മാട്ടറ മുക്കിലപ്പറമ്പിലെ മലവെള്ളപ്പാച്ചില്‍ നാശനഷ്ടം: പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് എംഎല്‍എ
1464701
Tuesday, October 29, 2024 1:12 AM IST
അരക്കുപറമ്പ്: താഴേക്കോട് ഗ്രാമപഞ്ചായത്തിലെ മാട്ടറ മുക്കിലപ്പറമ്പ്, മലങ്കട എന്നീ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസമുണ്ടായ മലവെള്ളപ്പാച്ചിലില്‍ വന്‍തോതില്‍ നാശനഷ്ടങ്ങളുണ്ടായ സാഹചര്യത്തില്‍ ഈ പ്രദേശത്തിന്റെ പുനരുദ്ധാരണ, സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് നജീബ് കാന്തപുരം എംഎല്‍എ ആവശ്യപ്പെട്ടു.
മലവെള്ളപ്പാച്ചിലില്‍ ഈ പ്രദേശങ്ങളിലെ നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുകയും പാലങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാവുകയും റോഡുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലും സമാനരീതിയില്‍ ഈ പ്രദേശത്ത് മലവെള്ളപ്പാച്ചിലും നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഇക്കാര്യം ബന്ധപ്പെട്ടവര്‍ ഗൗരവമായി കാണണം. പ്രദേശത്തുകൂടി ഒഴുകുന്ന തോട് വീതി കൂട്ടി സുരക്ഷാ ഭിത്തികള്‍ നിര്‍മിക്കണം.
പ്രദേശത്ത് ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടോ എന്ന് പരിശോധിക്കാന്‍ ജിയോളജി, റവന്യൂ വകുപ്പുകള്‍ നടപടി സ്വീകരിക്കണം. ഉരുള്‍പൊട്ടലിന് സമാനമായ രീതിയിലാണ് കല്ലും മണ്ണും പരന്നൊഴുകി വന്നത്. പല വീടുകളുടെയും അകത്തുകൂടിയാണ് വെള്ളം ഒഴുകിയത്. ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും സുരക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനും ബന്ധപ്പെട്ടവര്‍ അടിയന്തര ശ്രദ്ധ ചെലുത്തണം.
പ്രദേശത്തെ നാശനഷ്ടങ്ങള്‍ക്ക് അടിയന്തരമായി മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. നാശനഷ്ടങ്ങളുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടു മുഖ്യമന്ത്രി, റവന്യു മന്ത്രി എന്നിവര്‍ക്ക് എംഎല്‍എ കത്തയച്ചു. യുഡിഎഫ് നേതാക്കളായ പത്മനാഭന് , മൊയ്തൂട്ടി, ഷറഫുദ്ദീന്, കെ.എം. ഫത്താഹ്, ചേലക്കാടന്‍ മൂസ, എന്‍.എന്‍. ഉസ്മാന് എന്നിവര്‍ എംഎല്‍എയ്ക്കൊപ്പമുണ്ടായിരുന്നു.