പടക്കം പൊട്ടിച്ചത് ചോദ്യംചെയ്ത ഗൃഹനാഥന് മർദ്ദനം: പോലീസുകാരനെതിരെ കേസ്
1418328
Tuesday, April 23, 2024 7:32 AM IST
വെള്ളരിക്കുണ്ട്: വിഷുദിനത്തിൽ പടക്കം പൊട്ടിച്ച് അയൽവീട്ടുപറമ്പിലേക്ക് എറിഞ്ഞതിനെ ചോദ്യംചെയ്ത ഗൃഹനാഥനെയും ഭാര്യയേയും മർദിച്ചതിന് അയൽവാസിയായ പോലീസുകാരനെതിരെ കോടതി നിർദേശപ്രകാരം കേസെടുത്തു.
കൂരാംകുണ്ട് കൈപ്പടക്കുന്നേൽ ജോൺസൺ തോമസിന്റെയും ഭാര്യ ഡെയ്സമ്മയുടെയും പരാതിയിൽ കാസർഗോഡ് എആർ ക്യാമ്പിലെ പോലീസുകാരനായ വലിയവളപ്പിൽ അഭിലാഷിനെതിരെയാണ് വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തത്. 14നു രാത്രി 10.30ഓടെ അഭിലാഷ് പടക്കം പൊട്ടിച്ച് അയൽവീടിന്റെ പറമ്പിലേക്ക് എറിയുകയും ഇതു ജോൺസന്റെ 85 വയസുള്ള ഭാര്യാമാതാവിന് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
ഇതിനെ ചോദ്യംചെയ്തപ്പോൾ അഭിലാഷ് ജോൺസന്റെ വീട്ടുമുറ്റത്തേക്ക് അതിക്രമിച്ചുകയറി അശ്ലീലഭാഷയിൽ ചീത്തവിളിക്കുകയും പരാതിക്കാരനെ അടിച്ചും ചവിട്ടിയും പരിക്കേല്പിക്കുകയും ചെയ്തു. തടസം പിടിക്കാനെത്തിയ ഭാര്യയെ തള്ളിവീഴ്ത്തി പരിക്കേല്പിച്ചതായും സംഭവത്തിൽ ജോൺസന്റെ 4000 രൂപ വിലവരുന്ന കണ്ണട തകർന്നതായും പരാതിയിൽ പറയുന്നു. സംഭവത്തെ തുടർന്ന് ജോൺസണും ഭാര്യയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.