കുറത്തിപ്പതിയിൽ യാത്ര അതികഠിനം
1424728
Saturday, May 25, 2024 1:32 AM IST
പാണത്തൂർ: പാണത്തൂർ - റാണിപുരം റോഡ് പാണത്തൂർ മുതൽ കുറത്തിപ്പതി വരെയുള്ള ഭാഗം തകർന്നതിനാൽ ജനങ്ങൾ ദുരിതത്തിൽ. കുറത്തിപ്പതി മുതൽ റാണിപുരം വരെയുള്ള ഭാഗം കാസർഗോഡ് പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി വീതി കൂട്ടി ടാർ ചെയ്ത് വികസിപ്പിച്ചിരുന്നു.
എന്നാൽ പാണത്തൂർ മുതൽ കുറത്തിപ്പതി വരെയുള്ള ഭാഗം ടാർ ചെയ്തിരുന്നെങ്കിലും കഴിഞ്ഞ വർഷം ജിയോ കമ്പനി കേബിൾ ഇടുന്നതിനായി ജെസിബി ഉപയോഗിച്ച് കുഴി എടുത്തതിനാൽ റോഡ് പല ഭാഗത്തും ടാർ ഇളകി നശിച്ചിരുന്നു. ഇതിന് നഷ്ടപരിഹാരമായി കേബിൾ കമ്പനി 46 ലക്ഷം രൂപ പനത്തടി പഞ്ചായത്തിൽ അടച്ചിരുന്നു.
ഇതിൽ 42 ലക്ഷം രൂപ റോഡ് വികസനത്തിനായി അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിൽ ഭൂരിഭാഗം തുകയും ഓടനിർമാണത്തിനായാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയ അന്നത്തെ പഞ്ചായത്ത് അസി.എൻജിനിയർ നീക്കിവെച്ചത്.
ചെറിയ ഒരു തുക മാത്രമാണ് റീ ടാറിംഗിനായി നീക്കിവച്ചത്. പ്രവൃത്തി ടെണ്ടർ ചെയ്ത കരാറുകാരൻ ഓടയുടെ നിർമാണം പൂർത്തീകരിച്ചെങ്കിലും റോഡ് ടാറിംഗ് ചെയ്യാത്തതാണ് ജനങ്ങളുടെ ദുരിതത്തിന് കാരണം.
കുത്തനെയുള്ള കയറ്റത്തിൽ പലപ്പോഴും വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്. കാലവർഷമെത്തിയതിനാൽ അപകടഭീതിയിലാണ് നാട്ടുകാർ.
റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെത്തുന്ന നിരവധി സഞ്ചാരികളും വിദ്യാർഥികൾ ഉൾപ്പെടെയുള്ള നിരവധി യാത്രക്കാരും ഉപയോഗിക്കുന്ന ഈ റോഡ് അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തണമെന്നും സർക്കാരിന്റെ ഏതെങ്കിലും ഒരു പദ്ധതിയിൽ ഉൾപ്പെടുത്തി വീതികൂട്ടി വികസിപ്പിക്കണമെന്നതുമാണ് നാട്ടുകാരുടെ ആവശ്യം.