നാമ്പ്രാണി തടയണ നിര്‍മാണം നവംബറില്‍ പുനാരാരംഭിക്കും
1464695
Tuesday, October 29, 2024 1:12 AM IST
മലപ്പുറം: മലപ്പുറം നഗരസഭ പ്രദേശത്തെയും സമീപ പഞ്ചായത്തുകളിലെയും ജലസമൃദ്ധി ഉറപ്പുവരുത്തുന്നതിന് നഗരസഭക്ക് കീഴില്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നിര്‍മാണം നടക്കുന്ന കടലുണ്ടിപ്പുഴ നാമ്പ്രാണി തടയണ നിര്‍മാണം നവംബര്‍ 15ന് പുനരാരംഭിക്കും.നിര്‍മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ കാലവര്‍ഷം മൂലം കടലുണ്ടിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ താല്‍ക്കാലികമായി നിര്‍മാണം നിര്‍ത്തിവച്ചിരുന്നു. തടയണ നിര്‍മാണം പൂര്‍ത്തിയാകുന്നതോടുകൂടി മലപ്പുറത്തെയും സമീപ പഞ്ചായത്തുകളിലെയും ജലസമൃദ്ധിയില്‍ കാര്യമായ വര്‍ധനവും സ്ഥിരമായ ജല ലഭ്യതയും ഉറപ്പാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മിച്ച തടയണക്ക് കാലപ്പഴക്കം മൂലം ചോര്‍ച്ച സംഭവിക്കുകയും നഗരസഭ പ്രദേശങ്ങളില്‍ ജല വിതരണത്തിന് വലിയ രീതിയില്‍ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നഗരസഭയുടെ നേതൃത്വത്തില്‍ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതി പ്രദേശങ്ങളിലേക്ക് ഉപകരണങ്ങളും സാമഗ്രികളും എത്തിക്കുന്നതിനുപയോഗപ്പെടുത്തുന്ന റോഡ്
മഴ ശക്തി പ്രാപിച്ചതിനെത്തുടര്‍ന്ന് തകര്‍ന്നതിനാല്‍ അടിയന്തരമായി പുനര്‍നിര്‍മിക്കുന്നതിന് ഇറിഗേഷന്‍ വകുപ്പ് 17 ലക്ഷം രൂപ അനുവദിച്ചിരുന്നു. റോഡ് പുനര്‍നിര്‍മിക്കുന്നതോടെ പദ്ധതി പ്രദേശത്തേക്ക് നിര്‍മാണ ഉപകരണങ്ങളും സാമഗ്രികളും കൊണ്ടുവരാന്‍ കഴിയും.
നിലവില്‍ പദ്ധതിക്ക് ഉപയോഗിക്കപ്പെടുന്ന നാല് ഷട്ടറുകളില്‍ രണ്ടെണ്ണത്തിന്റെ പണിപൂര്ത്തികരിക്കുകയും ശേഷിക്കുന്ന രണ്ട് ഷട്ടറുകളുടെ പ്രവര്‍ത്തനങ്ങള്‍ പദ്ധതി പ്രദേശത്തിന് സമീപം ദ്രുതഗതിയില്‍ പുരോഗമിച്ചുവരികയാണ്. നവംബര്‍ 15ന് നിര്‍മാണ പ്രവര്‍ത്തനമാരംഭിക്കുന്ന പദ്ധതി ഏപ്രില്‍ 15 ആകുമ്പോഴേക്കും പൂര്‍ണമായി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിക്കാന്‍ കഴിയും.
പദ്ധതിയുടെ ആദ്യഘട്ടത്തിന് 21 കോടി തൊണ്ണൂറ് ലക്ഷം രൂപയാണ് നഗരസഭ ചെലവഴിക്കുന്നത്. പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് കഴിഞ്ഞദിവസം ചേര്‍ന്ന ഉന്നതതല യോഗ തീരുമാനത്തെ തുടര്‍ന്ന് പദ്ധതി പ്രദേശം നഗരസഭ ചെയര്മാന് മുജീബ് കാടേരിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി തയാറെടുപ്പുകള്‍ വിലയിരുത്തി.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.കെ. സക്കീര്‍ ഹുസൈന്, പരി അബ്ദുള്‍ ഹമീദ്, സി.പി. ആയിഷാബി, നഗരസഭ കൗണ്‍സിലര്‍ സി. സുരേഷ്, ഇറിഗേഷന്‍ വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ പി. ഷബീബ്, ഓവര്‍സിയര്‍മാരായ എം. ബാബുരാജ്, കെ.കെ. മുഫീദ, ദൃശ്യ കരുവാന്തൊടി, പിഎംആര്‍ കണ്‍സ്ട്രക്ഷന്‍ പ്രതിനിധി പി.എം.ആര്. മജീദ് തുടങ്ങിയവര്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.