ആദ്യശ്രമത്തിൽ ആനി ജോർജ്
1416814
Wednesday, April 17, 2024 1:52 AM IST
ആലക്കോട്: സിവിൽ സർവീസ് പരീക്ഷയ്ക്ക് 93ാം റാങ്ക് നേട്ടത്തിന്റെ തിളക്കവുമായി കണ്ണൂർ സ്വദേശിനി. ആലക്കോട് കാർത്തികപുരം എഴുത്താമടയിലെ ആനി ജോർജാണ് മലയോരത്തിന്റെ അഭിമാനമായി മാറിയത്. റിട്ട. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓലിക്കുന്നേൽ ജോർജ്-മാന്പൊയിൽ സ്കൂൾ മുഖ്യാധ്യാപിക സാലി ദന്പതികളുടെ മകളായ ആനി ജോർജ് ആദ്യ പരിശ്രമത്തിൽ തന്നെയാണ് സിവിൽ സർവീസ് കരസ്ഥമാക്കിയത്. പത്താം ക്ലാസ് വരെ ആലക്കോട് സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു പഠനം.
ശ്രീകണ്ഠപുരം പൊടിക്കളത്തെ മേരിഗിരി ഹയർസെക്കൻഡറിയിലെ പ്ലസ് ടു പഠനത്തിന് ശേഷം മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കി. തുടർന്ന് തിരുവനന്തപുരം ഐലേൺ ഐഎഎസ് അക്കാഡമിയിൽ നിന്നും ആന്ത്രപ്പോളജി ഐഛിക വിഷയമായി എടുത്താണ് സിവിൽ സർവീസ് പരീക്ഷയെഴുതിയത്. ഐഎഎസ് എടുക്കാനാണ് താത്പര്യമെന്നും കേരളത്തിൽ തന്നെ ജോലി ചെയ്യാനാണ് താത്പര്യമെന്നും ആനി ജോർജ് പറഞ്ഞു. ജോർജ്-സാലി ദന്പതികളുടെ മൂന്നു മക്കളിൽ മൂത്തവളാണ് ആനി ജോർജ്. ഡിഗ്രി പഠനത്തിന് ശേഷം എംബിഎയക്ക് ചേരാൻ തയാറെടുക്കുന്ന മാത്യു ജോർജ്, പ്ലസ് ടു വിദ്യാർഥിനി തെരേസ ജോർജ് എന്നിവർ സഹോദരങ്ങളാണ്.
പൊടിക്കളം മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂൾ പൂർവ വിദ്യാർഥിനിയായ ആനി ജോർജിന്റെ സിവിൽ സർവീസ് പരീക്ഷ വിജയം മലയോരത്തിനും സ്കൂളിനും അഭിമാനാർമായ നേട്ടമാണെന്ന് സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. റജി സ്കറിയ സിഎസ്ടി പറഞ്ഞു. ആദ്യ പരിശ്രമത്തിൽ തന്നെ സിവിൽ സർവീസ് പരീക്ഷയെന്ന കടന്പ കടക്കാനായതിനു പിന്നിലെ കഠിന പരിശ്രമവും ഇച്ഛാശക്തിയും മറ്റുള്ളവർക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.