അര്‍ഹതയില്ലാത്ത മഞ്ഞക്കാര്‍ഡുകള്‍ തിരിച്ചേല്പിക്കണമെന്ന് സപ്ലൈ ഓഫീസര്‍
1339666
Sunday, October 1, 2023 6:36 AM IST
വെള്ളരിക്കുണ്ട്: താലൂക്ക് പരിധിയില്‍ അര്‍ഹതയില്ലാതെ മഞ്ഞ (എഎവൈ) റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ അടിയന്തിരമായി അവ സപ്ലൈ ഓഫീസില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.സി. സജീവന് അറിയിച്ചു.
താലൂക്കില്‍ ഇപ്പോള്‍ 9447 എഎവൈ കാര്‍ഡുകളാണ് ആകെയുള്ളത്. ഇവരില്‍ നിരവധി കുടുംബങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന പ്രയാസങ്ങളുടെ അടിസ്ഥാനത്തില്‍ ലഭിച്ച മഞ്ഞ കാര്‍ഡുകള്‍ സാമ്പത്തിക പുരോഗതി നേടിയ ശേഷവും അനര്‍ഹമായി ഉപയോഗിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്.
പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും മാരകരോഗികള്‍ ഉള്‍പ്പെട്ടതോ അതിദാരിദ്ര്യമുള്ളതോ വിധവകള്‍, ഉപേക്ഷിക്കപ്പെട്ട സ്ത്രീ, അവിവാഹിതരായ അമ്മ എന്നിങ്ങനെയുള്ള ഏതെങ്കിലും അംഗങ്ങള്‍ ഉള്‍പ്പെടുന്നതോ ആയ കുടുംബങ്ങള്‍ക്കും ആശ്രയ പട്ടികയില്‍ ഉള്‍പ്പെട്ടതും സാമ്പത്തിക പുരോഗതി കൈവരിച്ചിട്ടില്ലാത്തതുമായ കുടുംബങ്ങള്‍ക്കും മാത്രമാണ് എഎവൈ കാര്‍ഡുകള്‍ ലഭിക്കാന്‍ അര്‍ഹതയുള്ളത്. ഇവര്‍ക്ക് പ്രതിമാസം 30 കിലോ അരിയും അഞ്ചുകിലോ വരെ ആട്ട, ഗോതമ്പ് എന്നിവയും പൂര്‍ണമായും സൗജന്യമായി നല്‍കുന്നുണ്ട്.
എന്നാല്‍ ഇരുനില വിടുകളോ നാലുചക്ര വാഹനങ്ങളോ ഉള്ളവരും വിദേശത്ത് നല്ല നിലയില്‍ ജോലിയുള്ളവരും ആദായനികുതി അടക്കുന്നവരുമുള്പ്പെടെ മഞ്ഞക്കാര്‍ഡുകള്‍ കൈവശം വെക്കുന്നതായി കാണുന്നുണ്ടെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.