ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഒമ്പതുപേര്‍ക്കു പരിക്ക്
1418356
Tuesday, April 23, 2024 7:57 AM IST
കാസര്‍ഗോഡ്: ദേശീയപാതയില്‍ സ്വകാര്യബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഒമ്പതുപേര്‍ക്കു പരിക്ക്. ഇന്നലെ രാവിലെ 9.30 ഓടെ അണങ്കൂര്‍ സ്കൗട്ട് ഭവന് സമീപമാണ് അപകടം.
കണ്ണൂരില്‍നിന്നു കാസര്‍ഗോഡേക്ക് വരികയായിരുന്ന കൃതിക ബസാണ് അപകടത്തില്‍പെട്ടത്. പെരിയ കല്യോട്ടെ പി.ഷീജ, നീലേശ്വരത്തെ രേഷ്മ, പവിത്ര, ചെറുവത്തൂരിലെ കമലാക്ഷന്‍, പ്രഭാകരന്, പെരിയയിലെ ഗോകുല്‍ രാജ്, സറീന, മേഘ, കൃഷ്ണന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കണ്ണൂരില്‍ നിന്നു തന്നെ വരികയായിരുന്ന മറ്റൊരു സ്വകാര്യ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. ദേശീയപാതയുടെ പാര്‍ശ്വഭിത്തി സ്ഥാപിക്കുന്നതിനായി ഒരുക്കിവച്ചിരുന്ന കോണ്‍ക്രീറ്റ് സ്ലാബില്‍ ഇടിച്ചതിനെ തുടര്‍ന്നാണ് ബസ് മറിഞ്ഞത്.
ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെടുകയായിരുന്നു.
റോഡില്‍ മറിഞ്ഞു കിടന്നിരുന്ന ബസിനെ ക്രെയിന്‍ ഉപയോഗിച്ചാണ് മാറ്റിയത്. അപകടത്തെതുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. അമിത വേഗതയാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക പരിശോധനകളില്‍ നിന്ന് മനസിലായതെന്ന് ആര്‍ടിഒ ഇ.എസ്. ഉണ്ണികൃഷ്ണന് പറഞ്ഞു.
ദേശീയപാത നിര്‍മാണം പുരോഗമിക്കുന്ന ഭാഗത്ത് 30 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ പോകാന്‍ പാടില്ലെന്ന് അറിയിപ്പ് നല്കി പലയിടങ്ങളിലും നിര്‍മാണ കമ്പനികള്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മത്സര ഓട്ടത്തിനിടെ നിര്‍ദേശം അവഗണിക്കുന്നതാണ് അപകടത്തിനിടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.