അഞ്ചു കോടിയുടെ ഭരണാനുമതി
1280471
Friday, March 24, 2023 12:55 AM IST
ചെറുവത്തൂര്‍: മാവിലാകടപ്പുറം- വലിയപറമ്പ്പാലം റോഡ് ബിഎം ആന്‍ഡ് ബിസി ചെയ്യുന്നതിന് അഞ്ചു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം. രാജഗോപാലന്‍ എംഎല്‍എ അറിയിച്ചു. ഒരിയര പാലം മുതല്‍ വലിയപറമ്പ്പാലം വരെയുള്ള 7.5 കിലോമീറ്റര്‍ റോഡാണ് ആധുനിക നിലവാരത്തില്‍ മെക്കാഡം ടാറിംഗ് നടത്തുന്നത്.
50 മീറ്ററിനും 500 മീറ്ററിനും ഇടയില്‍മാത്രം വീതിയുള്ള വലിയപറമ്പ് പഞ്ചായത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കണക്കിലെടുത്ത് നിലവിലുള്ള മാവിലാകടപ്പുറം ഏഴിമല റോഡ് ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള അലൈന്മെന്റാണ് ആദ്യഘട്ടത്തില്‍ കിഫ്ബി തയാറാക്കിയിരുന്നത്.
ഈ കാരണത്താലാണ് ഈറോഡ് ഇതുവരെയായും മെക്കാഡം ടാറിംഗ് ചെയ്യാതിരുന്നത്. എന്നാല്‍ വലിയപറമ്പ് പാലം മുതല്‍ മാവിലാക്കടപ്പുറം വരെ നിലവിലുള്ള പൊതുമരാമത്ത് റോഡ് വിപുലപ്പെടുത്തി തീരദേശ ഹൈവേ നിര്‍മിക്കുമ്പോള്‍ റോഡിന് ഇരുഭാഗത്തുമുള്ള ജനങ്ങള്‍ ഏറെ പ്രയാസം അനുഭവിക്കുമെന്നും അതിനാല്‍ വലിയപറമ്പ്പാലം മുതല്‍ മാവിലാകടപ്പുറം വരെ കടല്‍ത്തീരത്ത് കൂടി തീരദേശ ഹൈവേ കൊണ്ടുപോകണമെന്നും ജനങ്ങളുടെ പൊതുവായ ആവശ്യം പരിഗണിച്ച് കിഫ്ബി തീരദേശ ഹൈവേയുടെ അലൈന്മെന്റ് തീരദേശത്തു കൂടി മാറ്റിനിശ്ചയിച്ചു.
ഈ പശ്ചാത്തലത്തിലാണ് നിലവിലുള്ള റോഡ് ആധുനിക നിലവാരത്തില്‍ പുനരുദ്ധാരണം നടത്തണമെന്നാവശ്യപ്പെട്ട് എംഎല്‍എ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് പ്രവൃത്തി അനുവദിച്ചത്.