പാളകൾ സുലഭം; പാള പ്ലേറ്റുകൾക്കും വിപണി
1418355
Tuesday, April 23, 2024 7:57 AM IST
പെരിയ: കമുകിൻതോട്ടങ്ങൾ സുലഭമായ ജില്ലയിൽ പാളപ്ലേറ്റ് നിർമാണ യൂണിറ്റുകൾക്ക് സുവർണകാലം. മടിക്കൈ ചാളക്കടവിൽ യുവ എൻജിനിയർമാരായ ദേവകുമാറും ശരണ്യയും തുടക്കമിട്ട പാപ്ലയുടെ മികച്ച വിജയത്തിനു പിന്നാലെ ജില്ലയുടെ മറ്റു ഭാഗങ്ങളിലും പാളപ്ലേറ്റ് യൂണിറ്റുകൾ വ്യാപകമാവുകയാണ്.
വീടുകൾ കേന്ദ്രീകരിച്ചുള്ള ചെറുകിട യൂണിറ്റുകളിൽ നിർമിച്ചെടുക്കുന്ന ഉത്പന്നങ്ങൾ വിദേശവിപണികളിൽ വരെ എത്തിക്കുന്ന സംവിധാനങ്ങളും സജീവമായി.
മാലോം സ്വദേശിയായ ബിജുമോൻ മാത്യുവിന്റെ നേതൃത്വത്തിൽ മാവുങ്കാൽ മൂലക്കണ്ടത്ത് തുടങ്ങിയ കാരൽ മാനുഫാക്ചറീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഈ രംഗത്ത് പുതിയ മാതൃക സൃഷ്ടിക്കുന്നത്. ചെറുകിട യൂണിറ്റുകളിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് മികച്ച വിപണി നേടിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ ദുബായിലേക്കാണ് ഇവർ പാള പ്ലേറ്റുകൾ എത്തിക്കുന്നത്.
ബിജുമോനൊപ്പം നവോദയ വിദ്യാലയത്തിൽ പഠിച്ചിറങ്ങിയ 12 സഹപാഠികൾ ചേർന്നാണ് സ്ഥാപനത്തിന് തുടക്കമിട്ടത്. ജില്ലാ വ്യവസായകേന്ദ്രത്തിന്റെ സഹകരണത്തോടെ ജില്ലയിൽ പലയിടങ്ങളിലായി തുടങ്ങിയ 16 ചെറുകിട യൂണിറ്റുകളിൽ നിന്നുള്ള ഉത്പന്നങ്ങളാണ് കാരലിൽ നിന്നും വിപണിയിലേക്കെത്തിക്കുന്നത്. യൂണിറ്റുകൾ തുടങ്ങാൻ തയാറാകുന്നവർക്ക് ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള പരിശീലനവും യന്ത്രസാമഗ്രികൾ വാങ്ങുന്നതിനുള്ള ബാങ്ക് വായ്പയും വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തന്നെ ലഭ്യമാക്കിയിരുന്നു.
മിക്കവരും വീടുകളിൽ തന്നെയാണ് പാള പ്ലേറ്റ് നിർമാണ യൂണിറ്റുകൾ തുടങ്ങിയത്. ഒരു യൂണിറ്റ് തുടങ്ങാൻ ചുരുങ്ങിയത് 3.5 ലക്ഷം രൂപയാണ് ചെലവ് വരുന്നത്. മൂന്നു വർഷം കൊണ്ട് വായ്പ തിരിച്ചടച്ചാൽ 35 ശതമാനം സബ്സിഡി ലഭിക്കും. ഉത്പന്നങ്ങൾ കാരലിലെത്തിച്ച് ഗുണനിലവാരം പരിശോധിച്ച് പാക്ക് ചെയ്ത് വിപണിയിലെത്തിക്കും. ഇപ്പോൾ മാസം 60,000 രൂപയുടെ പ്ലേറ്റുകൾ വരെ കാരലിൽ എത്തിച്ച് നൽകുന്ന വീടുകളുണ്ട്.
ഇതോടൊപ്പം കൂടുതൽ നിർമാണച്ചെലവുണ്ടാകുന്ന വൈവിധ്യമാർന്ന ഉത്പന്നങ്ങൾ നിർമിക്കുന്നതിനായി സ്ഥാപനത്തിനു കീഴിൽ നേരിട്ടുതന്നെ പ്രൊഡക്ഷൻ യൂണിറ്റ് തുടങ്ങാനും ആലോചനയുണ്ടെന്ന് ബിജുമോൻ മാത്യു പറഞ്ഞു. അതുവഴി കൂടുതൽ പേർക്ക് ജോലി നല്കാനും സാധിക്കും. മടിക്കൈയിലെ പാപ്ലയ്ക്കു കീഴിൽ ഇപ്പോൾത്തന്നെ സ്വന്തായി പ്രൊഡക്ഷൻ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.
കൂടുതൽ സ്ഥലങ്ങളിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള ചെറുകിട യൂണിറ്റുകൾ തുടങ്ങാനും സാധ്യതയുണ്ട്. കമുകിൻതോട്ടങ്ങളിൽ പാഴായിപ്പോകുന്ന പാളകൾക്ക് മികച്ച വിപണനസാധ്യത തുറന്നുകിട്ടുന്നത് കർഷകർക്കും നേട്ടമാകും. ബിജുമോന്റെ നമ്പർ: 7012278338.