പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന്
1418646
Thursday, April 25, 2024 1:34 AM IST
കാസര്ഗോഡ്: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് യന്ത്രങ്ങളുടെയും വിവി പാറ്റുകളുടേയും മറ്റു പോളിംഗ് സാമഗ്രികളുടെയും വിതരണം ഇന്നു രാവിലെ എട്ടു മുതല് ജില്ലയില് നിയോജക മണ്ഡലം അടിസ്ഥാനത്തില് പ്രത്യേകം സജ്ജമാക്കിയ കേന്ദ്രങ്ങളില് നടക്കും. പോളിംഗ് സാമഗ്രികള് വിതരണം ചെയ്യുന്നതിന്റെ ചുമതല ബന്ധപ്പെട്ട തഹസില്ദാര്മാര്ക്കും വോട്ടിംഗ് മെഷീന്, വിവി പാറ്റ് മെഷീന് എന്നിവയുടെ വിതരണ ചുമതല ബന്ധപ്പെട്ട അസി.റിട്ടേണിംഗ് ഓഫീസര്ക്കുമാണ്. പോളിംഗ് സാമഗ്രികള് കൈപ്പറ്റിയ ശേഷം ഉദ്യോഗസ്ഥരെ പ്രത്യേകം വാഹനങ്ങളില് പോളിങ് ബൂത്തുകളില് എത്തിക്കും. പോളിംഗ് ഉദ്യോഗസ്ഥരുടെ യാത്രാ വേളയില് പൊലീസും റൂട്ട് ഓഫീസറും അനുഗമിക്കും. വിതരണ കേന്ദ്രങ്ങളില് വിപുലമായ സുരക്ഷാ സന്നാഹവും ഒരുക്കിയിട്ടുണ്ട്. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രങ്ങളില് തന്നെയാണ് സാമഗ്രികള് തിരിച്ചേല്പ്പിക്കേണ്ടത്.
പോളിംഗ് സാമഗ്രികള് കൈപ്പറ്റുന്നതിനായി എത്തുന്ന ഉദ്യോഗസ്ഥര്ക്കായി കുടിവെള്ളം, ലഘു ഭക്ഷണ ശാല, ഹെല്പ് ഡെസ്ക്, അടിയന്തിര ചികിത്സാ സൗകര്യം എന്നിവ ഈ കേന്ദ്രങ്ങളില് ഒരുക്കിയിട്ടുണ്ട്. പോളിങ് സാമഗ്രികള് കൈപ്പറ്റിയ ഉദ്യോഗസ്ഥരെ ബൂത്തുകളില് എത്തിക്കും. പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തില് വിപുലമായ സുരക്ഷാ സന്നാഹവും ഒരുക്കിയിട്ടുണ്ട്. വോട്ടെടുപ്പിനു ശേഷം ഇതേ കേന്ദ്രങ്ങളില് തന്നെയാണ് സാമഗ്രികള് തിരിച്ചേല്പ്പിക്കേണ്ടത്. കുടുംബശ്രീ ഭക്ഷണ സംവിധാനം ഒരുക്കും. ആരോഗ്യവകുപ്പ് അടിയന്തിര മെഡിക്കല് സഹായമൊരുക്കും.
ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കമ്മ്യൂണിറ്റി ഹെല്ത്ത് സെന്ററുകളും കുടുംബാരോഗ്യ കേന്ദ്രങ്ങളും 25,26 തീയതികളില് രാത്രി എട്ട് വരെ പ്രവര്ത്തിക്കും.
അടിയന്തര വൈദ്യസഹായം ഉറപ്പ് നല്കി 25, 26 തീയതികളില് എല്ലാ വിതരണ കേന്ദ്രങ്ങളിലും മുഴുവന് സമയവും മെഡിക്കല് ടീം സേവനം ലഭ്യമാക്കും. എല്ലാ പോളിംഗ് ഉദ്യോഗസ്ഥര്ക്കും മെഡിക്കല് കിറ്റുകള് വിതരണ കേന്ദ്രങ്ങളില് നിന്നും നല്കും.