സഹോദയ സിബിഎസ്ഇ കലോത്സവം: എംഇഎസ് കാമ്പസ് സ്കൂളിന് ഓവറോള്‍ കിരീടം
1464696
Tuesday, October 29, 2024 1:12 AM IST
എടപ്പാള്‍: സഹോദയ സ്കൂള്‍ കോംപ്ലക്സ് മലപ്പുറം റീജിയൺ മറവഞ്ചേരി ഹില്‍ടോപ്പ് പബ്ലിക് സ്കൂളില്‍ സംഘടിപ്പിച്ച സിബിഎസ്ഇ ജില്ലാ കലോത്സവത്തിന് തിരശീല വീണു. രണ്ട് ദിവസങ്ങളിലായി ആറു വേദികളില്‍ നടന്ന കലാമാമാങ്കത്തില്‍ 960 പോയിന്റുകള്‍ കരസ്ഥമാക്കി കുറ്റിപ്പുറം എംഇഎസ് കാമ്പസ് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി.
കോട്ടയ്ക്കല്‍ സേക്രഡ് ഹാര്‍ട്ട് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ 915 പോയിന്റുമായി ഫസ്റ്റ് റണ്ണറപ്പായി. എല്‍പി വിഭാഗത്തില്‍ 97 പോയിന്റോടു കൂടി ഫസ്റ്റ് റണ്ണറപ്പും യുപി വിഭാഗത്തില്‍ 155 പോയിന്റോടു കൂടി സെക്കന്‍ഡ് റണ്ണറപ്പും എച്ച്എസ് വിഭാഗത്തില്‍ 255 പോയിന്റോടെ ഒന്നാം സ്ഥാനവും എച്ച്എസ്എസ് വിഭാഗത്തില്‍ 230 പോയിന്റോടു കൂടി ഫസ്റ്റ് റണ്ണറപ്പും പൊതുവിഭാഗത്തില്‍ 178 പോയിന്റോടു കൂടി ഫസ്റ്റ് റണ്ണറപ്പും സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ കരസ്ഥമാക്കി.
730 പോയിന്റുകള്‍ നേടി വളാഞ്ചേരി ഡോ. എന്‍.കെ. മുഹമ്മദ് മെമ്മോറിയല്‍ എംഇഎസ് സെന്‍ട്രല്‍ സ്കൂള്‍ മൂന്നാം സ്ഥാനം നേടി. കാറ്റഗറി 1 എല്‍പി വിഭാഗത്തിലും കാറ്റഗറി 2 യുപി വിഭാഗത്തിലും പൂക്കോട്ടുംപാടം ഗുഡ്വിൽ ഇംഗ്ലീഷ് സ്കൂള്‍ ഓവറോള്‍ കിരീടം ചൂടി. എല്‍പി വിഭാഗത്തില്‍ 136 പോയിന്റ് നേടി ഒന്നാം സ്ഥാനം നേടിയപ്പോള്‍ പങ്കെടുത്ത ഒട്ടുമിക്ക ഇനങ്ങളിലും ട്രോഫികള്‍ ഏറ്റുവാങ്ങി. കാറ്റഗറി 2 ലും 173 പോയിന്റുമായി സ്കൂള്‍ ഓവറോള്‍ വിജയ കിരീടമണിഞ്ഞു. ഹൈസ്കൂള്‍ വിഭാഗത്തില്‍ കര്‍ണാടിക് സംഗീതത്തിലും മാപ്പിളപ്പാട്ടിലും ഒന്നാം സ്ഥാനങ്ങളും മറ്റു ഇനങ്ങളില്‍ എ ഗ്രഡും നേടി. 31 പോയിന്റുകള്‍ കരസ്ഥമാക്കി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി കെ. അന്‍ഷ മേളയിലെ വ്യക്തിഗത ചാമ്പ്യന്‍പട്ടം കരസ്ഥമാക്കി.
സംഘനൃത്തത്തില്‍ ഇരു കാറ്റഗറികളിലും ഒന്നാം സമ്മാനം നേടുകയും ഒപ്പന എല്‍പി വിഭാഗത്തില്‍ ഒന്നാം സ്ഥാനവും യുപി വിഭാഗത്തില്‍ രണ്ടാം സ്ഥാനവും നേടി എന്‍.വി. തന്മയി, ഭുവനേശ്വരി, പാര്‍വണ, ലക്ഷ്മി എന്നിവരും ഏകാഭിനയത്തില്‍ ഇഷ മെഹ്റിന് ഒന്നാം സ്ഥാനവും നേടി. ഭരതനാട്യത്തില്‍ നിത്യനവനി ഒന്നാം സ്ഥാനം നേടി. സമാപന സമ്മേളനത്തില്‍ അസിസ്റ്റന്റ് കളക്ടര്‍ വി.എം. ആര്യ ഓവറോള്‍ ട്രോഫികള്‍ വിതരണം ചെയ്തു. സഹോദയ മേഖലാ പ്രസിഡന്റ് എം. അബ്ദുള്‍ നാസര്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി എം. ജൗഹര്‍ ഉപഹാര സമര്‍പ്പണം നടത്തി. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ സംസ്ഥാന ജനറല്‍ സെക്രട്ടറി ജോജി പോള്‍ മുഖ്യപ്രഭാഷണം നടത്തി. ഹില്‍ടോപ്പ് സ്കൂള്‍ ചെയര്മാന് സൈത് മുസ്തഫ തങ്ങള്‍, സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് ജില്ലാ ജനറല്‍ സെക്രട്ടറി ടി.വി. അലി, ഹില്‍ ടോപ്പ് പ്രിന്‍സിപ്പല്‍ പി.കെ. ജാന്‍സി, സ്കൂള്‍ ഭാരവാഹികളായ പി.കെ. മരക്കാര്‍, ടി.എ. അബ്ദുള്ളക്കുട്ടി, സഹോദയ ഭാരവാഹികളായ ജോബിന് സെബാസ്റ്റ്യന്‍, ഫാ. നന്നം പ്രേംകുമാര്‍, കെ. ഗോപകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.