സൂക്ഷിച്ചില്ലെങ്കില്‍ വസ്തുവും പണവും നഷ്ടമാകും കെണിയൊരുക്കി ഭൂമാഫിയയും
1337478
Friday, September 22, 2023 3:20 AM IST
കാഞ്ഞങ്ങാട്: കാര്‍ഷികമേഖലയിലെ സാമ്പത്തിക പ്രതിസന്ധികളും പുതുതലമുറ വിദേശങ്ങളിലേക്ക് പറക്കുന്നതും മൂലം മലയോരത്ത് വസ്തു വില്‍ക്കാനൊരുങ്ങുന്നവരെ കെണിയില്‍ പെടുത്താന്‍ പലവിധ അടവുകളുമായി ഭൂമാഫിയയും സജീവം. ഏജന്റുമാരെ കണ്ണടച്ച് വിശ്വസിച്ചാല്‍ കണ്ണു തുറക്കുന്നതിനുമുമ്പ് വസ്തുവും അതിന്റെ വിലയും കൈയില്‍നിന്ന് നഷ്ടമായേക്കാം.
മലയോരഗ്രാമത്തില്‍ പിതൃസ്വത്തായി ലഭിച്ച മൂന്നേക്കര്‍ സ്ഥലവും വീടും വില്പന നടത്താനിറങ്ങിയ ഒരു കര്ഷകന് ഭൂമാഫിയയുടെ കുരുക്കില്‍പെട്ട് ഉള്ളതെല്ലാം നഷ്ടപ്പെട്ട് ഇപ്പോള്‍ സ്വന്തം വീട്ടില്‍ വാടകയ്ക്ക് താമസിക്കേണ്ട നിലയിലാണ്.
സ്ഥലവും വീടും വില്‍ക്കുന്ന കാര്യം അറിഞ്ഞെത്തിയ ബ്രോക്കര്‍മാര്‍ ആറുമാസത്തെ അവധി പറഞ്ഞ് അഡ്വാന്‍സ് തുക നൽകിയതായിരുന്നു. ഈ കാലയളവില്‍ സ്ഥലം പ്ലോട്ടുകളായി തിരിച്ച് മറിച്ചുവിൽക്കുന്നതിനുള്ള അനുമതിയും തേടി.
കര്ഷകന് സമ്മതിച്ചതോടെ സ്ഥലത്തെ ഫലവൃക്ഷാദികള്‍ മുറിച്ചു മാറ്റി ഇടയിലൂടെ റോഡ് നിര്‍മിച്ചു. പ്ലോട്ടുകള്‍ കൂടിയ വിലയ്ക്ക് മറിച്ചുവിൽക്കാന്‍ തുടങ്ങിയതോടെ കര്‍ഷകനെ കൂടി തങ്ങള്‍ക്കൊപ്പം പാര്‍ട്ണറായി ഉള്‍പ്പെടുത്തുമെന്ന് വാഗ്ദാനം നല്കി ആദ്യം നല്കിയ അഡ്വാന്‍സ് ഉള്‍പ്പെടെ സ്ഥലത്തിന്റെ വിലയായി ലഭിച്ച തുക മുഴുവന്‍ വീണ്ടും മുതലിറക്കാന്‍ പ്രേരിപ്പിച്ചു.
ഇതില്‍ ഒരു പങ്ക് പലിശ ഇടപാടുകളിലേക്കും മുതലിറക്കി. ഇതേ രീതിയില്‍ മറിച്ചുവിൽക്കുന്നതിനായി മറ്റൊരു സ്ഥലത്തിന് അഡ്വാന്‍സ് നല്‍കുകയും ചെയ്തു. ഇങ്ങനെ പണം മുഴുവനും കൈക്കലാക്കിയ ശേഷം ബ്രോക്കര്‍മാര്‍ ക്രമേണ പിന്‍വലിയുകയായിരുന്നു.
ആറുമാസം കഴിഞ്ഞിട്ടും ഈ പണമൊന്നും തിരികെ കിട്ടാതായതോടെ പകരം സ്ഥലം വാങ്ങുകയെന്ന കണക്കുകൂട്ടല്‍ തെറ്റി. സ്വന്തം വീടുള്‍പ്പെടുന്ന പ്ലോട്ട്
വാങ്ങിയ ആളിന്റെ കാരുണ്യം കൊണ്ട് ഇപ്പോള്‍ ഇതേ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയാണ്.
പലിശ ഇടപാടുകള്‍ക്കായി മുതലിറക്കിയ പണവും ബ്രോക്കര്‍മാര്‍ കൈക്കലാക്കി. സ്വന്തം കൈയിലുണ്ടായിരുന്ന മൂന്നേക്കര്‍ സ്ഥലത്തില്‍ വില്ക്കാന് സാധിക്കാതെ വന്ന 60 സെന്റ് മാത്രമാണ് ഇപ്പോള്‍ ബാക്കിയുള്ളത്.
ഇത് എല്ലാ പ്ലോട്ടുകളുടെയും പിന്നില്‍ കാടുപിടിച്ചു കിടക്കുന്ന ഭാഗമാണ്. ബ്രോക്കര്‍മാരില്‍ നിന്നും പണം തിരികെ കിട്ടാന്‍ ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ് കര്ഷകന്.