കോണ്‍ഗ്രസിന് മതനിരപേക്ഷ മനസ് നഷ്ടപ്പെട്ടു: മുഖ്യമന്ത്രി
1417999
Monday, April 22, 2024 1:24 AM IST
പയ്യന്നൂര്‍: കോണ്‍ഗ്രസിന് മതനിരപേക്ഷ മനസ് നഷ്ടപ്പെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡ് ലോക്സഭാ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എം.വി. ബാലകൃഷണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പയ്യന്നൂർ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും എടുത്തു കളയാനും കഷ്ണങ്ങളാക്കി മുറിക്കാനും തീരുമാനിച്ചപ്പോള്‍ രാജ്യം മുഴുവന്‍ പ്രതിഷേധിച്ചപ്പോഴും പൗരത്വ നിയമഭേഗഗതി നിയമത്തിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയർപ്പോഴും കോൺഗ്രസ് മൗനം പാലിക്കുകയായിരുന്നു. ഈ സമയങ്ങളിൽ കേരളത്തിൽ നിന്നയച്ച 18 അംഗ സംഘത്തെ എവിടെയും കണ്ടില്ല.
രണ്ടാം യുപിഎ ഭരണത്തിലും ബിജെപി ഭരണത്തിലും സമ്പന്നര്‍ കൂടുതല്‍ അതിസമ്പന്നരാവുകയും പാവങ്ങള്‍ കൂടുതല്‍ പാപ്പരാകുകയുമാണ് ഉണ്ടായത്. ലോകം മുഴുവന്‍ അദ്ഭുതാദരങ്ങളോടെ നോക്കിക്കണ്ട കേരളത്തിലെ അതിജീവനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പങ്ക് എന്തായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. ആപത്കാലത്ത് കേരളത്തിനോട് അവഗണന കാണിച്ചവരാണ് ഇപ്പോള്‍ കേരളത്തെ വികസിപ്പിക്കുമെന്ന വാഗ്ദാനവുമായി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.വി.ബാബു അധ്യക്ഷത വഹിച്ചു. നേതാക്കളായ വി.നാരായണന്, എ.പ്രദീപന്, ജോയ്സ് പുത്തന്‍പുര, കെ.പി. പ്രശാന്ത്, സി.ബാലന്, എ.ജെ.ജോസഫ്, സുബാഷ് അയ്യോത്ത്, കെ.കെ. ജയപ്രകാശ്, അസിനാര്‍ അരവഞ്ചാല്‍ എന്നിവര്‍ പ്രസംഗിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്, സിപിഎം ജില്ല ആക്ടിംഗ് സെക്രട്ടറി ടി.വി.രാജേഷ്, ടി.ഐ.മധുസൂദനന് എംഎല്‍എ, സി. കൃഷ്ണന്, പി.ശശിധരന്, പി.സന്തോഷ് എന്നിവർ പങ്കെടുത്തു.