സംയോജിത ആശയവിനിമയ ബോധവത്കരണ പരിപാടി ഇന്നുമുതല്‍
1395678
Monday, February 26, 2024 1:39 AM IST
കാസര്‍ഗോഡ്: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ കണ്ണൂരിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്‍ ചെര്‍ക്കളയില്‍ അഞ്ചുദിവസത്തെ സംയോജിത ആശയ വിനിമയ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് കാസര്‍ഗോഡ് ജില്ലാ ഓഫീസുമായി ചേര്‍ന്നാണ് ഗവണ്മെന്റ് പദ്ധതികള്‍, സ്വയംതൊഴില്‍ സംരംഭങ്ങള്‍, ആരോഗ്യം, ശുചിത്വം, സൈബര്‍ സുരക്ഷ തുടങ്ങിയവയെ കുറിച്ച് ആശയ വിനിമയ പരിപാടി സംഘടിപ്പിക്കുന്നത്.
മാര്‍ച്ച് ഒന്ന് വരെ നടത്തുന്ന പരിപാടി ചെര്‍ക്കള ഐ മാക്സ് ഓഡിറ്റോറിയത്തില്‍ ഇന്നു രാവിലെ 10ന് രാജ് മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ എന്നിവര്‍ പങ്കെടുക്കും.
ജനകീയ പദ്ധതികളെക്കുറിച്ച് വിദഗ്ധര്‍ നയിക്കുന്ന ക്ലാസുകള്‍, വിവിധ വകുപ്പുകളുടെ പ്രദര്‍ശന സ്റ്റാളുകള്‍, കലാപരിപാടികള്‍ തുടങ്ങിയവയും ഒരുക്കുന്നുണ്ട്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വ്യക്തികളെയും സംഭവങ്ങളും ചിത്രീകരിക്കുന്ന ഫോട്ടോ പ്രദര്‍ശനം പരിപാടിയുടെ ഭാഗമായുണ്ട്. ആയുര്‍വേദം,ഹോമിയോ, അലോപ്പതി വിഭാഗങ്ങളുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്, തപാല്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതിനുള്ള സൗകര്യം തുടങ്ങിയവയും ക്രമീകരിക്കും. സമ്മതിദായക ബോധവത്കരണത്തിന്റെ ഭാഗമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് പരിചയപ്പെടുത്തും.
കാര്‍ഷിക കോളജ്, കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം, ബിഎസ്എന്‍എല്‍, ഐഒസി, ശുചിത്വമിഷന്, വനിതാ ശിശുവികസന വകുപ്പ്, കുടുംബശ്രീ തുടങ്ങിയവയുടെ പ്രദര്‍ശന സ്റ്റാളുകള്‍ ഉണ്ടാകും. പത്ര സമ്മേളനത്തില്‍ പിഐബി, സിബിസി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വി. പളനിച്ചാമി, കണ്ണൂര്‍ ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ ബിജു കെ. മാത്യു, പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ എം. സ്മൃതി എന്നിവര്‍ പങ്കെടുത്തു.