ന്യൂനപക്ഷ കമ്മീഷന് ചെയര്‍മാനെതിരേ രൂക്ഷവിമര്‍ശനവുമായി ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി
1394599
Thursday, February 22, 2024 1:10 AM IST
കാസര്‍ഗോഡ്: കേരള സ്റ്റേറ്റ് ന്യൂനപക്ഷ കമ്മീഷന് ഫെബ്രുവരി 17നു കാസര്‍ഗോഡ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാ സെമിനാറില്‍ ജനങ്ങളുടെ ആവശ്യങ്ങളും പരാതിയും കേള്‍ക്കാന്‍ തയ്യാറാകാത്ത കമ്മീഷന് ചെയര്മാന് എ.എ. റഷീദ് ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്നും സർക്കാർ പുറത്താക്കണമെന്നും ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
ജില്ലയില്‍ നിന്നുള്ള ആവശ്യങ്ങള്‍ കേള്‍ക്കാനാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയെ തന്നെ സെമിനാറിന് ലഭിക്കണമെന്ന് കമ്മീഷന് അംഗങ്ങളുള്ള സംഘാടകസമിതി രൂപീകരണ യോഗത്തില്‍ ആവശ്യപ്പെട്ടതും തീരുമാനിച്ചതും. എന്നാല്‍ മന്ത്രി രണ്ടു മണിക്കൂര്‍ വൈകി എത്തുകയും ഉദ്ഘാടന പ്രസംഗം നടത്തി പോവുകയും ചെയ്തു.
അധ്യക്ഷനായിരുന്ന കമ്മീഷന് ചെയര്മാന് ആരെയും കേള്‍ക്കാനോ മറുപടി പറയാനോ തയാറായില്ല. നിശ്ചയിച്ച ഓപ്പണ്‍ ഫോറത്തില്‍ ആവശ്യങ്ങളും പരാതികളും പറയാന്‍ വന്നവരോട് ഇതൊന്നും അനുവദിക്കാന്‍ പറ്റില്ലെന്നും സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് കമ്മീഷന്റെ ചെലവില്‍ വേണ്ടെന്നുമാണ് പറഞ്ഞത്.
മന്ത്രി വരുന്ന പരിപാടിയില്‍ സ്ഥലം എംഎല്‍എയെ അധ്യക്ഷ സ്ഥാനത്ത് ഇരുത്തണമെന്ന ആവശ്യവും അനുവദിച്ചില്ല. എല്ലാ ന്യൂനപക്ഷ സമുദായ നേതൃത്വങ്ങളെയും നേരിട്ട് കണ്ട് ക്ഷണിച്ച് ഏറ്റവും വലിയ ജനക്കൂട്ടത്തെ സംഘടിപ്പിച്ച് പരിപാടി വിജയിപ്പിക്കാന്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിച്ച സംഘാടകസമിതി ചെയര്‍മാനോട് നിങ്ങളുടെ രാഷ്ട്രീയം ഇവിടെ നടക്കില്ല എന്ന് പറഞ്ഞ് പരിപാടി അവസാനിപ്പിക്കുകയായിരുന്നു കമ്മീഷന് ചെയര്മാന്.
തനി രാഷ്ട്രീയക്കാരനായി വന്നത് ന്യൂനപക്ഷ കമ്മീഷന് എന്ന സ്റ്റാറ്റിയുട്ടറി പദവിയുള്ള പോസ്റ്റില്‍ ഇരിക്കുന്ന ഒരാള്‍ക്ക് ഒട്ടും യോജിച്ചതല്ല. പൂര്‍ണമായി കാസര്‍ഗോട്ടെ ജനങ്ങള്‍ സംഘടിപ്പിച്ച ജില്ലാ സെമിനാറില്‍ കമ്മീഷന് ചെയര്‍മാന്റെ ധിക്കാരം ജില്ലാ സെമിനാര്‍ പരിപാടിക്ക് തന്നെ അപമാനമായി. സര്‍ക്കാരിന്റെ രാഷ്ട്രീയ നാവായി പ്രവര്‍ത്തിക്കുന്ന ചെയര്‍മാനെ ഒഴിവാക്കി കമ്മീഷന്റെ ചെലവില്‍ ജനങ്ങളെ കേള്‍ക്കാനുള്ള ജില്ലാ സെമിനാര്‍ വീണ്ടും നടത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി കാഞ്ഞങ്ങാട് വൈസ് പ്രസിഡന്റ് മൂസ ബി. ചെര്‍ക്കള, സെക്രട്ടറി മുഹമ്മദലി പീടികയില്‍, എക്സിക്യൂട്ടീവ് മെംബര്‍ നാസര്‍ ചെര്‍ക്കളം എന്നിവര്‍ പങ്കെടുത്തു.
ധവളപത്രം പുറത്തിറക്കണം
കാസര്‍ഗോഡ്: ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി കഴിഞ്ഞ ഏഴര വര്‍ഷക്കാലത്തെ ഭരണത്തിനിടയില്‍ ഇടതു മുന്നണി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളും ചെലവഴിച്ച ബജറ്റ് വിഹിതവും ധവളപത്രത്തിലൂടെ പുറത്തിറക്കണമെന്ന് കേരള സ്റ്റേറ്റ് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബജറ്റില്‍ വകയിരുത്തിയ 76.1 കോടി രൂപയില്‍ ചെലവഴിച്ചത് 10.79 കോടി മാത്രമായിരുന്നു. 14 ശതമാനത്തില്‍ ഒരു രൂപ പോലും ചെലവഴിക്കാത്ത നിരവധി പദ്ധതികള്‍ വേറെയുമുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.