ബിജെപിയുടെ ലക്ഷ്യം മതരാഷ്ട്രം: പി. സി. ചാക്കോ
1336489
Monday, September 18, 2023 1:59 AM IST
കാഞ്ഞങ്ങാട്: 2024ല്‍ വീണ്ടും ബിജെപി അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ മതരാഷ്ട്രമായി മാറ്റുമെന്നും അത് ചെറുക്കാനുള്ള ഉത്തരവാദിത്വം മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിര്‍വഹിക്കണമെന്നും എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി. സി. ചാക്കോ.
കാഞ്ഞങ്ങാട് സൂര്യവംശി ഓഡിറ്റോറിയത്തില്‍ എന്‍സിപി ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതി മൂടിവെക്കാന്‍ മഹാരാഷ്ട്രയില്‍ ഒരു വിഭാഗം ബിജെപിയുടെ കൂടെ പോയത് കൊണ്ട് എന്‍സിപിയില്‍ യാതൊരു പ്രതിസന്ധിയും ഇല്ല. രാജ്യത്തെ 26 സംസ്ഥാനങ്ങളില്‍ 23 സംസ്ഥാനങ്ങളിലെ എന്‍സിപി കമ്മിറ്റിയും ശരത് പവാറിന്റെ കൂടെയാണ്.
തെരഞ്ഞെടുപ്പ് കമ്മീഷന് എന്തു തീരുമാനിച്ചാലും നീതി തേടി പാര്‍ട്ടി സുപ്രീംകോടതിയെ സമീപിക്കുമെന്നും പി. സി. ചാക്കോ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കരീം ചന്തേര അധ്യക്ഷതവഹിച്ചു. മന്ത്രി എ. കെ. ശശീന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി. എം. സുരേഷ് ബാബു, ട്രഷറര്‍ പി. കെ. കുഞ്ഞുമോന്, ജനറല്‍ സെക്രട്ടറി പി. കെ. രവീന്ദ്രന്, സെക്രട്ടറി സി. ബാലന്, പ്രവര്‍ത്തക സമിതി അംഗം സി. വി. ദാമോദരന്‍, സി. ആര്. സജിത്,
അനിത കുന്നത്ത്, അരുണ്‍ സത്യനാഥന്, പി. സി. സനൂപ്, ടി. ദേവദാസ്, രാജു കൊയ്യന്‍, ബെന്നി നാഗമറ്റം, സുകുമാരന്‍ ഉദിനൂര്‍, എ. ടി. വിജയന്, സുബൈര്‍ പടുപ്പ്, സിദ്ദിഖ് കൈക്കമ്പ, ഒ. കെ. ബാലകൃഷ്ണന്, അശോകന്, ദാമോദരന്‍ ബെള്ളിഗെ, സീനത്ത് സതീശന്, ടി. നാരായണന് എന്നിവര്‍ പ്രസംഗിച്ചു.