നെല്ലും പതിരും തിരിച്ചറിയാൻ വിദ്യാർഥികൾക്ക് അനുഭവങ്ങളുണ്ടാകണം: ജോൺ ബ്രിട്ടാസ്
1423560
Sunday, May 19, 2024 7:30 AM IST
പെരിയ: വിദ്യാഭ്യാസത്തിലൂടെ നെല്ലും പതിരും തിരിച്ചറിയാൻ കുട്ടികൾക്ക് അനുഭവങ്ങൾ ഉണ്ടാകണമെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. ആയമ്പാറ ജിയുപി സ്കൂൾ വാർഷികാഘോഷവും സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എം.ദിവാകരന് നൽകിയ യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അനുഭവവേദ്യമായ പരിസരം സ്കൂളുകളിൽ സൃഷ്ടിച്ചെടുക്കാൻ അധ്യാപകർക്കും സമൂഹത്തിനും സാധിക്കണമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
ആയമ്പാറ ഗ്രാമത്തിൽ പത്ത് ഗ്രന്ഥശാലകൾ സ്ഥാപിക്കാൻ ദിവാകരൻ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനം സമാനതകളില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.മുൻകാല അധ്യാപകൻ രാമൻ മാസ്റ്ററുടെ സ്മരണയ്ക്കായി മക്കൾ നിർമിച്ചു നൽകിയ ഹരിത പാർക്ക് പുല്ലൂർ-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.
സിനിമാതാരം സുബീഷ് സുധി മുഖ്യാതിഥിയായി. മികച്ച പിടിഎയ്ക്കുള്ള അവാർഡ് ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.അരവിന്ദ പിടിഎ പ്രസിഡന്റ് കെ.മധുവിന് സമ്മാനിച്ചു.
സ്കൂളിലെ മുൻ അധ്യാപകനും ഗ്രന്ഥാലോകം പത്രാധിപരുമായ പി.വി.കെ.പനയാൽ, ചെറുതാഴം പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ വി.ഉണ്ണികൃഷ്ണൻ, കാർത്യായനി കൃഷ്ണൻ, ലത രാഘവൻ, മോഹനൻ കുണ്ടൂർ, കെ.ഗംഗാധരൻ, കെ.എൻ.പുഷ്പ, എം.മോഹനൻ, വേലായുധൻ ആയമ്പാറ എന്നിവർ പ്രസംഗിച്ചു.