ക്ഷേമപെൻഷൻ വിതരണം: സർക്കാരിനെതിരേ യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം
1374696
Thursday, November 30, 2023 7:30 AM IST
തൃക്കരിപ്പൂർ: പഞ്ചായത്തുകളെ ജനങ്ങൾക്കിടയിൽ പ്രതികളാക്കുന്ന തരത്തിൽ ക്ഷേമപെൻഷൻ സംസ്ഥാന സർക്കാർ തടഞ്ഞുവരുന്നുവെന്ന് ആരോപിച്ച് യുഡിഎഫ് പഞ്ചായത്തംഗങ്ങളുടെ പ്രതിഷേധം. തൃക്കരിപ്പൂർ പഞ്ചായത്തംഗങ്ങളായ 14 പേരാണ് ടൗണിലും പഞ്ചായത്ത് ഓഫീസിന് മുന്നിലും പ്രതിഷേധ സമരം നടത്തിയത്.
മസ്റ്ററിംഗും സാക്ഷ്യപത്രവുമെല്ലാം ഹാജരാക്കിയ ഗുണഭോക്താക്കളോട് രേഖകൾ ഹാജരാക്കിയില്ലെന്ന് പറഞ്ഞ് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. പെൻഷൻ സംസ്ഥാന ഓഫീസിൽ വിളിച്ചപ്പോൾ വ്യക്തമായ മറുപടി കിട്ടുന്നില്ലെന്നും സർക്കാറിന്റെ ഇത്തരം പിടിപ്പുകേട് പഞ്ചായത്തിന്റെ തലയിൽ കെട്ടിവെക്കുന്ന നീക്കമാണ് നടക്കുന്നതെന്നും യുഡിഎഫ് അംഗങ്ങൾ പറഞ്ഞു.
പ്രിയദർശിനി മന്ദിരത്തിൽ നിന്നും പ്ലക്കാർഡുകളുമേന്തി പ്രകടനമായെത്തിയാണ് ടൗണിലെ ക്ലോക്ക് ടവർ പരിസരത്തും പഞ്ചായത്തിനു മുന്നിലും പ്രതിഷേധ സമരം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ, മുൻ പ്രസിഡന്റ് സത്താർ വടക്കുമ്പാട്, എം. രജീഷ് ബാബു എന്നിവർ പ്രസംഗിച്ചു.
അർഹതപ്പെട്ടവർക്ക് പെൻഷൻ നൽകാൻ വേണ്ട ഇടപെൽ സർക്കാർ അടിയന്തിരമായി നടത്തണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ട് സമരവുമായി മുന്നോട്ട് പോകാനും തീരുമാനിച്ചു.
അതേസമയം തുടർന്ന് നടന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പെൻഷൻ വിതരണത്തിലെ അപാകത ചൂണ്ടിക്കാട്ടി ഭരണ പ്രതിപക്ഷ അംഗങ്ങളുടെ വാക്പോരും നടന്നു.
പ്രതിപക്ഷത്തെ എൽഡിഎഫിന്റെ ഏഴിൽ പങ്കെടുത്ത ആറ് അംഗങ്ങൾ നവകേരള സദസിന് പണം നൽകാൻ ആവശ്യപ്പെട്ടപ്പോഴാണ് ഭരണപക്ഷമായ യുഡിഎഫിലെ മുസ്ലിം ലീഗ്-കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധവുമായി എഴുന്നേറ്റ് എൽഡിഎഫ് അംഗങ്ങളെ എതിർത്തത്.
കൃത്യമായി പെൻഷൻ നൽകാൻ കഴിയാത്ത സർക്കാരിന് ധൂർത്ത് നടത്താൻ പണം കൊടുക്കരുതെന്നാവശ്യപ്പെടുകയും ചെയ്തു. ഇതാണ് വാക്ക് തർക്കത്തിനിടയാക്കിയത്. പിന്നീട് ഭൂരിപക്ഷ അംഗങ്ങളുടെ അഭിപ്രായപ്രകാരം 50,000 രൂപ നൽകേണ്ടെന്ന് പഞ്ചായത്ത് തീരുമാനിച്ചു.