കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രിയങ്ക
1465181
Wednesday, October 30, 2024 7:47 AM IST
നിലമ്പൂര്‍: കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി. രാജ്യത്ത് വിദ്വേഷം വളര്‍ത്തി നരേന്ദ്രമോദി ഇഷ്ടക്കാരായ വ്യവസായികളെ സഹായിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയായ പ്രിയങ്ക മമ്പാട് തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു.
വിദ്വേഷത്തിന്റെ രാഷ്ട്രീയം പറഞ്ഞ് വോട്ട് തേടുന്ന രാഷ്ട്രീയമാണ് പ്രധാനമന്ത്രിയും ബിജെപിയും നടത്തുന്നത്. ഇതിനെതിരേയുള്ള പോരാട്ടത്തിന് പാര്‍ലമെന്റില്‍ പൊരുതാനാണ് ജനങ്ങളുടെ വോട്ടുകള്‍ വേണ്ടെതെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി വയനാട്ടിലെ ജനങ്ങള്‍ നല്കിയ സ്നേഹം തനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ സ്നേഹമാണെന്നും പ്രിയങ്ക പറഞ്ഞു. ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേയാണ്പ്രിയങ്ക ഗാന്ധി പ്രധാനമായും സംസാരിച്ചത്.
അതേസമയം എല്‍ഡിഎഫിനെതിരേയും സംസ്ഥാന സര്‍ക്കാരിനുമെതിരേയും പ്രസംഗത്തില്‍ ഒരു വാക്കുപോലും പരാമര്‍ശിച്ചില്ലെന്നും ശ്രദ്ധേയമായി. മമ്പാട് ടൗണില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ വലിയ ജനക്കൂട്ടമാണ് പ്രിയങ്ക ഗാന്ധിയെ കാണാനും പ്രസംഗം കേള്‍ക്കാനും എത്തിയത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍ എംഎല്‍എ, അഡ്വ. യു.എ.ലത്തീഫ് എംഎല്‍എ, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, ടി.പി.അഷ്റഫലി. പന്താര്‍ മുഹമ്മദ്, മേഴ്സി ബെന്നി എന്നിവരും പങ്കെടുത്തു.