ധനവര മാറ്റാം; സ്വാതന്ത്ര്യം നേടാം
ധനവര മാറ്റാം; സ്വാതന്ത്ര്യം നേടാം
Tuesday, August 25, 2020 4:59 PM IST
അടുത്തകാലത്ത് ട്രാന്‍സ് യൂണിയന്‍ സിബില്‍ സ്ത്രീകളുടെ ഇടയില്‍ നടത്തിയ സര്‍വേയുടെ ഫലങ്ങള്‍ വളരെ പ്രതീക്ഷ നല്‍കുന്നതാണ്. സ്ത്രീകള്‍, പ്രത്യേകിച്ച് പുതു തലമുറയില്‍പ്പെച്ചവര്‍, ധനകാര്യ സ്വാതന്ത്ര്യത്തെക്കുറിച്ചു കൂടുതല്‍ അവബോധം നേടുന്നതായി സര്‍വേ പറയുന്നു. കടമെടുക്കാനും അതു കൃത്യസമയത്ത് അടയ്ക്കാനും ഉയര്‍ന്ന സിബില്‍ സ്‌കോര്‍ നിലനിര്‍ത്താനും വായ്പ ലഭിക്കുന്നതില്‍ സിബില്‍ സ്‌കോറിനുള്ള പ്രധാന്യത്തെക്കുറിച്ചുമെല്ലാം കൂടുല്‍ ബോധവതികളാവുകയാണ്. തങ്ങളുടെ വരുമാനം സ്വയം കൈകാര്യം ചെയ്യുന്ന സ്ത്രീകളുടെ എണ്ണം പുതിയ തലമുറയില്‍ വര്‍ധിക്കുകയാണെന്നും ആവശ്യമെങ്കില്‍ കടമെടുക്കാനും അവര്‍ക്കു മടിയില്ലെന്നു സര്‍വേ പറയുന്നു.

ചുരുക്കത്തില്‍ സമ്പാദ്യം, നിക്ഷേപം എന്നൊക്കെ കേട്ടാല്‍ മുഖം തിരിക്കുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്നതാണ് സന്തോഷകരമായ സംഗതി.

ഒരു ദശകം മുമ്പുവരെ ഇതായിരുന്നില്ല സ്ഥിതി. വായ്പ, നിക്ഷേപം, സമ്പാദ്യം എന്നൊക്കെ കേട്ടാല്‍ മിക്ക സ്ത്രീകളും മുഖം തിരിക്കുകയായിരുന്നു പതിവ്. ധനകാര്യ തീരുമാനങ്ങള്‍ അച്ഛനോ ഭര്‍ത്താവിനോ സഹോദരനോ മകനോ ഒക്കെ വിട്ടുകൊടുക്കുകയായിരുന്നു പതിവ്.

ശക്തമായ ധനകാര്യ തീരുമാനങ്ങള്‍ എടുക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇത്തരത്തില്‍ തീരുമാനമെടുക്കുന്ന സ്ത്രീകളുടെ ശതമാനം വര്‍ധിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ചെറിയ ശതമാനമേയുള്ളു. ഒരു പക്ഷേ, ഗൗരവമായി ഇതിനെ കാണത്താതുകൊണ്ടായിരിക്കാം.

വിദഗ്ധര്‍ പറയുന്നത് സ്ത്രീകള്‍ പൊതുവേ മികച്ച ധനകാര്യ മാനേജര്‍മാരാണെന്നാണ്. പക്ഷേ, പല സാഹചര്യങ്ങളും അവരെ അത്തരത്തില്‍ തീരുമാനം എടുക്കുന്നതില്‍നിന്നു പിന്തിരിപ്പിച്ചു നിര്‍ത്തുകയായിരുന്നു.

ഉത്തരവാദിത്വമെടുക്കാം

ഇന്ന് പഠനം പൂത്തിയാകുന്നതിനു മുമ്പുതന്നെ ജോലി ലഭിക്കുന്നതും ഇന്‍േറണ്‍ഷിപ്പ് സൗകര്യവുമെല്ലാം ചെറുപ്പത്തിലെതന്നെ വരുമാനത്തിനു വഴിയൊരുക്കുന്നു. അതുകൊണ്ടുതന്നെ തങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ വരുമാനത്തില്‍ തീരുമാനമെടുക്കുവാന്‍ കൂടുതല്‍ പേര്‍ മുന്നോട്ടു വരുന്നു. ഓഫീസില്‍ നിര്‍ണായക തീരുമാനമെടുക്കാമെങ്കിലാണോ സ്വന്തം വരുമാനത്തിന്റെ കാര്യം തീരുമാനിക്കാന്‍ പ്രയാസം!

സ്ത്രീകള്‍ അവരുടെ ധനകാര്യ ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം. അതിനു പല കാരണങ്ങളുണ്ട്. ആദ്യമായി, വരുമാനം നേടുന്ന സ്ത്രീകള്‍ ഓര്‍ക്കേണ്ട കാര്യം അത് അവരുടെ അധ്വാനത്തിന്റെ ഫലമാണ്. അതു മാനേജ് ചെയ്യേണ്ട ഉത്തരവാദിത്വവും ഏറ്റെടുക്കുക.

രണ്ടാമതായി, പുരുഷന്മാരേക്കാള്‍ ആയുര്‍ദൈര്‍ഘ്യമുള്ളവരാണ് സ്ത്രീകള്‍. ഈ അധികവര്‍ഷത്തിനായി തുക സൂക്ഷിക്കേണ്ടതുണ്ട്. ഇന്നത്തെ കാലത്ത് മറ്റുള്ളവരെ ആശ്രയിക്കുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. മൂന്ന്, സമ്പാദിക്കുവാനുള്ള ത്വരയും ദീര്‍ഘകാല സമീപനവും പുരുഷന്മാരേക്കാള്‍ കൂടുതലായി സ്ത്രീകള്‍ വച്ചുപുലര്‍ത്തുന്നു.

ധനകാര്യ സ്വാതന്ത്ര്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പാണ് സ്വന്തം വരുമാനം കൈകാര്യം ചെയ്യുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയെന്നത്.

പണത്തോടുള്ള സമീപനം

പണം ഒരു ഉപാധിയാണ്. ജീവിതത്തിലെ പല ലക്ഷ്യങ്ങളും നേടുന്നതിനുള്ള ഉപാധി. ലഭ്യതയുടെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് ലക്ഷ്യങ്ങള്‍ വ്യത്യസ്തപ്പെടുത്താം. പണം ചെലവഴിക്കാനാണ്. ലക്ഷ്യങ്ങള്‍ക്കനുസരിച്ച് തരംതിരിച്ചു ചെലവഴിക്കുന്നതിലാണ് വിജയം കിടക്കുന്നത്. അത് ആസൂത്രണം ചെയ്യുക.

* ചെലവുകള്‍ തരംതിരിക്കുക.

* മുന്‍ഗണന അനുസരിച്ച് ചെലവുകള്‍ ചിച്ചപ്പെടുത്തുക

* ഏറ്റവും പ്രധാനപ്പെട്ടതിനാണ് മുന്‍ഗണന. അടുത്തത് അത്യാവശ്യത്തിനാണ്. ആവശ്യം അടുത്തതിലാണ് വരിക. വരുമാനമുള്ള സ്ത്രീയാണെങ്കിലും വീട്ടമ്മയാണെങ്കിലും ഇത്തരത്തില്‍ ബജറ്റ് തയാറാക്കുക.

വരുമാനത്തെ മൂന്നായി തിരിക്കാം. പകുതിയോളം ദൈനംദിന ചെലവുകള്‍ക്ക് ഉപയോഗിക്കാം. മുപ്പതു ശതമാനത്തോളം ലൈഫ് സ്റ്റൈല്‍ ആവശ്യത്തിന്. ഇരുപതു ശതമാനം നിശ്ചയമായും നിക്ഷേപം നടത്തുക. മാസാദ്യം ശമ്പളം ലഭിക്കുമ്പോള്‍തന്നെ ഈ 20 ശതമാനം നിക്ഷേപത്തിലേക്കു മാറ്റുക. അതിനായി ബാങ്ക് ഇ.സി. എസ്. ( ഇലക്‌ട്രോണിക് ക്ലിയറന്‍സ് സര്‍വീസ്) ഉപയോഗപ്പെടുത്തുക.

കൂടുതല്‍ സമ്പാദ്യം വേണമെങ്കില്‍ ലൈഫ്‌സ്റ്റൈലിലും ദൈനംദിന ആവശ്യങ്ങളിലും മാറ്റം വരുത്തി ലാഭിക്കുകയും നിക്ഷേപം നടത്തുകയും ചെയ്യുക. ഡിസ്‌കൗണ്ട് സമയത്തു വാങ്ങാം. ഒരു മാസത്തേത് ഒരുമിച്ച് വാങ്ങി വയ്ക്കുക ഇങ്ങനെ യോജിച്ച വാങ്ങല്‍ രീതി സ്വീകരിക്കുക.

ഏതു തുക, എത്ര ചെറുതായാലും മിച്ചം പിടിച്ചാല്‍ അതു അത്ര ചെറുതല്ലെന്ന് ഓര്‍മിക്കുക. നിങ്ങളുടെ സമ്പാദ്യത്തിനു വളര്‍ച്ച നല്‍കാന്‍ കൂട്ടുപലിശ കൂടെയുണ്ടാകും.

അടിയന്തര ഫണ്ട്

ജോലിയുണ്ടെങ്കിലും ഇല്ലെങ്കിലും അടിയന്തരാവശ്യങ്ങളെ നേരിടാനായി ഒരു ഫണ്ടു തയാറാക്കി വയ്ക്കണം. ഒരു വര്‍ഷത്തെ ചെലവു നേരിടാന്‍ തക്കവിധത്തിലുള്ള ഫണ്ടായിരിക്കണം. മിക്ക ശരാശരിക്കാര്‍ക്ക് പെെട്ടന്ന് ഇത്തരത്തില്‍ നിധിയുണ്ടാക്കാന്‍ സാധിച്ചെന്നു വരില്ല. അതിനായി സമ്പാദ്യം നീക്കി വച്ച് രണ്ടോ മൂന്നോ വര്‍ഷംകൊണ്ട് ഈ തുക സ്വരൂപിക്കുവാന്‍ സാധിക്കും. സേവിംഗ്‌സ് ബാങ്കിലോ ലിക്വിഡ് ഫണ്ടുകളിലോ ഇതു നിക്ഷേപിക്കുക.

ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

ജോലിയുണ്ടെങ്കിലും ഇല്ലെങ്കിലും രണ്ട് ഇന്‍ഷുറന്‍സുകള്‍ എടുത്തിരിക്കേണ്ടത് ഏറ്റവും ആവശ്യമാണ്. ആദ്യ പരിഗണന ആരോഗ്യ ഇന്‍ഷുറന്‍സിനാണ്. ഏറ്റവും വേഗത്തില്‍ വര്‍ധിക്കുന്നതാണ് ചികിത്സാച്ചെലവുകള്‍. മാരകരോഗങ്ങള്‍ വന്നാല്‍ ചികിത്സ നടത്തുക എന്ന വളരെ പ്രയാസകരമായ അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ട് ആവശ്യത്തിന് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരിക്കണം. ഒരു ബേസ് പോളിസിയും മാരകരോഗങ്ങള്‍ക്കെതിരേയുള്ള ക്രിട്ടിക്കല്‍ ഇല്‍നെസ് പോളിസിയും. അടിസ്ഥാന ആരോഗ്യ പോളിസിയുണ്ടെങ്കില്‍ തുടര്‍ന്ന് എടുക്കുന്ന ക്രിട്ടിക്കല്‍ ഇല്‍നെസ് പോളിസിക്ക് ചെറിയ പ്രീമിയം നല്‍കിയാല്‍ മതി. വരുമാനമുണ്ടെങ്കിലും ഇല്ലെങ്കിലും ആരോഗ്യ പോളിസി നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ജീവിതാവസാനം വരെയുള്ള ചികിത്സയാണ് ഈ പോളിസി ഉറപ്പു നല്‍കുന്നത്. കാലാകാലങ്ങളില്‍ ആവശ്യത്തിനനുസരിച്ച് കവറേജ് തുക കൂട്ടുകയും ചെയ്യുക

രണ്ടാമത്തേതാണ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസി. വരുമാനമുള്ളവര്‍ നിര്‍ബന്ധമായും അവരുടെ വരുമാനത്തിന്റെ 100 ഇരട്ടി കവര്‍ ചെയ്യുന്ന വിധത്തിലുള്ള പോളിസി എടുക്കണം. ടേം ഇന്‍ഷുറന്‍സ് (മറ്റൊരു ഇന്‍ഷുറസും എടുക്കരുത്. കാരണം മറ്റുള്ളവ ചെലവേറിയതാണ്) എടുത്താല്‍ മതി. അതിനു വളരെ കുറഞ്ഞ പ്രീമിയം നല്‍കിയാല്‍ മതി.

വീട്ടമ്മയാണെങ്കിലും ലൈഫ് കവറേജ് ഉണ്ടായിരിക്കുന്നത് നല്ലതാണ്. അതില്‍ മടി വിചാരിക്കേണ്ട. കാരണം വീട്ടിലെ ജോലിയുടെ മൂല്യം ശമ്പളം പോലെതന്നെ വിലയുള്ളതാണ്. ഒരു പക്ഷേ അതിനേക്കാളേറെ. അതിനു കവറേജ് നല്‍കുക. പ്രീമിയം ഭര്‍ത്താവ് നല്‍കട്ടെ. ഇത്തരത്തില്‍ നല്‍കുന്ന പ്രീമിയത്തിന് നികുതിയിളവു കിട്ടുകയും ചെയ്യും.

ചുരുക്കത്തില്‍ അടിയന്തര നിധി, ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് എന്നീ മൂന്നു കാര്യങ്ങള്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള അടിത്തറയായി.

കടം, സമ്പാദ്യം, നിക്ഷേപം

ചില ആവശ്യങ്ങള്‍ക്കെങ്കിലും കടം വാങ്ങേണ്ടി വരും, വന്നേക്കാം. പക്ഷേ, കടമെടുക്കുമ്പോള്‍ ശ്രദ്ധ നല്‍കുക. കാരണം കടം വാങ്ങുന്നത് ചെലവേറിയ ഏര്‍പ്പാടാണ്. ഭാവി വരുമാനം ഈടുവച്ചാണ് കടമെടുക്കുന്നത്. കടം കൂടുന്നത് അനുസരിച്ച് ഭാവിയില്‍ വരുമാന ഞെരുക്കമുണ്ടാകാനുള്ള സാധ്യതയും വര്‍ധിക്കുന്നു.

അതുകൊണ്ട് ദൈനം ദിന ചെലവുകള്‍ നിറവേറ്റുന്നതിനും മൂല്യം കുറയുന്ന വസ്തുക്കള്‍ ( ഉദാഹരണമായി, കാര്‍, സ്‌കൂട്ടര്‍, വീട്ടുപകരണങ്ങള്‍ , കംപ്യൂട്ടര്‍, മൊബൈല്‍ തുടങ്ങിയവ) വാങ്ങുന്നതിനുമായി കടം എടുക്കാതിരിക്കുക. ഇതിനര്‍ത്ഥം ഈ സൗകര്യങ്ങള്‍ വേണ്ടെന്നു വയ്ക്കണമെന്നല്ല. ഇവയൊക്കെ വാങ്ങുന്നതിനായി നേരത്തെ പ്ലാന്‍ ചെയ്ത് സമ്പാദ്യം നടത്തുക. ഇങ്ങനെ സമ്പാദിക്കുന്ന തുകകൊണ്ട് ഇത്തരം വസ്തുക്കള്‍ വാങ്ങണം. അത്യാവശ്യ സമയത്ത് ഈ വാങ്ങലുകള്‍ക്കായി ഭാഗികമായി മാത്രം കടമെടുക്കുക.

അതേസമയം മൂലധന വളര്‍ച്ചയുള്ള ആസ്തികള്‍ക്കായി (ഉദാഹരണത്തിന് വീട്, സ്ഥലം, സ്വര്‍ണം തുടങ്ങിയവ) കടമെടുക്കുക. അപ്പോഴും ഓര്‍മിക്കേണ്ട കാര്യം കടം ചെലവുള്ള ഏര്‍പ്പാടാണ്. കഴിയാവുന്നത്ര അത് ഒഴിവാക്കണം. ഇത് നമ്മുടെ സമ്പാദ്യവും സമ്പത്തും വര്‍ധിപ്പിക്കും. സാമ്പത്തിക സ്വാതന്ത്ര്യത്തിനു കരുത്തു പകരും.

ലക്ഷ്യത്തിനായി നിക്ഷേപിക്കുക. നമ്മുടെ ധനകാര്യ ലക്ഷ്യങ്ങള്‍ ഒരു കടലാസില്‍ എഴുതുക. അതില്‍ ദീര്‍ഘകാല ലക്ഷ്യങ്ങളും (റിട്ടയര്‍മെന്റ്, വീട്, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, സംരംഭം തുടങ്ങല്‍ തുടങ്ങിയവ) മുതല്‍ ഹൃസ്വകാല ലക്ഷ്യങ്ങളും (കാര്‍, വിദേശത്തു വിനോദ സഞ്ചാരം തുടങ്ങിയവ) ഉണ്ടാകും. ഇതു നിശ്ചയിച്ച് ഓരോ ലക്ഷ്യ സമ്പാദ്യം മാത്രം പോരാ. സമ്പാദിക്കുന്ന തുക നമുക്കു വേണ്ടി സമ്പത്തുണ്ടാക്കുന്ന ആസ്തികളില്‍ നിക്ഷേപിക്കുകയും വേണം. എങ്കിലേ ലക്ഷ്യമിടുന്ന സാമ്പത്തിക സ്വാതന്ത്ര്യത്തില്‍ എത്തിച്ചേരാന്‍ സാധിക്കുകയുള്ളു. പണപ്പെരുപ്പം നമ്മുടെ സമ്പാദ്യത്തിന്റെ ശക്തി ചോര്‍ത്തുന്നതാണ്. അതിനാല്‍ പണപ്പെരുപ്പത്തെ തോല്‍പ്പിക്കുന്ന വരുമാനത്തിനായി ശ്രമിക്കണം. അതിനു സഹായിക്കുന്ന നിരവധി നിക്ഷേപാസ്തികള്‍ നമുക്കു ലഭ്യമാണ്. ഈ ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള ഏകദേശ കാലയളവും നിശ്ചയിക്കണം.

ധനകാര്യ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്പുകളിലൊന്നാണ് സമ്പാദ്യം. കഴിയുന്നത്ര സമ്പാദിക്കുകയെന്നു പറഞ്ഞാല്‍ തങ്ങളുടെ ദൈനംദിന സന്തോഷങ്ങളും ആവശ്യങ്ങളും ഉപേക്ഷിച്ചുകൊണ്ടാവണമെന്നല്ല അര്‍ത്ഥമാക്കുന്നത്. അത്യാവശ്യമില്ലാത്ത ചെലവുകള്‍ ഉപേക്ഷിക്കാം. അല്ലെങ്കില്‍ നീട്ടി വയ്ക്കാം.

ധനകാര്യ ലക്ഷ്യങ്ങള്‍ അടിസ്ഥാനമാക്കി തങ്ങളുടെ സമ്പാദ്യം നിക്ഷേപിക്കുകയാണ് അടുത്ത പടി. റിസ്‌ക് എടുക്കാനുള്ള ശേഷി, റിണ്‍േ പ്രതീക്ഷ, നിക്ഷേപ കാലാവധി തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ നിക്ഷേപത്തിനുള്ള ആസ്തി തെരഞ്ഞെടുക്കുന്നു. ബാങ്ക് ഡിപ്പോസിറ്റ്, കടപ്പത്രങ്ങള്‍, ഓഹരി, മ്യൂച്വല്‍ ഫണ്ട്, സ്വര്‍ണം, ഭൂമി, വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങള്‍, വീട്, കാലാരൂപങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ആസ്തികള്‍ നിക്ഷേപത്തിനു ലഭ്യമാണ്. കാലയളവ് അനുസരിച്ച് യോജിച്ച ആസ്തി നിക്ഷേപത്തിനു തെരഞ്ഞെടുക്കുക.


ഉദാരണത്തിന്, റിട്ടയര്‍മെന്റ്. ഇതിനായി ദീര്‍ഘകാല നിക്ഷേപങ്ങളില്‍ പിപിഎഫ്, എന്‍പിഎസ്, ഇന്‍ഷുറന്‍സ്, ബാലന്‍സ്ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയവ) നിക്ഷേപം നടത്തുക.

പിപിഎഫിന് റിസ്‌ക് കുറവാണ്. റിട്ടേണ്‍ ഇടത്തരമാണ്. ഓഹരി ഫണ്ടുകളുടെ റിട്ടേണ്‍ ഉയര്‍ന്നതാണ് പക്ഷേ, റിസക് കൂടുതലാണ്. പക്ഷേ, ഓര്‍മിക്കുക ദീര്‍ഘകാലത്തില്‍ ഏറ്റവും കൂടുതല്‍ റിട്ടേണ്‍ നല്‍കുന്ന ആസ്തിയാണ് ഓഹരി. ഓഹരി മ്യൂച്വല്‍ ഫണ്ടുകളില്‍തന്നെ വൈവിധ്യമാര്‍ന്ന ഫണ്ടുകള്‍ ലഭ്യമാണ്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴി ഓഹരി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം നടത്തി വിപണിയുടെ വന്യമായ വ്യതിയാനത്തെ നേരിടുകയും ചെയ്യാം.

റിട്ടയര്‍മെന്റ് ഫണ്ട്

മികച്ച ചികിത്സാ സൗകര്യങ്ങളുടേയും ഭക്ഷണ ലഭ്യതയുടേയും പശ്ചാത്തലത്തില്‍ ആളുകളുടെ ജീവിതദൈര്‍ഘ്യം ഉയര്‍ന്നു നില്‍ക്കുകയാണ്. മാത്രവുമല്ല, സ്ത്രീകളുടെ ശരാശരി ജീവിതദൈര്‍ഘ്യം പുരുഷന്മാരേക്കാള്‍ കൂടൂതലാണുതാനും. അതുകൊണ്ടുതന്നെ റിട്ടയര്‍മെന്റ് കാലത്തിനായി സ്ത്രീകള്‍ക്കു കൂടുതല്‍ നിക്ഷേപം നടത്തേണ്ടതുണ്ട്. ജോലി ചെയ്തു വരുമാനമുണ്ടാക്കിക്കൊണ്ടിരുന്ന കാലത്തേക്കാള്‍ കൂടുതല്‍ കാലം ജോലിയില്ലാതെ, കൃത്യമായ വരുമാനമില്ലാതെ ജീവിക്കേണ്ടതായി വരും. അതിനാല്‍ നിലവിലെ ജീവിത നിലവാരം നിലനിര്‍ത്താനുള്ള നിക്ഷേപം (24 മണിക്കൂറും നമുക്കായി പണമുണ്ടാക്കിക്കൊണ്ടിരിക്കുന്ന ആസ്തികളില്‍) നടത്തുക. വരുമാനമുണ്ടാക്കി തുടങ്ങുമ്പോള്‍ തന്നെ റിട്ടയര്‍മെന്റ് നിക്ഷേപവും ആരംഭിക്കുക. വരുമാനം കിട്ടിക്കഴിഞ്ഞാല്‍ ആദ്യം നിങ്ങള്‍ക്കുള്ളതു നല്‍കണം. പിന്നീട് മാത്രം മറ്റു ചെലവുകളെല്ലാം. അതായത് റിയര്‍മെന്റിനുള്ള നിക്ഷേപം ആദ്യം നടത്തുകയെന്നര്‍ത്ഥം. റിട്ടയര്‍മെന്റ് ആകുമ്പോഴേയ്ക്കും വലിയൊരു നിധി ഇതുവഴി സ്വരൂപിക്കുവാന്‍ സാധിക്കും. ഇത് വാര്‍ധക്യകാലത്തെ സാമ്പത്തിക വ്യാധികളെ അകറ്റി നിര്‍ത്തും. സ്വാതന്ത്ര്യം അനുഭവപ്പെടുകയും ചെയ്യും.

അടിയന്തര ഫണ്ടിനു സമ്പാദിക്കാം

ഒരു മാസത്തെ ചെലവ് 25000 രൂപയാണെന്നു കരുതുക. അതായത് ഒരു വര്‍ഷം മൂന്നു ലക്ഷം രൂപ. ഒരുമിച്ചു തുക സമ്പാദിക്കുവാന്‍ സാധിക്കില്ലെന്നു കരുതുക. ചിട്ടിയില്‍ ചേരാം. അമ്പതു മാസത്തെ ചിട്ടി മാസം അയ്യായിരം രൂപ വീതം നിക്ഷേപം നടത്താം. അടുത്ത നാലുവര്‍ഷംകൊണ്ട് 2.4 ലക്ഷം രൂപയുടെ സമ്പാദ്യം ഉണ്ടാക്കാന്‍ സാധിക്കും. (ഇത്തരത്തില്‍ ഓരോ ലക്ഷ്യത്തിനായും ചിട്ടികള്‍ ഉപയോഗിച്ച് സമ്പാദിക്കാം.) പോസ്റ്റോഫീസ്, ബാങ്ക് റെക്കറിംഗ് ഡിപ്പോസിറ്റുകള്‍ പ്രതിമാസ സമ്പാദ്യത്തിനായി ഉപയോഗിക്കാവുന്ന മറ്റൊരു ഉപകരണമാണ്. സ്ഥിര നിക്ഷേപത്തിനുള്ള പലിശ ലഭിക്കുകയും ചെയ്യും.

മറ്റൊരു വഴി സേവിംഗ്‌സ് ചലഞ്ച് എന്നു വിളിക്കാം. ഒരു തുക ആദ്യ ആഴ്ചയില്‍ സേവിംഗ്‌സ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നു. അമ്പതു രൂപയെന്നു കരുതുക. രണ്ടാമത്തെ ആഴ്ചയില്‍ 100 രൂപ. മൂന്നാമത്തെ ആഴ്ച 150 രൂപ, നാലാമത്തെ ആഴ്ച 200 രൂപ ഇങ്ങനെ 52 ആഴ്ച നിക്ഷേപം നടത്തിപ്പോരുക. അമ്പത്തിരണ്ടാമത്തെ ആഴ്ചയാകുമ്പോള്‍ അക്കൗണ്ടിലെ തുക 68900 രൂപയാകും. ഇത്തരത്തില്‍ അടുത്ത മൂന്നോ നാലോ വര്‍ഷം നിക്ഷേപം നടത്തി ലക്ഷ്യത്തിലെത്താം. അമ്പതു രൂപ ചിലപ്പോള്‍ പ്രയാസമാകുമെങ്കില്‍ 25 രൂപയില്‍ തുടങ്ങുക. നാലു വര്‍ഷത്തിനു പകരം എട്ടു വര്‍ഷംകൊണ്ട് ലക്ഷ്യം കാണാം. ഈ നിധിയില്‍നിന്ന് അടിയന്തരാവശ്യത്തിനു പണം എടുക്കേണ്ടി വന്നാല്‍ ചെലവഴിച്ച തുക പിന്നീട് ഇതിലേക്കു തിരിച്ചടച്ച് പഴയ രീതിയിലാക്കാം. ഇത്തരത്തിലുള്ള ഒരു ഫണ്ട് നല്‍കുന്ന സാമ്പത്തിക ആത്മവിശ്വാസം അത്ര ചെറുതല്ലെന്ന് ഓര്‍മിക്കുക.

സ്വര്‍ണത്തില്‍ നിക്ഷേപവുമാകും പലിശയും കിട്ടും

സ്വര്‍ണത്തോട് സ്ത്രീകള്‍ക്ക് പ്രത്യേക സ്‌നേഹംതന്നെയുണ്ട്. ധരിക്കാന്‍ മാത്രമല്ല നിക്ഷേപമായും സ്വര്‍ണം വാങ്ങാറുണ്ട്. പ്രത്യേകിച്ചും പെണ്‍മക്കള്‍ ഉള്ള അമ്മമാര്‍. തങ്ങളുടെ മകള്‍ക്കു വിവാഹ സാനമായി നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വര്‍ണം വാങ്ങുന്നത്. സ്വര്‍ണം വാങ്ങുമ്പോള്‍ അതിനു ചില ചെലവുകള്‍ വരുന്നുണ്ട്. പ്രധാനമായിട്ടുള്ളത് മേക്കിംഗ് ചാര്‍ജ് ആണ്. ഇതു മാറ്റി വാങ്ങുവാന്‍ ചെല്ലുമ്പോള്‍ വേസ്റ്റിംഗ് ചാര്‍ജ് നല്കണം. ചുരുക്കത്തില്‍ സ്വര്‍ണത്തിന്റെ മൂല്യം കുറയുന്നു. നിക്ഷേപമെന്ന നിലയില്‍ തീര്‍ച്ചയായും സ്വര്‍ണത്തിനു പ്രാധാന്യമുണ്ട്. അനിശ്ചിതസമയങ്ങളില്‍ മികച്ച പ്രതിരോധ നിക്ഷേപമായിാണ് സ്വര്‍ണത്തെ കണക്കാക്കുന്നത്. ദീര്‍ഘകാലത്തില്‍ മൂലധന വളര്‍ച്ച സ്വര്‍ണം കാണിച്ചുപോരുന്നുണ്ട്. രണ്ടു തരത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താം. ഒന്ന് ഭൗതിക രൂപത്തിലുള്ള സ്വര്‍ണത്തില്‍. മറ്റൊന്ന് ഡീമാറ്റ് രൂപത്തില്‍.

സോവറിന്‍ ഗോള്‍ഡ് ബോണ്ട്

ഭൗതിക നിക്ഷേപത്തിനു പകരമായി ഗവണ്‍മെന്റ് പുറത്തിറക്കിയിുള്ള സ്വര്‍ണ നിക്ഷേപ പദ്ധതിയാണ് സ്വര്‍ണ ബോണ്ട്. ഇപ്പോള്‍ രാജ്യത്തു ലഭ്യമായ ഏറ്റവും മികച്ച സ്വര്‍ണ നിക്ഷേപ പദ്ധതിയാണിത്. ഗവണ്‍മെന്റിനുവേണ്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ബോണ്ട് പുറത്തിറക്കുന്നത്. ഇഷ്യു വില നല്‍കി നിക്ഷേപകന് സെബി അംഗീകൃത ബ്രോക്കറില്‍നിന്നു സ്വര്‍ണബോണ്ട് വാങ്ങാം. ഡീമാറ്റ് ഫോമിലായതിനാല്‍ സൂക്ഷിക്കാനും പ്രയാസപ്പെടേണ്ട. വിദേശ ഇന്ത്യക്കാര്‍ ഒഴികെ ഇന്ത്യക്കാര്‍ക്ക് സ്വര്‍ണ ബോണ്ടില്‍ നിക്ഷേപം നടത്താം.

സ്വര്‍ണ ബോണ്ടിന്റെ സവിശേഷതകള്‍

* കുറഞ്ഞ നിക്ഷേപം ഒരു ഗ്രാമാണ്. തുടര്‍ന്ന് ഒരു ഗ്രാമിന്റെ പെരുക്കത്തില്‍ നിക്ഷേപം നടത്താം. ഒരു വര്‍ഷം ഒരു വ്യക്തിക്ക് നാലു കിലോഗ്രാം സ്വര്‍ണത്തില്‍ നിക്ഷേപം നടത്താം. ഹിന്ദു അവിഭക്ത കുടുംബത്തിന് നാലു കിലോഗ്രാമും ട്രസ്റ്റുകള്‍ക്ക് 20 കിലോഗ്രാമാണ് പരമാവധി നിക്ഷേപ പരിധി.

* ബോണ്ട് ഇഷ്യു ചെയ്യുന്ന തീയതിയും ബോണ്ടിന്റെ വില്‍പ്പന വിലയും റിസര്‍വ് ബാങ്ക് പ്രഖ്യാപിക്കും. 999 ശുദ്ധ സ്വര്‍ണത്തിന്റെ (24 കാരറ്റ്) വിലയാണ് എടുക്കുന്നത്. ഇന്ത്യന്‍ ബുള്ളിയന്‍ ജ്വല്ലേഴ്‌സ് അസോസിയേഷന്‍ പ്രസിദ്ധീകരിക്കുന്ന വിലയാണ് സ്വീകരിക്കുക.

* ബാങ്ക്, സ്റ്റോക് ബ്രോക്കര്‍മാര്‍, സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പറേഷന്‍, നിശ്ചയിച്ചിട്ടുള്ള പോസ്റ്റോഫീസുകള്‍, എന്‍എസ്ഇ, ബിഎസ്ഇ എന്നിവിടങ്ങളില്‍നിന്നു ബോണ്ട് വാങ്ങാം.

* ബോണ്ടിന്റെ കാലാവധി എട്ടു വര്‍ഷമാണ്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ റിസര്‍വ് ബാങ്കില്‍നിന്നു റിഡംപ്ഷനുള്ള അറിയിപ്പ് കിട്ടും. റിഡംപ്ഷന്‍ വില അപ്പോഴത്തെ 999 സ്വര്‍ണത്തിന്റെ വിപണി വിലയായിരിക്കും.

* കാലാവധിക്കു മുമ്പേ റിഡീം ചെയ്യാനും അവസരമുണ്ട്. അഞ്ചുവര്‍ഷത്തിനുശേഷം പലിശ നല്‍കുന്ന സമയത്ത് ബോണ്ട് പണമാക്കി മാറ്റാം. ബോണ്ട് ഇഷ്യു നടത്തി 14 ദിവസത്തിനുശേഷം സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും. അതുവഴി ഏതു സമയത്തും ബോണ്ട് വില്‍ക്കാം.

* കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പ് ബോണ്ട് വിറ്റാല്‍ ലഭിക്കുന്ന മൂലധന വളര്‍ച്ചയ്ക്കു നികുതി നല്‍കണം. എന്നാല്‍ കാലാവധിക്കു മുമ്പേ ബോണ്ട് കൈമാറ്റം ചെയ്താല്‍ ഇന്‍ഡെക്‌സേഷന്‍ ബെനിഫിറ്റ് എടുക്കാം. കാലാവധി പൂര്‍ത്തിയാക്കി റിഡീം ചെയ്താല്‍ മൂലധന വളര്‍ച്ചയ്ക്കു നികുതി നല്‍കേണ്ടതില്ല.

* നിക്ഷേപത്തുകയ്ക്കും പലിശയ്ക്കും കേന്ദ്ര സര്‍ക്കാരിന്റെ ഗാരന്റിയുണ്ട്.

* ബോണ്ടിന്റെ മുഖവിലയില്‍ 2.5 ശതമാനം വാര്‍ഷിക പലിശ ലഭിക്കും. പലിശ അര്‍ധവാര്‍ഷികമായി നിക്ഷേപകന്റെ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യും. അവസാന ഗഡു പലിശ ബോണ്ട് കാലാവധിയാകുമ്പോള്‍ നിക്ഷേപത്തുകയ്ക്ക് ഒപ്പമാണ് ലഭിക്കുക. സ്വര്‍ണ വിലയുമായി ബന്ധിപ്പിച്ചുള്ള പലിശയാണ് കിട്ടുന്നത്. പലിശയില്‍ ടിഡിഎസ് പിടിക്കുകയില്ല

* ഡീമാറ്റ്, പേപ്പര്‍ രീതികളില്‍ ലഭ്യമാണ് .

* സ്വര്‍ണം പണയം വയ്ക്കുന്നതുപോലെ ബോണ്ട് ഈടു വച്ച് വായ്പ എടുക്കാം. സ്ത്രീകള്‍ക്കു ചെയ്യാവുന്നത് നിലവില്‍ കൈവശമുള്ള സ്വര്‍ണത്തെ ആഭരണമായി ധരിക്കാവുന്നത്, നിക്ഷേപത്തിനു യോജിച്ചത് എന്നിങ്ങനെ രണ്ടായി തിരിക്കാം. ആഭരണമായി സ്ഥിരം ധരിക്കുന്നതും വല്ലപ്പോഴുമെങ്കിലും ഉപയോഗിക്കുന്നതും ആ ആവശ്യത്തിനായിത്തന്നെ സൂക്ഷിച്ചു വയ്ക്കുക. ഒരിക്കലും ഉപയോഗിക്കാത്ത ആഭരണങ്ങള്‍, സ്വര്‍ണനാണയം, സ്വര്‍ണബാര്‍ തുടങ്ങിയവയൊക്കെ സ്വര്‍ണ ബോണ്ടാക്കി മാറ്റുക. പുതിയതു വാങ്ങുമ്പോള്‍ ധരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ സ്വര്‍ണ ബോണ്ടായി വാങ്ങുക. സാധാരണ കല്യാണാവശ്യത്തിനും ഭാവിയിലേക്കും മറ്റുമായിാണല്ലോ സ്വര്‍ണം സ്വരൂക്കൂട്ടുന്നത്. സ്വര്‍ണമായി ഇതു വാങ്ങുന്നതിനു പകരം സ്വര്‍ണ ബോണ്ടായി വാങ്ങാം. ഇവിടെ പണിക്കുറവും പണിക്കൂലിയുമൊന്നും നല്‍കേണ്ടതില്ല.

സ്വര്‍ണം വാങ്ങേണ്ട ആവശ്യം വരുമ്പോള്‍ ബോണ്ട് പണമാക്കി മാറ്റി ആഭരണം വാങ്ങാം. ഇതുവഴി സ്വര്‍ണം സ്വരൂക്കൂട്ടുന്നതിനുള്ള ചെലവു കുറയുന്നു. മേക്കിംഗ് ചാര്‍ജ് കുറയുന്നു. കൂടുതല്‍ സ്വര്‍ണം ഒരുമിച്ച് എടുക്കുവാനും ഡിസ്‌കൗണ്ട് നേടുവാനും സാധിക്കും. സ്വര്‍ണം സൂക്ഷിക്കാന്‍ ലോക്കര്‍ എടുക്കേണ്ട. വാര്‍ഷിക ചാര്‍ജും നല്‍കേണ്ടതില്ല. പലിശ ലഭിക്കുകയും ചെയ്യും.

ഗോള്‍ഡ് ഇടിഎഫ്

സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള മറ്റൊരു രീതിയാണ് ഗോള്‍ഡ് ഇടിഎഫ്. ഇതിനെ സ്വര്‍ണ മ്യൂച്വല്‍ ഫണ്ടെന്നു വിളിക്കുന്നു. ഓഹരി ബ്രോക്കര്‍ വഴി ഗോള്‍ഡ് ഇടിഎഫില്‍ നിക്ഷേപം നടത്താം. ആവശ്യമുള്ളപ്പോള്‍ വിറ്റഴിക്കുകയും ചെയ്യാം. ട്രേഡിംഗ് അക്കൗണ്ട് വഴി വാങ്ങുകയും ഡീമാറ്റ് അക്കൗണ്ടില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. ആഭ്യന്തര വിപണിയിലെ സ്വര്‍ണ വിലയെയാണ് ഗോള്‍ഡ് ഇടിഎഫ് പിന്തുടരുന്നത്. ആ വില അടിസ്ഥാനത്തിലാണ് ഓരോ ദിവസവും ഇതില്‍ വ്യാപാരം നടക്കുന്നത്. ഭൗതിക സ്വര്‍ണം വാങ്ങുന്നതിനേക്കാള്‍ വളരെ കുറഞ്ഞ ചെലവേ ഗോള്‍ഡ് ഇടിഎഫ് വാങ്ങുന്നതിനു വരുന്നുള്ളു. എന്നാല്‍ ബ്രോക്കര്‍ക്ക് സര്‍വീസ് ചാര്‍ജ് നല്‍കണം. മ്യൂച്വല്‍ ഫണ്ടു കമ്പനികള്‍ക്ക് ഫണ്ട് മാനേജ്‌മെന്റ് ചാര്‍ജും നല്‍കണം.