മുഖ്യമന്ത്രി ഞങ്ങളുടെ സങ്കടമറിയണം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഒത്തുചേര്‍ന്നു
1338127
Monday, September 25, 2023 1:13 AM IST
കാഞ്ഞങ്ങാട്: മുഖ്യമന്ത്രി തങ്ങളുടെയും സങ്കടങ്ങള്‍ കേള്‍ക്കണമെന്നാവശ്യപ്പെട്ട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ ഒത്തുചേര്‍ന്നു.
പെന്‍ഷനും മരുന്നുകളും ആശുപത്രികളിലേക്കുള്ള വാഹനസൗകര്യവും നിലച്ചിട്ട് മാസങ്ങളായെന്നും ഇതൊക്കെ പറയാനുള്ള സെല്‍ യോഗം മാസങ്ങളായി ചേരാത്ത അവസ്ഥയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്ന് അനുകൂലമായ നടപടികളൊന്നുമുണ്ടാകാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ആവശ്യപ്പെട്ടു.
സെല്‍ ചെയര്‍മാനായ മന്ത്രി മുഹമ്മദ് റിയാസിന്റെ തിരക്കുകള്‍ പരിഗണിച്ച് ചെയര്‍മാന്റെ ഉത്തരവാദിത്വം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നല്കി യോഗങ്ങള്‍ കൃത്യമായി നടത്താനുള്ള സാഹചര്യമൊരുക്കണമെന്നും മുന്നണി നേതാക്കള്‍ ആവശ്യപ്പെട്ടു.
ജനകീയ മുന്നണി പ്രസിഡന്റ് മുനീസ അമ്പലത്തറ, അമ്പലത്തറ കുഞ്ഞികൃഷ്ണന്, രാജന് കയ്യൂര്‍, ഫറീന കോട്ടപ്പുറം, ജയന്തി ബദിയടുക്ക, രാധാകൃഷ്ണന് ചീമേനി, പ്രേമചന്ദ്രന് ചോമ്പാല, പി. ഷൈനി, ഇ. തമ്പാന്, ബാലകൃഷ്ണന് കള്ളാര്‍ എന്നിവര്‍ പ്രസംഗിച്ചു.