സ്കൂളുകളില്‍ വീണ്ടും തലമുറമാറ്റം; ജില്ലയില്‍ ഈ വര്‍ഷം വിരമിക്കുന്നത് 226 അധ്യാപകര്‍
1281242
Sunday, March 26, 2023 7:04 AM IST
കാസര്‍ഗോഡ്: ജില്ലയിലെ സ്കൂളുകളില്‍ നിന്ന് ഈ വര്‍ഷം വിരമിക്കുന്നത് 226 അധ്യാപകര്‍. മുഖ്യാധ്യാപകരുള്പ്പെടെ സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്ന് 55 ഹൈസ്കൂള്‍ അധ്യാപകരും 84 എല്‍പി-യുപി അധ്യാപകരും എയ്ഡഡ് സ്കൂളുകളില്‍ നിന്ന് 46 ഹൈസ്കൂള്‍ അധ്യാപകരും 41 എല്‍പി-യുപി അധ്യാപകരുമാണ് മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള മാസങ്ങളിലെ വിരമിക്കല്‍ പട്ടികയിലുള്ളത്. ഇവര്‍ക്കു പകരം പുതുതലമുറക്കാരെത്തുന്നതോടെ സ്കൂളുകളില്‍ വീണ്ടുമൊരു തലമുറമാറ്റത്തിന്റെ അന്തരീക്ഷമാകും.
കഴിഞ്ഞ അധ്യയനവര്‍ഷവും ജില്ലയില്‍ ഇതുപോലെ കൂട്ടവിരമിക്കലും പുതിയ നിയമനങ്ങളും നടന്നിരുന്നു. വിരമിക്കുന്ന മുഖ്യാധ്യാപകരുടെ ഒഴിവിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നവര്‍ക്കു പകരവും പുതിയ നിയമനങ്ങളുണ്ടാകും.
കഴിഞ്ഞ വര്‍ഷം സ്കൂള്‍ തുറക്കുമ്പോള്‍ ജില്ലയില്‍ എല്‍പി, യുപി അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള പിഎസ്സി റാങ്ക് പട്ടിക തയാറാക്കുന്നതിന്റെ നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലായിരുന്നു. സ്കൂള്‍ തുറന്ന് മാസങ്ങള്‍ക്കു ശേഷമാണ് റാങ്ക് പട്ടികകള്‍ പുറത്തുവന്നത്. ആദ്യഘട്ടത്തില്‍ തന്നെ നിരവധി പേര്‍ക്ക് നിയമനം ലഭിക്കുകയും ചെയ്തു.
ഇവരെത്തുന്നതുവരെ മിക്ക സ്കൂളുകളും താത്കാലിക അധ്യാപകരെ വച്ച് ക്ലാസുകള്‍ നടത്തുകയായിരുന്നു. ഇത്തവണ റാങ്ക് പട്ടിക നിലവിലുള്ളതിനാല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് അധികം വൈകാതെ തന്നെ നിയമനങ്ങള്‍ നടക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയായാല്‍ ജൂണ്‍ മാസത്തില്‍ തന്നെ പുതിയ അധ്യാപകര്‍ സ്കൂളുകളിലെത്തും.
എല്‍പി വിഭാഗത്തില്‍ 588 പേരുള്ള പ്രധാന പട്ടികയില്‍ നിന്ന് 158 പേര്‍ക്കും യുപി വിഭാഗത്തില്‍ 384 പേരുള്ള പട്ടികയില്‍നിന്ന് 133 പേര്‍ക്കുമാണ് കഴിഞ്ഞവര്‍ഷം നിയമനം ലഭിച്ചത്. അതിനുശേഷം ബാക്കിയുള്ള ഒഴിവുകളിലേക്കും ഈ വര്‍ഷത്തെ പുതിയ ഒഴിവുകളിലേക്കും ഇത്തവണ നിയമനം നടക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം ഹൈസ്കൂള്‍ വിഭാഗത്തില്‍ ഭൗതികശാസ്ത്രത്തിനു മാത്രമാണ് ജില്ലയില്‍ പിഎസ്സി റാങ്ക് പട്ടിക നിലവിലുള്ളത്. അതുകൊണ്ടുതന്നെ മറ്റു വിഷയങ്ങള്‍ക്കെല്ലാം താത്കാലിക അധ്യാപകരെ ആശ്രയിക്കേണ്ടിവരും.