സംസ്ഥാനപാത നവീകരണത്തിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ കളക്ടറുടെ നിർദേശം
1422581
Wednesday, May 15, 2024 12:57 AM IST
രാജപുരം: ഹൊസ്ദുർഗ്-പാണത്തൂർ സംസ്ഥാനപാതയിലെ പൂടംകല്ല്-ചിറംകടവ് ഭാഗത്തെ നവീകരണ പ്രവർത്തിയുടെ അപാകതകളെക്കുറിച്ച് അടിയന്തരമായി അന്വേഷണം നടത്താനുള്ള മലനാട് വികസന സമിതിയുടെ നിവേദനം ജില്ലാ കളക്ടർ കെ. ഇമ്പശേഖർ റോഡ് സേഫ്റ്റി കമ്മീഷണർക്ക് കൈമാറി.
റോഡ് സേഫ്റ്റി കമ്മീഷണർ പൂടംകല്ല് മുതൽ ചിറംകടവ് വരെയുള്ള ഭാഗത്ത് പരിശോധന നടത്തി പരാതിയുടെ തെളിവുകൾ ശേഖരിച്ച് തുടർനടപടികൾ സ്വീകരിക്കും. ഡിപിആറിൽ നിന്നും വർക്ക് എസ്റ്റിമേറ്റിൽ നിന്നും വ്യതിചലിച്ച് നടക്കുന്ന നവീകരണ പ്രവർത്തിയുടെ ക്രമക്കേടുകളെ കുറിച്ചുള്ള അന്വേഷണത്തിന് ശേഷം നടപടികൾ എടുക്കുമെന്നും ഉറപ്പുനൽകിയതായി സമിതി ഭാരവാഹികൾ പറഞ്ഞു.
ജനപ്രതിനിധികളും മലനാട് വികസന സമിതി നേതാക്കളും അനുബന്ധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും മാധ്യമ പ്രവർത്തകരും, കരാർ കമ്പനി പ്രതിനിധികളും പങ്കെടുക്കുന്ന ഒരു പ്രവൃത്തി അവലോകന യോഗം വിളിച്ചു ചേർക്കുമെന്ന് കളക്ടർ അറിയിച്ചതായും ഇവർ പറഞ്ഞു. സമിതി ചെയർമാൻ ആർ. സൂര്യ നാരായണഭട്ട്, ജനറൽ സെക്രട്ടറി ബാബു കദളിമറ്റം, സെക്രട്ടറി ബി. അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.