റൈസിംഗ് കാസര്‍ഗോഡ് നിക്ഷേപ സംഗമത്തിന് സമാപനം
1336949
Wednesday, September 20, 2023 6:55 AM IST
ഉദുമ: റൈസിംഗ് കാസര്‍ഗോഡ് നിക്ഷേപക സംഗമത്തില്‍ ജില്ലയില്‍ 282 കോടി രൂപയുടെ നിക്ഷേപത്തിന് അന്തിമരൂപമായതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞു. 300 കോടി രൂപയുടെ പ്രവാസി ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ പ്രവാസി ചേംബര്‍ ഓഫ് കൊമേഴ്സ് മുന്നോട്ട് വന്നിട്ടുണ്ടെന്നും ഇതിന്റെ സാധ്യതയും ഡിപിആറും പഠിച്ച് പിന്നീട് അന്തിമ തീരുമാനമെടുക്കുമെന്ന് ബേബി ബാലകൃഷ്ണന് പറഞ്ഞു.
ആദ്യദിനം നൂറോളം നിക്ഷേപകര്‍ക്ക് മുന്നില്‍ തെരഞ്ഞെടുക്കപ്പെട്ട 22 പ്രോജക്ടുകള്‍ അവതരിപ്പിക്കപ്പെട്ടു. നിക്ഷേപകര്‍ക്ക് അവര്‍ തിരഞ്ഞെടുക്കുന്ന പ്രോജക്ടുകള്‍ സംരംഭങ്ങള്‍ ആക്കി മാറ്റാനുള്ള പിന്തുണാ സംവിധാനം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷയായും ജില്ലാ വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ കണ്‍വീനറുമായ സമിതിയില്‍ വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രതിനിധികള്‍ അംഗങ്ങള്‍ ആയിരിക്കും.
നിക്ഷേപക സംഗമത്തില്‍ വിവിധ മേഖലകളില്‍ നിക്ഷേപ താല്പര്യം അറിയിച്ച സംരംഭകര്‍ക്കായി വരും ദിവസങ്ങളില്‍ പ്രത്യേകം യോഗം ചേരും. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 1000 കോടി രൂപയുടെ നിക്ഷേപമാണ് ജില്ലയില്‍ പ്രതീക്ഷിക്കുന്നത്.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത്ത് കുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ആദില്‍ മുഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം. മനു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.ജെ. സജിത്ത്, ജോമോന് ജോസ്, ജാസ്മിന് കബീര്‍, ഷിനോജ് ചാക്കോ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ. സജീവ്, നവകേരളം ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ. ബാലകൃഷ്ണന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.