ലേലം കഴിഞ്ഞിട്ടും പുതിയ സ്റ്റാൻഡ് തുറന്നില്ല; കുഴികൾ നിറഞ്ഞ് കാഞ്ഞങ്ങാട് ടൗൺ സ്റ്റാൻഡ്
1422978
Friday, May 17, 2024 12:54 AM IST
കാഞ്ഞങ്ങാട്: ടൗൺ സ്റ്റാൻഡ് എന്ന് നഗരസഭ പേരിട്ടുവിളിച്ച കാഞ്ഞങ്ങാട്ടെ പഴയ ബസ് സ്റ്റാൻഡ് അറ്റകുറ്റപണികൾക്കുവേണ്ടി അടച്ചിടുകയാണെന്നും തത്കാലത്തേക്ക് എല്ലാ ബസുകളും ആലാമിപ്പള്ളിയിലെ പുതിയ ബസ് സ്റ്റാൻഡിൽ തന്നെ പ്രവേശിക്കണമെന്നും നഗരസഭ ഉത്തരവിറക്കിയിട്ട് ഒരു വർഷം കഴിഞ്ഞു. അന്ന് പുതിയ ബസ് സ്റ്റാൻഡിൽ സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷത്തിന് പന്തലൊരുക്കേണ്ടി വന്നതിനാലാണ് ഉത്തരവ് തത്കാലം നടപ്പാകാതെ പോയത്.
പിന്നെയും പുതിയ സ്റ്റാൻഡ് ഇടയ്ക്കിടെ പൊതുപരിപാടികൾക്കും പാർട്ടി പരിപാടികൾക്കും വേണ്ടി അടച്ചിട്ടതോടെ അവിടെ ബസുകൾ തീരെ കയറാതായി. ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിലെ കടമുറികളെല്ലാം ലേലം ചെയ്ത് പുതിയ സ്റ്റാൻഡിനെ സജീവമാക്കുമെന്നും പിന്നെ ബസുകളെയെല്ലാം അങ്ങോട്ടുമാറ്റി ടൗൺ സ്റ്റാൻഡിൽ അറ്റകുറ്റപണി നടത്തുമെന്നുമാണ് പിന്നീട് പറഞ്ഞുകേട്ടത്.
ഇപ്പോൾ വാടകയും സ്ഥിരനിക്ഷേപവും കുറച്ച് കടമുറികളെല്ലാം ലേലം ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല. ഇടയ്ക്ക് തെരഞ്ഞെടുപ്പ് വന്നതും നടപടിക്രമങ്ങൾ വൈകിപ്പിക്കാൻ ഇടയായെന്നു പറയുന്നു. ഒന്നിനു പിറകേ ഒന്നായി കാരണങ്ങൾ വരുന്നുവെന്നല്ലാതെ പുതിയ ബസ് സ്റ്റാൻഡ് എന്നേക്ക് ശരിക്കും തുറക്കുമെന്നോ ടൗൺ സ്റ്റാൻഡിൽ അറ്റകുറ്റപണികൾ നടത്തുമെന്നോ പറയാൻ നഗരസഭയ്ക്കാവുന്നില്ല. ഇപ്പോൾ വീണ്ടുമൊരു മഴക്കാലം പടിവാതില്ക്കലെത്തി നില്ക്കുമ്പോൾ ടൗൺ സ്റ്റാൻഡിനകത്ത് ടാറിംഗ് ഇളകി കുഴികൾ നിറഞ്ഞിരിക്കുകയാണ്.
കുഴികളിൽ ആടിയുലഞ്ഞാണ് ബസുകൾ സ്റ്റാൻഡിനകത്തേക്ക് കയറുന്നതും പുറത്തിറങ്ങുന്നതും. ഇതിനിടയിൽ നില്ക്കാനും നടക്കാനും വിധിക്കപ്പെട്ട യാത്രക്കാരുടെ അവസ്ഥ അതിലും കഷ്ടമാണ്.
മഴ കനത്താൽ അതിലേറെ കഷ്ടമാകും. വേനൽമഴയിൽ തന്നെ ചെളിവെള്ളം നിറഞ്ഞുനില്ക്കുന്ന കുഴികൾ നിറഞ്ഞുകവിഞ്ഞ് ടാറിംഗ് ഉള്ള സ്ഥലവും ഇല്ലാത്ത സ്ഥലങ്ങളും തമ്മിൽ തിരിച്ചറിയാതാകും. ബസുകളിൽ നിന്ന് ലക്ഷങ്ങൾ സ്റ്റാൻഡ് ഫീയായി പിരിച്ചെടുക്കുന്ന നഗരസഭയ്ക്ക് മഴയ്ക്കു മുമ്പ് താത്കാലികമായെങ്കിലും കുഴികൾ നികത്താൻ എന്താണ് തടസമെന്നാണ് ബസുടമകളും നാട്ടുകാരും ചോദിക്കുന്നത്.