ആന പോയപ്പോള്‍ മുളിയാറിലും പാണ്ടിയിലും പുലിഭീതി
1337200
Thursday, September 21, 2023 6:39 AM IST
കാനത്തൂര്‍: മാസങ്ങളായി ജനവാസകേന്ദ്രങ്ങളില്‍ തമ്പടിച്ച കാട്ടാനകളെ ഒരുവിധം സൗരോര്ജവേലിക്കപ്പുറത്തെത്തിച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും മുളിയാറിലും പാണ്ടിയിലും പുലിഭീതി. ഇരിയണ്ണിക്കു സമീപം പേരടുക്കത്താണ് കഴിഞ്ഞ ദിവസം കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കള്‍ മുള്ളന്‍പന്നിയെ കടിച്ചെടുത്ത് പോകുന്ന പുലിയെ കണ്ടതായി പറയുന്നത്.
ഇവര്‍ പറഞ്ഞ സ്ഥലത്ത് പിന്നീട് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തിയപ്പോള്‍ മുള്ളന്‍പന്നിയുടെ മുള്ളുകളും ചോരത്തുള്ളികളും അവിടവിടെയായി കണ്ടെത്തുകയും ചെയ്തു. എന്നാല്‍ ഇത് പുലിയായിരിക്കാന് സാധ്യതയില്ലെന്നും ചെറുവനങ്ങളില്‍ പൊതുവേ കാണുന്ന പട്ടിപ്പുലിയായിരിക്കാനാണ് സാധ്യതയെന്നുമാണ് വനംവകുപ്പിന്റെ നിഗമനം.
അതേസമയം പാണ്ടി വനത്തിനു സമീപം പള്ളഞ്ചി-പാണ്ടി റോഡില്‍ ഞായറാഴ്ച രാത്രി പുലി തന്നെ ഇറങ്ങിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന പള്ളഞ്ചി സ്വദേശി അബ്ദുള്‍ റഹ്മാനാണ് വെള്ളരിക്കയ എന്ന സ്ഥലത്തിനു സമീപം പുലിയെ കണ്ടത്. പാണ്ടി വനത്തില്‍ പുലിയുടെ സാന്നിധ്യം നേരത്തേ വനംവകുപ്പിന്റെ ക്യാമറയില്‍ തന്നെ പതിഞ്ഞിട്ടുണ്ട്. തീര്‍ഥക്കര ഭാഗത്ത് ഏതാനും മാസംമുമ്പ് വളര്‍ത്തുമൃഗങ്ങളെ പുലി പിടിച്ച സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
ആനകളുടെ ഉയരം കണക്കാക്കി സ്ഥാപിച്ച സൗരോര്‍ജവേലി പുലിക്ക് തടസമല്ലാത്തതിനാല് പ്രദേശത്ത് കൂടുതല്‍ കാമറകള്‍ സ്ഥാപിക്കണമെന്നും ദ്രുതകര്‍മസേനയുടെ നിരീക്ഷണം ശക്തമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.