ആനക്കല്ലില്‍ ഭൂമിക്കടിയില്‍ നിന്നും സ്ഫോടന ശബ്ദം: ജനങ്ങളുടെ ആശങ്ക അകറ്റുമെന്ന് ജില്ലാ കലക്ടര്‍
1465509
Friday, November 1, 2024 1:19 AM IST
എടക്കര: ഉപ്പട ആനക്കല്ലില്‍ ഭൂമിക്കടിയില്‍ നിന്നുണ്ടാകുന്ന ഉഗ്ര സ്ഫോടന ശബ്ദമുണ്ടാകുന്നത് സംബന്ധിച്ച് പ്രദേശത്തെ ജനങ്ങളുടെ ആശങ്ക അകറ്റുമെന്ന് ജില്ലാ കലക്ടര്‍ വി.ആര്. വിനോദ്. ആനക്കല്ലില്‍ സ്ഫോടന ശബ്ദത്തെത്തുടര്‍ന്ന് വിള്ളലുണ്ടായ വീടുകളും സ്ഥലവും സന്ദര്‍ശിച്ച ശേഷമാണ് കളക്ടര്‍ ഇക്കാര്യം പറഞ്ഞത്. ഭൂമിക്കടിയില്‍ ഉണ്ടാകുന്ന സാധാരണ പ്രതിഭാസം മാത്രമാണ് ആനക്കല്ലില്‍ സംഭവിച്ചതെന്നാണ് ജിയോളജി ഭൂജല വിദഗ്ധ സംഘത്തിന്റെ പരിശോധയില്‍ പ്രാഥമികമായി കണ്ടെത്തിയത്.
ഭൂമികുലുക്കമായി അനുഭവപ്പെടുന്നില്ലെങ്കിലും ചെറിയ തോതില്‍ ഭൂമികുലുക്കമുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും കലക്ടര്‍ പറഞ്ഞു.
ജിയോളജി, ഭൂജല വിദഗ്ധരുടെ നേതൃത്വത്തില്‍ കൂടുതല്‍ പരിശോധന നടത്തും. പഠന ശേഷം ആവശ്യമെങ്കില്‍ ഭൂമികുലുക്ക മുന്നറിയിപ്പ് സംവിധാനം പ്രദേശത്ത് സ്ഥാപിക്കും. നിലവില്‍ പ്രദേശത്തു നിന്ന് ജനങ്ങള്‍ മാറിത്താമസിക്കേണ്ട സാഹചര്യമില്ലെന്നും കലക്ടര്‍ പറഞ്ഞു.