ഇന്ത്യ മുന്നണി ദുര്‍ബലമാകാന്‍ കാരണം കോണ്‍ഗ്രസ്: ബിനോയ് വിശ്വം
1395129
Saturday, February 24, 2024 6:17 AM IST
കാസര്‍ഗോഡ്: ഇന്ത്യാ മുന്നണി ദുര്‍ബലമാകുന്നതിന്റെ പിന്നില്‍ പലപ്പോഴും കോണ്‍ഗ്രസിന്റെ യാഥാര്‍ഥ്യബോധമില്ലാത്ത സമീപനങ്ങള്‍ ഒരു കാരണമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. സിപിഐ ജില്ലാ ജനറല്‍ബോഡി യോഗം കാസര്‍ഗോഡ് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മധ്യപ്രദേശ്, രാജസ്ഥാന് തെരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടിയുടെ കാരണം കോണ്‍ഗ്രസിന്റെ ഈ സമീപനമാണ്. എങ്കിലും ഇന്ത്യ മുന്നണി ഈ തെരഞ്ഞെടുപ്പില്‍ അവരില്‍ നിക്ഷിപ്തമായിരിക്കുന്ന രാഷ്ട്രീയ കടമ നിര്‍വഹിക്കുക തന്നെ ചെയ്യും. തെരഞ്ഞെടുപ്പ് രംഗം പണക്കൊഴുപ്പിന്റെ പിടിയിലാണ്. കോര്‍പറേറ്റുകളാണ് പണം ഒഴുക്കുന്നത്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പോലുള്ള കക്ഷികള്‍ക്ക് പണാധിപത്യത്തെ നേരിടാന്‍ പ്രവര്‍ത്തകരെയും ജനങ്ങളെയും സമീപിക്കുക മാത്രമേ പരിഹാരമുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരന് എംഎല്‍എ, ഗോവിന്ദന് പള്ളിക്കാപ്പില്‍, ടി. കൃഷ്ണന്, എം. അസിനാര്‍, കെ.വി. കൃഷ്ണന്, ബങ്കളം കുഞ്ഞികൃഷ്ണന്, പി. ഭാര്‍ഗവി, എം. കുമാരന്, വി. സുരേഷ് ബാബു, ജയരാമ ബല്ലംകൂടല്‍, കെ. ചന്ദ്രശേഖരഷെട്ടി, കെ. കുഞ്ഞിരാമന്, എന്‍. പുഷ്പരാജന്‍, എം. ഗംഗാധരന്, വി. രാജന് എന്നിവര്‍ സംബന്ധിച്ചു.