അറിയാം സ്ത്രീകള്‍ക്കായുള്ള ക്ഷേമപദ്ധതികള്‍
1336944
Wednesday, September 20, 2023 6:55 AM IST
കാസര്‍ഗോഡ്: സ്ത്രീകള്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ അനവധിയാണ്. അവരുടെ സുരക്ഷയും ജീവിതവും മെച്ചപ്പെടുത്തുന്നതിലേക്കായി നിരവധി പദ്ധതികള്‍ ആണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വനിത ശിശു വികസനവകുപ്പ് വഴി നടപ്പിലാക്കി വരുന്ന അഭയകിരണം, മംഗല്യ, സഹായഹസ്തം എന്നീ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതിയെ കുറിച്ച് അറിയാം, അവ ഉപയോഗപ്പെടുത്താം ഫലപ്രദമായി.
അഭയകിരണം പദ്ധതി
നിരാലംബരും ഭവനരഹിതരുമായ വിധവകള്‍ക്ക് സുരക്ഷിതവും മെച്ചപ്പെട്ടതുമായ ജീവിത അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് അഭയകിരണം. അശരണരായ വിധവകള്‍ക്ക് സംരക്ഷണവും പാര്‍പ്പിടവും നല്‍കുന്നതിനൊപ്പം അവരെ പരിചരിക്കുന്ന അടുത്ത ബന്ധുക്കള്‍ക്ക് പദ്ധതി വഴി പ്രതിമാസം 1,000 രൂപ വീതം നല്‍കും. അപേക്ഷകയുടെ പ്രായം തെളിയിക്കുന്നതിനുള്ള എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ്/ഇലക്ഷന് ഐഡി കാര്‍ഡ്/ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെ ആണെന്ന് റേഷന്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്/വില്ലേജ് ഓഫീസില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്/ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ്. അപേക്ഷക വിധവയാണെന്നും ബന്ധുവിന്റെ സംരക്ഷണയിലാണെന്നും കാണിച്ച് ബന്ധപ്പെട്ട ഐസിഡിഎസ് സൂപ്പര്‍വൈസറുടെ സാക്ഷ്യപത്രം. അര്‍ഹരായ അപേക്ഷകര്‍ http://schemes. wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഡിസംബര്‍ 15നകം അപേക്ഷ നല്‍കണം. വെബ്സൈറ്റ്: www. schemes. wcd.kerala.gov.in. ഫോണ്‍: 04994 293060.
മംഗല്യ പദ്ധതി
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിധവകള്‍, നിയമപരമായി വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ എന്നിവരുടെ പുനര്‍വിവാഹത്തിന് സര്‍ക്കാര്‍ ധനസഹായം നല്കുന്ന പദ്ധതിയാണ് മംഗല്യ. 25,000 രൂപയാണ് ധനസഹായമായി നല്‍കുക. ആദ്യ വിവാഹത്തിലെ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്/വിവാഹബന്ധം വേര്‍പെടുത്തിയത് സംബന്ധിച്ച കോടതി ഉത്തരവ്, ബിപിഎല്‍/മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടത് സംബന്ധിച്ച രേഖ (റേഷന്‍ കാര്‍ഡിന്റെ കോപ്പി) സാക്ഷ്യപ്പെടുത്തിയത്, അപേക്ഷകയുടെ ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, പുനര്‍വിവാഹം രജിസ്റ്റര്‍ ചെയ്തതു സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് എന്നിവ വേണം. അര്‍ഹരായ അപേക്ഷകര്‍ http://schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കണം. www. schemes.wcd.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നോ അടുത്തുള്ള അങ്കണവാടികളില്‍ നിന്നോ ഐസിഡിഎസ് കാര്യാലയങ്ങളില്‍ നിന്നോ അപേക്ഷ ലഭിക്കും. ഫോണ്‍: 04994 293060.
സഹായഹസ്തം പദ്ധതി
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന 55 വയസിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകള്‍ക്കു സ്വയം തൊഴില്‍ കണ്ടെത്താല്‍ ധനസഹായം നല്കുന്ന പദ്ധതിയാണ് സഹായഹസ്തം പദ്ധതി. ഒരുലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുളള വിധവകള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് പദ്ധതി വഴി 30,000 രൂപ അനുവദിക്കും. ജില്ലയില്‍ 10 പേര്‍ക്കാണ് സഹായം അനുവദിക്കുന്നത്. അര്‍ഹരായ അപേക്ഷകര്‍ http:// schemes.wcd.kerala.gov.in എന്ന വെബ്സൈറ്റില്‍ ഡിസംബര്‍ 15 നകം അപേക്ഷ നല്‍കേണ്ടതാണ്. വെബ്സൈറ്റ്: www. schemes.wcd.kerala.gov.in. ഫോണ്‍: 04994 293060.