വെള്ളരിക്കുണ്ടോ? അങ്ങനെയൊരു താലൂക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി
1299992
Sunday, June 4, 2023 7:45 AM IST
വെള്ളരിക്കുണ്ട്: കരുതലും കൈത്താങ്ങും അദാലത്തിനായി ജില്ലയിലെ മൂന്ന് താലൂക്കുകളില്‍ നേരിട്ടെത്തിയ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വെള്ളരിക്കുണ്ടില്‍ മാത്രം എത്താതിരുന്നത് പ്രതിഷേധത്തിനിടയാക്കിയതിന് തൊട്ടുപിന്നാലെ പൊതുമരാമത്ത് വകുപ്പിന്റെ ഫോണ്‍ ഇന്‍ പരിപാടിയില്‍ മന്ത്രിയുടെ പരാമര്‍ശം വിവാദമായി.
ബളാല്‍ പഞ്ചായത്തിലെ കൊന്നക്കാട് നിന്നു വിളിച്ച പരാതിക്കാരി താലൂക്കിന്റെ പേര് വെള്ളരിക്കുണ്ടെന്നു പറഞ്ഞപ്പോള്‍ 'വെള്ളരിക്കുണ്ടോ, കാസര്‍ഗോഡ് അങ്ങനെയൊരു താലൂക്കില്ലല്ലോ' എന്നായിരുന്നു മന്ത്രിയുടെ മറുപടി. 'ഉണ്ടോ' എന്ന് അടുത്തുള്ള ഉദ്യോഗസ്ഥരോട് ചോദിച്ചതിനുശേഷം 'ഹോസ്ദുര്‍ഗ് താലൂക്കായിരിക്കും അല്ലേ' എന്ന് പരാതിക്കാരിയോട് തിരിച്ചുചോദിക്കുകയും ചെയ്തു.
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളും തല്‍സമയം അറിയിക്കുന്നതിനുള്ള റിംഗ് റോഡ് ഫോണ്‍ ഇന്‍ പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് നടന്ന തല്‍സമയ ഫോണ്‍ ഇന്‍ പരിപാടി മന്ത്രിയുടെ ഫേസ്ബുക്ക് പേജിലും അപ് ലോഡ് ചെയ്തിട്ടുണ്ട്.
തല്‍സമയം റിക്കാര്‍ഡ് ചെയ്ത സംഭാഷണശകലം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും കടുത്ത പ്രതിരോധത്തിലായി. ഹോസ്ദുര്‍ഗ് താലൂക്ക് വിഭജിച്ച് പുതുതായി രൂപീകരിച്ച താലൂക്കാണെന്ന കാര്യം തൊട്ടുപിന്നാലെ തന്നെ വിശദീകരിച്ചതായി പറയുമ്പോഴും രൂപീകരണം കഴിഞ്ഞ് പത്തുവര്ഷമാകാറായ ഒരു താലൂക്ക് ഉള്ള കാര്യംപോലും മന്ത്രി അറിയാതെപോയതെങ്ങനെയെന്ന ചോദ്യമാണ് താലൂക്കിലുള്ളവര്‍ ചോദിക്കുന്നത്.
2014 ഫെബ്രുവരി 21 നാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വെള്ളരിക്കുണ്ട് താലൂക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഡിവൈഎഫ്ഐ നേതാവെന്ന നിലയില്‍ അന്നും രാഷ്ട്രീയത്തില്‍ സജീവമായിരുന്നു മുഹമ്മദ് റിയാസ്.
മലയോര ഹൈവേയുടെയും നല്ലോമ്പുഴ-പാലാവയൽ-ഓടക്കൊല്ലി, ചിറ്റാരിക്കാല്‍-ഭീമനടി റോഡുകളുടെയും പ്രവൃത്തി വര്‍ഷങ്ങളായിട്ടും ഇഴഞ്ഞുനീങ്ങുന്നതിനെതിരേ മലയോരമേഖലയില്‍ പ്രതിഷേധം പുകയുന്നതിനിടെയാണ് താലൂക്കിനെ തീര്‍ത്തും അവഗണിക്കുന്ന തരത്തിലുള്ള പരാമര്‍ശം മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. അദാലത്തിനായി മന്ത്രി വെള്ളരിക്കുണ്ടിലെത്തുമ്പോള് ഈ റോഡുകളുടെ നിര്‍മാണം വേഗത്തിലാക്കുന്നതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചതായിരുന്നു.എന്നാല്‍ മറ്റു മൂന്ന് താലൂക്കുകളിലുമെത്തിയ മന്ത്രി ഇങ്ങോട്ട് തിരിഞ്ഞുനോക്കാതെ ജില്ല വിടുകയായിരുന്നു. തൊട്ടടുത്ത ദിവസമാണ് ഇങ്ങനെയൊരു താലൂക്ക് തന്നെ ഇല്ലെന്നതെറ്റായ പരാമര്‍ശം നടത്തിയത്. വെള്ളരിക്കുണ്ടില്‍ അദാലത്ത് നടക്കുന്ന കാര്യവും മന്ത്രി അറിഞ്ഞിരുന്നില്ലെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.
മലയോരത്തെ പ്രധാന റോഡുകളുടെ ശോചനീയാവസ്ഥയുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെയും മറ്റു ബഹുജന സംഘടനകളുടെയും ഭാഗത്തുനിന്ന് പ്രതിഷേധങ്ങളുണ്ടാകുമെന്ന പോലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മന്ത്രി വെള്ളരിക്കുണ്ടിലെത്താതെ മടങ്ങിയതെന്നായിരുന്നു ആദ്യസൂചന. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോമോന് ജോസിന്റെ നേതൃത്വത്തില്‍ റോഡുകളുടെ പ്രശ്നം ചൂണ്ടിക്കാട്ടി അദാലത്ത് വേദിയിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു.