ജില്ലയിൽ കൂടുതൽ ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു
1437044
Thursday, July 18, 2024 7:11 AM IST
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ തുടരുന്നു. വെള്ളപ്പൊക്ക ഭീഷണി തുടരുന്നതിനിടെ ചൊവ്വാഴ്ച രാത്രിയിലും ഇന്നലെ പകലുമായി കൂടുതൽ കുടുംബങ്ങളെ അധികൃതർ ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറ്റി. ജില്ലയിലെ മലയോര പ്രദേശങ്ങളിലാണ് മഴ കൂടുതൽ ശക്തം. നദികളെല്ലാം കരകവിഞ്ഞതോടെ അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പല സ്ഥലങ്ങളിലും മണ്ണിടിഞ്ഞും വീടുകൾ തകർന്നും നാശനഷ്ടങ്ങളുണ്ടായി. വൈദ്യുതി പോസ്റ്റുകളും ലൈനുകളും പൊട്ടിവീണ് കെഎസ്ഇബിക്കും നാശനഷ്ടം സംഭവിച്ചു.
വൃഷ്ടിപ്രദേശങ്ങളി മഴ കാരണം പൂനൂർ പുഴയിലും ചാലിയാർ പുഴയിലും കൈവഴികളായ ഇരുവഞ്ഞിപ്പുഴയിലും ചെറുപുഴയിലും ജലനിരപ്പ് ഉയർന്നു. ചൊവ്വാഴ്ച 8.30 മുതൽ ഇന്നലെ രാവിലെ 8.30 വരെ കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കക്കയത്താണ്; 124 മില്ലീമീറ്റർ.
പെരുവണ്ണാമൂഴി- 84 മില്ലീമീറ്റർ, കുന്നമംഗലം- 32 മില്ലീമീറ്റർ, വടകര- 38 മില്ലീമീറ്റർ, വിലങ്ങാട്- 57 മില്ലീമീറ്റർ എന്നിങ്ങനെയാണ് മറ്റു മേഖലകളിലെ മഴക്കണക്കുകൾ. ജില്ലയിൽ മഴക്കെടുതി ബാധിച്ചത് 34 വില്ലേജുകളെയാണ്. 33 വീടുകൾ ഭാഗികമായി തകർന്നു. കോഴിക്കോട് താലൂക്കിൽ അഞ്ചു ദുരിതാശ്വാസ ക്യാന്പുകളിലായി 36 പേർ കഴിയുന്നു. 50തിലേറെ കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക് മാറിയതായി അധികൃതർ അറിയിച്ചു.
പേരാന്പ്ര: കനത്ത മഴയിലും കാറ്റിലും കൂത്താളി പഞ്ചായത്തിൽ പെട്ട കിഴക്കൻ പേരാന്പ്രയിലെ മക്കുന്നുമ്മൽ മീത്തൽ രാജന്റെ ഓടിട്ട വീടിനു മുകളിൽ വൻ മരം കടപുഴകി വീണു. പേരാന്പ്ര അഗ്നി രക്ഷാസേനയും നാട്ടുകാരും ചേർന്നു മരം മുറിച്ചു മാറ്റി. വീടിന്റെ മേൽക്കൂര തകർന്നു. മരം വീഴുന്പോൾ കുടുംബം വീടിനകത്തുണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. പെരുവണ്ണാമൂഴി പോലീസ്, ജനപ്രതിനിധികൾ തുടങ്ങിയവർ സ്ഥലത്തെത്തി.

നാദാപുരം: മലയോരത്ത് ശക്തമായ മഴ തുടരുന്നതിനാൽ വിലങ്ങാട് പുല്ലുവ പുഴയിൽ ജലനിരപ്പ് ഉയർന്നു. വന മേഖലയിൽ മലവെള്ളപ്പാച്ചിലുണ്ടായി. ഇന്നലെ രാവിലെ മുതൽ വിലങ്ങാട് മലയോരത്ത് അതി ശക്തമായ മഴ പെയ്തതോടെയാണ് മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴ കരകവിഞ്ഞൊഴുകിയത്. വിലങ്ങാട് വാളൂക്ക് റോഡിലെ ടൗണ് പാലത്തിനു മുകളിൽ വെള്ളം കയറി. വനത്തിനുള്ളിൽ ഉരുൾപൊട്ടിയതായാണ് സംശയം. ഇതോടെ വാണിമേൽ പുഴയിലും ക്രമാതീതമായി ജലനിരപ്പ് ഉയർന്ന് വിഷ്ണുമംഗലം ബണ്ടും മിനി ജലവൈദ്യുതി പദ്ധതിക്കായി നിർമിച്ച പാനോം ബണ്ടും കവിഞ്ഞൊഴുകാൻ തുടങ്ങി. പുഴയോരവാസികൾ ജാഗ്രത പുലർത്തണമെന്ന് അധികൃതർ പറഞ്ഞു. ഇന്നലെ വൈകുന്നേരം പെട്ടന്ന് പുഴയിൽ ക്രമാതീതമായി വെള്ളം ഉയർന്നതോടെ പ്രദേശവാസികൾ ഭീതിയിലായി.
വടകര: വടകരയിൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. കുറ്റ്യാടി സ്വദേശി രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. വടകര സാൻഡ്ബാങ്ക്സിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ തട്ടുകടകൾ അടക്കം തകർന്നു. ഇന്നലെ വൈകുന്നേരം മൂന്നോടെയായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് കുറ്റ്യാടി സ്വദേശിയുടെ ജീവൻ രക്ഷപ്പെട്ടത്. ചേരാന്റവിട മായൻകുട്ടി, പുത്തൻപുരയിൽ കുഞ്ഞിപ്പാത്തു, അഴീക്കൽ ജമീല എന്നിവരുടേതടക്കം നാലു തട്ടുകടകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇരുചക്ര വാഹനങ്ങളുടെ മുകളിൽ ഷീറ്റ് വീണ് കേടുപാട് സംഭവിച്ചു. വാർഡ് കൗണ്സിലർ പി.വി. ഹാഷിം സ്ഥലം സന്ദർശിച്ചു. സാൻഡ് ബാങ്ക്സ് ടൂറിസം കേന്ദ്രം താൽകാലികമായി അടച്ചിടാനാണ് തീരുമാനം.
നാദാപുരം: ശക്തമായ മഴയിൽ ചെക്യാട് ഉമ്മത്തൂരിലെ തങ്കയം കുറ്റിയിൽ സജിതയുടെ വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നു. ഇന്നലെ വൈകുന്നേരമാണ് സംഭവം.കോടഞ്ചേരി: കനത്ത മഴയോടൊപ്പമുണ്ടായ കാറ്റിൽ തെയ്യപ്പാറ പടുപുറം പൂന്തനാംകുഴിയിൽ ഏലിയാസിന്റെ വീടിന്റെ മുകളിലേക്ക് റബ്ബർ ഒടിഞ്ഞുവീണു. വീടിന്റെ മേൽക്കൂര തകർന്നു.
ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രം അവധി
കോഴിക്കോട്: ജില്ലയിൽ കനത്ത മഴയെ തുടർന്ന് കഴിഞ്ഞ ദിവസം ആരംഭിച്ച ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്ന നാലു സ്കൂളുകൾക്കു ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ചേവായൂർ എൻജിഒ ക്വാർട്ടേഴ്സ് ഹൈസ്കൂൾ, കോഴിക്കോട് ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂൾ, കോട്ടൂളി ജിഎൽപി സ്കൂൾ, മൂട്ടോളി ലോലയിൽ അങ്കണവാടി എന്നിവയ്ക്കാണ് അവധി നൽകിയത്.