കാസര്‍ഗോഡ്: ജില്ലയിലെ 27 പഞ്ചായത്തുകളും മൂന്ന് നഗരസഭകളും മാലിന്യമുക്തമായി പ്രഖ്യാപിച്ചു. ഈസ്റ്റ് എളേരി, മുളിയാർ, കുമ്പള, മൊഗ്രാല്‍പുത്തൂര്‍, ചെമ്മനാട്, മധൂർ, മംഗല്പാടി, വൊര്‍ക്കാടി, മഞ്ചേശ്വരം, പൈവളിഗെ, പുത്തിഗെ പഞ്ചായത്തുകളില്‍ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഒരാഴ്ചക്കകം ഈ പഞ്ചായത്തുകള്‍ മാലിന്യമുക്തമാകുമെന്നും ഒക്ടോബര്‍ 31നകം ജില്ലയെ സമ്പൂര്‍ണ മാലിന്യ മുക്തമാക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തുമെന്നും നവകേരളം മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന് പറഞ്ഞു.
ജൂണ്‍ അഞ്ചിന് വിവിധ പഞ്ചായത്തുകളില്‍ ചേര്‍ന്ന ഹരിതസഭയില്‍ 8471 പേര് പങ്കെടുത്തു. മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 5 വരെ തദ്ദേശ സ്ഥാപനതലത്തില്‍ നടത്തിയ മാലിന്യ മുക്ത പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഹരിതസഭയില്‍ അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ട് ജനകീയ ഓഡിറ്റിംഗിന് വിധേയമാക്കും. ഇതിനായി രൂപീകരിച്ച ജനകീയ ഓഡിറ്റിംഗ് കമ്മിറ്റി ജൂണ്‍ മാസത്തില്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ നിര്‍ദേശിക്കും. ഹരിതസഭയ്ക്ക് മുന്നോടിയായി ജനപ്രതിനിധികള്‍ വീടുകള്‍ സന്ദര്‍ശിച്ച് മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ പരിശോധിക്കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.