂർണമായും തകർന്നത്.
കാസർഗോഡ് നിന്ന് മംഗളൂരു ഭാഗത്തേക്കുള്ള ആംബുലൻസുകളുൾപ്പെടെയുള്ള വാഹനങ്ങൾ ഇതുവഴിയാണ് കടന്നുപോകേണ്ടത്. ഈ ഭാഗത്ത് സർവീസ് റോഡിനേക്കാൾ വളരെ ഉയരത്തിലാണ് ദേശീയപാത നിർമിച്ചിരിക്കുന്നത്.
മൊഗ്രാൽ ടൗണിലെ അടിപ്പാതയ്ക്ക് സമീപം റോഡ് പാടേ തകർന്ന നിലയിലാണ്.
ഇനിയും മഴ കനത്താൽ സർവീസ് റോഡിലും അടിപ്പാതയിലുമുൾപ്പെടെ വലിയ വെള്ളക്കെട്ടുണ്ടാകുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
തിരിച്ച് മംഗളൂരുവിൽ നിന്ന് കാസർഗോഡ് ഭാഗത്തേക്കുള്ള വാഹനങ്ങളെ ഇപ്പോൾ പണി പൂർത്തിയായ പുതിയ ദേശീയപാത വഴിയാണ് കടത്തിവിടുന്നത്. സർവീസ് റോഡിന്റെ സ്ഥിതി ദയനീയമായതോടെ രണ്ടു വശങ്ങളിലേക്കുള്ള വാഹനങ്ങളേയും ഇതുവഴി തന്നെ കടത്തിവിടാനും ആലോചന തുടങ്ങിയിട്ടുണ്ട്.