എയിംസ്: പോസ്റ്റ് കാര്‍ഡ് കാമ്പയിൻ തുടങ്ങി
1242242
Tuesday, November 22, 2022 12:55 AM IST
കാഞ്ഞങ്ങാട്: കാസര്‍ഗോഡിന്റെ മണ്ണില്‍ എയിംസ് കൊണ്ടുവരാന്‍ തന്നാലാവുന്നതൊക്കെ ചെയ്യുമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി. സംസ്ഥാന സര്‍ക്കാര്‍ ജില്ലയോട് കാട്ടുന്ന നിരന്തര അവഗണന അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് എയിംസ് കാസര്‍ഗോഡ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്കുള്ള പോസ്റ്റ് കാര്‍ഡ് കാമ്പയിൻ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ എയിംസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ ഓരോ തദ്ദേശസ്ഥാപനങ്ങളിലെയും സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് എഴുതി തയാറാക്കുന്ന 2500 പോസ്റ്റ് കാര്‍ഡുകളാണ് പ്രധാനമന്ത്രിക്ക് അയക്കുന്നത്.
കാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിച്ച അബ്ദുള്ളക്കുട്ടിയും ജില്ലയ്ക്ക് എയിംസ് അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് രജിസ്റ്റേര്‍ഡ് കത്തയച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ 15 കുടുംബങ്ങളില്‍നിന്നുള്ള പ്രതിനിധികളും പരിപാടിയില്‍ സംബന്ധിച്ചു.