ചിറ്റാരിക്കാൽ ഡവലപ്മെന്റ് അഥോറിറ്റിക്ക് 20 വയസ്
1422975
Friday, May 17, 2024 12:54 AM IST
ചിറ്റാരിക്കാൽ: ഇരുട്ടിനെ പഴിക്കാതെ ദീപം തെളിയിക്കുക എന്ന മുദ്രാവാക്യവുമായി ചിറ്റാരിക്കാലിന്റെ സാമൂഹ്യ-സാംസ്കാരിക-സാമ്പത്തിക മേഖലകളിലെ നിറസാന്നിധ്യമായി മാറിയ ചിറ്റാരിക്കാൽ ഡവലപ്മെന്റ് അഥോറിറ്റിക്ക് (സിഡിഎ) 20 വയസ്. സേവനത്തിന്റെ രണ്ട് ദശകങ്ങൾ പൂർത്തിയാക്കുന്നതിനൊപ്പം ചിറ്റാരിക്കാൽ-കുന്നുംകൈ റോഡരികിൽ സ്വന്തമായി വാങ്ങിയ സ്ഥലത്ത് നിർമിച്ച പുതിയ ഓഫീസ് സമുച്ചയവും തൊഴിൽ പരിശീലനകേന്ദ്രവും നാളെ വൈകുന്നേരം അഞ്ചിന് എം.രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
തോമാപുരം സെന്റ് തോമസ് ഫൊറോന വികാരി റവ.ഡോ.മാണി മേൽവെട്ടം, ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ്, നെഹ്റു യുവകേന്ദ്ര കോ-ഓർഡിനേറ്റർ പി.അഖിൽ തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തികളെ ആദരിക്കും.
ഉദ്ഘാടന പരിപാടിയോടനുബന്ധിച്ച് ഘോഷയാത്രയും കലാസന്ധ്യയും നടക്കും.
2005 ഓഗസ്റ്റ് 16 നാണ് ടി.എം.ജോസ് തയ്യിലിന്റെ നേതൃത്വത്തിൽ ചിറ്റാരിക്കാൽ ഡവലപ്മെന്റ് അഥോറിറ്റിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. വൻ നഗരങ്ങളിൽ മാത്രം ഉപയോഗിച്ചുകണ്ടിട്ടുള്ള ഡവലപ്മെന്റ് അഥോറിറ്റിയെന്ന വാക്ക് ഗ്രാമീണ മേഖലയിലും എത്രകണ്ട് അർഥവത്തായി ഉപയോഗിക്കാമെന്ന് വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ തെളിയിക്കാൻ സിഡിഎക്ക് സാധിച്ചു.
കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കിടയിൽ ചിറ്റാരിക്കാൽ മേഖലയിലെ സാധാരണക്കാരുടെ ജീവിതത്തിന്റെ നിരവധി മേഖലകളിൽ സജീവസാന്നിധ്യമായി മാറാൻ സിഡിഎയ്ക്ക് കഴിഞ്ഞു. സിഡിഎയുടെ കീഴിലുള്ള വൊക്കേഷണൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, കമ്യൂണിറ്റി ഹെൽത്ത് ഇൻഷുറൻസ് (എച്ച്ഐഡി), യൂത്ത് ഡവലപ്മെന്റ്, ചൈൽഡ് ഡവലപ്മെന്റ്, മഹിളാസംഘം, ഫാം ക്ലബ്, സോഷ്യൽ വെൽഫെയർ, ഫുട്ബോൾ അക്കാദമി, ഡാൻസ് സ്കൂൾ, നാഷണൽ റിസോഴ്സ് മാനേജ്മെന്റ്, കൾച്ചറൽ വിംഗ്, മൈക്രോ ഫിനാൻസ് വിഭാഗങ്ങളെല്ലാം ഒന്നിനൊന്ന് സജീവമാണ്. ഈ കാലയളവിനിടയിൽ രണ്ടായിരത്തിലധികം സ്ത്രീകൾക്ക് തൊഴിൽ പരിശീലനം നൽകാനും അവർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള സഹായങ്ങളെത്തിച്ചുനല്കാനും കഴിഞ്ഞു.
കമ്പ്യൂട്ടർ പരിശീലനത്തിന്റെ കാര്യത്തിലും മികച്ച നേട്ടമുണ്ടാക്കാനായി. ചെയർമാൻ ടി.എം.ജോസ് തയ്യിൽ, വൈസ് ചെയർമാൻമാരായ മാത്യു പടിഞ്ഞാറേൽ,ബേബി ഇലഞ്ഞിമറ്റം, ജനറൽ സെക്രട്ടറി പി.മുരളീധരൻ, സെക്രട്ടറിമാരായ ജോഫ് നമ്പ്യാമഠത്തിൽ, ഷിജോ നഗരൂർ, ട്രഷറർ ജോയിച്ചൻ മച്ചിയാനി എന്നിവരുടെ നേതൃത്വത്തിൽ സാമൂഹികപ്രതിബദ്ധതയുള്ള ഒരു സംഘം ആളുകളുടെ കൂട്ടായ്മയും വിവിധ സർക്കാർ, അർധസർക്കാർ ഏജൻസികളുടെയും എൻജിഒകളുടെയും സഹായ സഹകരണവുമാണ് സിഡിഎയുടെ പിൻബലം.