വീണ്ടും കാട്ടാനയിറങ്ങി; വ്യാപക കൃഷിനാശം
1394597
Thursday, February 22, 2024 1:10 AM IST
പനത്തടി: വിനോദസഞ്ചാരകേന്ദ്രമായ റാണിപുരത്ത് കഴിഞ്ഞ ആഴ്ച കാട്ടാന ഇറങ്ങിയതിന് പിന്നാലെ ഇന്നലെ പനത്തടി പഞ്ചായത്തിലെ 13-ാം വാർഡ് മാട്ടക്കുന്ന് ജനവാസ കേന്ദ്രത്തിന് 200 മീറ്റർ അകലെ കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.പ്രാദേശിക കർഷകരായ കുരുവിളയുടെ ഇരുപത്തിയഞ്ച് ഏക്കർ കൃഷിസ്ഥലത്തെ അൻപതോളം നാടൻ വാഴകളും തെങ്ങുകളും, താന്നിക്കാൽ ചെണ്ണമ്മ ഭായിയുടെ തോട്ടത്തിലെ തെങ്ങുകളും സമീപത്തെ ഐത്തുനായ്ക്കരുടെ കൃഷിയിടത്തിലെ കാപ്പി ചെടികളുമാണ് കാട്ടാനയിറങ്ങി നശിപ്പിച്ചത്. മരുതോം ഫോറസ്റ്റ് സെക്ഷൻ പരിധിയിലാണ് ഈ സ്ഥലം.
മാട്ടക്കുന്ന് താന്നിക്കാൽ കോളനിയിൽ 56 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. വനാതിർത്തിയോട് ചേർന്ന് തന്നെയാണ് ഇവരുടെ കൃഷിസ്ഥലവും. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാനായി വനാതിർത്തിയിൽ അടിയന്തരമായി സുരക്ഷാവേലി സ്ഥാപിക്കണമെന്ന് കോളനി നിവാസികൾ ആവശ്യപ്പെട്ടിരുന്നു.
റാണിപുരത്ത് കഴിഞ്ഞ ദിവസം ജില്ലാകളക്ടർ വിളിച്ച് ചേർത്ത യോഗത്തിൽ വാർഡ് മെംബർ എൻ. വിൻസന്റ് ഇതു സംബന്ധിച്ച് കളക്ടർക്ക് നിവേദനം നൽകിയിരുന്നു.