ചെരുമ്പക്കോട് കോളനിയിൽ ഡിവൈഎസ്പി സന്ദർശനം നടത്തി
1395883
Tuesday, February 27, 2024 6:34 AM IST
കൊന്നക്കാട്: ചെരുമ്പക്കോട് എസ്ടി കോളനിയിൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം എസ്എംഎസ് ഡിവൈഎസ്പി സതീഷ്കുമാർ ആലക്കൽ നടത്തിയ സന്ദർശനത്തിൽ ലഭിച്ചത് 50 ഓളം പരാതികൾ. റോഡ്, കുടിവെള്ളം, വീട്, ശുചിമുറി, പഠനമുറി, ചികിത്സാധനസഹായം തുടങ്ങിയ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാതികൾ.
പരിഹാരം കാണാനാകാത്ത പരാതികളിന്മേൽ കേസെടുത്ത് തുടർ നടപടികളും സ്വീകരിക്കും. മുതിർന്നവരും കുട്ടികളും അമ്മമാരും ഉൾപ്പെടെയുള്ളവർ നല്കിയ പരാതികളിൽ അധികവും വീടും കുടി വെള്ളവുമായി ബന്ധപ്പെട്ടതായിരുന്നു.
കൂടാതെ വ്യാജമദ്യ വില്പനയും മദ്യപാനവും മൂലവും ഉണ്ടാകുന്ന പ്രശ്നങ്ങളും പരാതിയായി.
ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ ടി.കെ. ഷിജു, വാർഡ് മെംബർ മോൻസി ജോയ്, വെള്ളരിക്കുണ്ട് തഹസിൽ ദാർ പി.വി. മുരളി, വെള്ളരിക്കുണ്ട് എസ്ഐ കെ.കെ. രാധാകൃഷ്ണൻ, താലൂക്ക് സപ്ലൈ ഓഫീസർ ടി.സി. സജീവൻ, ഊരുമൂപ്പൻ കൃഷ്ണൻ പായാളം എന്നിവർ പ്രസംഗിച്ചു.