ഉപതെരഞ്ഞെടുപ്പ്: 16 ലക്ഷം രൂപ പിടികൂടി
1465212
Thursday, October 31, 2024 12:59 AM IST
മലപ്പുറം: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ വെട്ടെടുപ്പ് നടക്കുന്ന മൂന്ന് നിയോജക മണ്ഡലങ്ങളില്‍ നടത്തിയ പോലീസ് പരിശോധനയില്‍ 16 ലക്ഷം രൂപയും 1.16 ലക്ഷം രൂപ മൂല്യമുള്ള മയക്കുമരുന്നും പിടികൂടി. സുതാര്യവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി ജില്ലയിലെ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ കേന്ദ്രീകരിച്ച് വിവിധ സ്ക്വാഡുകളും ഏജന്‍സികളും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
മൂന്ന് ഷിഫ്റ്റുകളിലായി 27 സ്റ്റാറ്റിക് സര്‍വെയ്ലന്‍സ് ടീമുകളും ഒമ്പത് ഫ്ളൈയിംഗ് സ്ക്വാഡുകളും മൂന്ന് ആന്റി ഡീഫേസ്മെന്റ് സ്ക്വാഡുകളും മുഴുവൻസമയ നിരീക്ഷണവും പരിശോധനയും നടത്തുന്നുണ്ട്.
നവംബര്‍ 13ന് നടക്കുന്ന വോട്ടെടുപ്പിനും 23ന് നടക്കുന്ന വോട്ടെണ്ണലിനും ആവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി.ആര്. വിനോദ് അറിയിച്ചു. ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇന്നലെ നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു.